കശ്മീരിനെ അശാന്തിയുടെ താഴ്‌വരയാക്കിയാല്‍ ആര്‍ക്കാണ് ലാഭം

Web Desk
Posted on August 02, 2019, 9:56 pm

രാഷ്ട്രീയ ലേഖകന്‍

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെയ്ക്ക് പോവുകയാണ്. പ്രതീക്ഷിച്ചതിലും വൈകിയാണവിടത്തെ തെരഞ്ഞെടുപ്പ് തീയതി തന്നെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പാവാമെന്നതായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഇതുപക്ഷെ നരേന്ദ്രമോഡി സര്‍ക്കാര്‍ സമ്മതം മൂളിയില്ല. വീണ്ടും അധികാരത്തിലെത്തിയശേഷമാണ് കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രം ചില താല്‍പര്യങ്ങള്‍ കാണിച്ചുതുടങ്ങിയത്. സംഘപരിവാറിന്റെ ആ താല്‍പര്യത്തെ വെറുതെ രാഷ്ട്രീയമായി കാണാനാവില്ല.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവുമെല്ലാം പാടെ തച്ചുതകര്‍ക്കുന്നതിലേക്കാണ് സംഘപരിവാറിന്റെ ഈ കശ്മീര്‍ മോഹം. രാഷ്ട്രീയമായി മുതലെടുക്കുന്നതിനൊപ്പം അന്ധമായ വൈരം തീര്‍ക്കലും കോര്‍പറേറ്റുകള്‍ക്ക് ആധിപത്യം ഉറപ്പിക്കുന്നതിനുമെല്ലാം മോഡിയും സംഘപരിവാറും ഇതിലൂടെ ഉന്നം വയ്ക്കുന്നുണ്ട്. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രവാക്യം മുഴക്കിയാണ് സംഘ്പരിവാറുകാര്‍ കശ്മീരിന്റെ കാര്യത്തില്‍ അഴിഞ്ഞാടുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ കശ്മീരിന് നിഷേധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എത്രയും പെട്ടെന്ന് റദ്ദാക്കുമെന്ന് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു. 35എ അസംബന്ധ നിയമമാണെന്നും പാര്‍ലമെന്റിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരമില്ലാതെ പിന്‍വാതിലിലൂടെയാണ് 35എ നടപ്പാക്കിയതെന്നുമാണ് കശ്മീരിലെ ബിജെപി ഘടകത്തിന്റെ ആരോപണം.

യഥാര്‍ഥത്തില്‍ ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പിന്‍ബലത്താലാണ് കശ്മീരില്‍ കുത്തകകള്‍ക്ക് കുടിയേറ്റം നടത്താനും അധീശത്വം സ്ഥാപിക്കാനും കഴിയാതിരിക്കുന്നത്. കശ്മീരിനെ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും കുത്തകകള്‍ക്കും എറിഞ്ഞുകൊടുക്കുന്ന ആസൂത്രിത നീക്കമാണ് സംഘപരിവാറും നരേന്ദ്രമോഡി സര്‍ക്കാരും ചെയ്യുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് തുടങ്ങി കശ്മീരില്‍ വേരോട്ടമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ ഖിന്നരാണ്. ഇതിലെ അപകടം സംബന്ധിച്ച് ഇവരെല്ലാം മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം റദ്ദാക്കരുതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പദവി റദ്ദാക്കാന്‍ മോഡിക്ക് കഴിയില്ലെന്നും 370, 35എയും സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിനെ അശാന്തിയുടെ താഴ്‌വരയാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തരം കൊണ്ടുവന്ന നിയമനിര്‍മാണമാണ് കശ്മീരിനെ ഇന്നും ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്തുന്നത്. പക്ഷെ ഈ ചരിത്രസത്യത്തെ മറച്ചുവച്ചാണ് സംഘ്പരിവാര്‍ ഇവിടെ തെറ്റായ വര്‍ഗീയ പ്രചാരങ്ങള്‍ നടത്തുന്നത്. സ്വാതന്ത്ര്യരാത്രിയില്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കുക എന്നതുമാത്രമായിരുന്നു അന്ന് നിലവിലുണ്ടായ 522 നാട്ടുരാജ്യങ്ങളുടെ പോംവഴി. പക്ഷെ, കശ്മീരും ഹൈദരാബാദും തിരുവിതാംകൂറും ജൂനഗഢുമെല്ലാം സ്വാതന്ത്ര രാജ്യങ്ങളായി നിലകൊള്ളാനാണ് ആഗ്രഹിച്ചതും അവസാനം വരെ പോരാടിയതും. കശ്മീരും ഗുജറാത്തിലെ ജൂനഗഢും ഇന്ത്യക്കുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. ജമ്മു കശ്മീര്‍ നിവാസികളില്‍ ഭൂരിപക്ഷവും മുസ്‌ലിങ്ങളും അവിടത്തെ രാജാവ് ഹൈന്ദവ വിശ്വാസിയുമായിരുന്നു. ജൂനഗഢിലെ അവസ്ഥ കശ്മീരില്‍നിന്ന് നേര്‍വിപരീതവും. ജനങ്ങള്‍ ഭൂരിഭാഗവും ഹൈന്ദവരും രാജാവ് ഇസ്‌ലാം മതവിശ്വാസിയും. എന്നിട്ടും പാകിസ്ഥാനോടൊപ്പം ചേരണമെന്നായിരുന്നു ജൂനഗഢിന്റെ മോഹം. ഇത് ഇന്ത്യ അംഗീകരിച്ചില്ലെന്നു മാത്രമല്ല, പാകിസ്ഥാനോട് കരാറില്‍നിന്ന് പിന്മാറാനും ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ ജൂനഗഢ് അധികാരപ്പെടുത്തിയത്.

കശ്മീരില്‍ ഒരുവിഭാഗം ആളുകള്‍ പാകിസ്ഥാനൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പ്രക്ഷോഭം നടത്തി. അവരെ ഹരിസിങ് രാജാവ് നേരിട്ടത് നിറതോക്കുകളോടെയായിരുന്നു. ആയിരക്കണക്കിനാളുകളാണ് അന്ന് കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. പാകിസ്ഥാന്റെ സഹായത്തില്‍ പഠാന്‍ ഗോത്രക്കാര്‍ കശ്മീരിനെ ആക്രമിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കശ്മീര്‍ രാജാവ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ അന്നത്തെ ഭരണകൂടം കൈമലര്‍ത്തിയതും ചരിത്രമാണ്. പിന്നീട് പ്രത്യേക നിബന്ധനകളോടെ ഇന്ത്യയില്‍ ലയിക്കാന്‍ കശ്മീര്‍ തയാറായി. പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നിവയില്‍ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും കശ്മീരിനായിരിക്കും അധികാരം എന്നതായിരുന്നു കരാറിലെ വ്യവസ്ഥകള്‍. 1947 ഒക്ടോബര്‍ 26ന് കശ്മീരിലെ ഹരിസിങ് രാജാവും ബ്രട്ടീഷ് ഗവര്‍ണര്‍ ലോഡ് മൗണ്ടനും തമ്മില്‍ ഒപ്പിട്ട ഇന്‍സ്ട്രുമെന്റ് ഓഫ് അസഷനാണ് പിന്നീട് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370ല്‍ ഇടംപിടിച്ചത്.
ഇന്നിപ്പോള്‍ ലോകത്തെ കരുത്തനെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും കശ്മീരിന്റെ കാര്യത്തില്‍ എടുക്കുന്ന നിലപാടുകള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്. ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് കശ്മീരിനു നല്‍കിയ പദവി താല്‍ക്കാലികമല്ലെന്നാണ് സുപ്രിംകോടതി വിധികളില്‍ പറയുന്നത്. സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെക്കുറിച്ച് അജ്ഞത നടിക്കുകയും കശ്മീര്‍ ഇന്ത്യയുടെ സ്വര്‍ഗമാണെന്നുപോലും വാഴ്ത്തിയ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയും ചെയ്ത ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിലപാടുകള്‍ ഏറെ സംശയങ്ങളും ആശങ്കകളുമുണ്ടാക്കുന്നതാണ്. പാകിസ്ഥാനുമായുള്ള ജമ്മു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന മോഡിയുടെയും ഷായുടെയും കശ്മീര്‍ രാഷ്ട്രീയ‑കച്ചവട തന്ത്രങ്ങളുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. മധ്യസ്ഥത വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്നാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. മോഡിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രത്യാശയും ട്രംപ് പങ്കുവയ്ക്കുന്നുമുണ്ട്.
കശ്മീര്‍ പ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാകുന്നതിന് നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തണമെന്ന് ആഹ്വാനം ചെയ്ത ആളാണ് ഇമ്രാന്‍ ഖാന്‍.

തെരഞ്ഞെടുപ്പിനുശേഷം പക്ഷെ തര്‍ക്കം തുടരുന്ന രീതിയിലാണ് സന്ധികള്‍ നീളുന്നത്. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നരേന്ദ്രമോഡി തന്നോട് സഹായം ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവന ഒരുവേള ഇന്ത്യയെയും പാകിസ്ഥാനെയും അമ്പരപ്പിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലുള്‍പ്പടെ ഇത് പ്രതിഷേധത്തിനിടയാക്കി. ട്രംപ് സ്വമേധയാ സഹായവാഗ്ദാനം നല്‍കിയതാണെന്ന വിശദീകരമണമാണ് സര്‍ക്കാര്‍ നടത്തിയതെങ്കിലും മോഡി ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിക്കാനും നിന്നില്ല. ജനാധിപത്യവും രാഷ്ട്രീയ മാന്യതയും രാജ്യതാല്‍പര്യവും കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.