June 7, 2023 Wednesday

ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?

രമേശ് ബാബു
January 30, 2020 4:03 am

‘ലക്ഷ്യത്തിനായി പോരാടുമ്പോള്‍, ഗാന്ധിജി മനുഷ്യവംശത്തിനു നല്‍കിയ അഹിംസയെന്ന മഹത്തായ സമ്മാനത്തെ മറന്നുപോകരുത്. ഒരു സംഗതി ശരിയാണോ, തെറ്റാണോ എന്ന് നിശ്ചയിക്കാന്‍ കഴിവുള്ളതാണ് ഗാന്ധിജിയുടെ ഈ രക്ഷാകവചം. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിനും അത് ബാധകമാണ്.’ ഭാരതം 71-ാം റിപ്പബ്ലിക് ദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞ വാക്കുകളാണ് മേലുദ്ധരിച്ചത്. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വാഴുമ്പോഴാണ് രാജ്യത്ത് ഇപ്പോള്‍ നടമാടുന്ന സംഘര്‍ഷങ്ങള്‍ക്കും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പോംവഴി ഗാന്ധിമാര്‍ഗമാണെന്ന് രാഷ്ട്രപതി വ്യംഗ്യമായി സൂചിപ്പിക്കുന്നത്. രാഷ്ട്രപിതാവിന്റെ വധത്തിന് പിന്നിലെ ഗൂഢാലോചനകളുടെ മായാത്ത നിഴല്‍ വീണുകിടക്കുന്ന ഹെെന്ദവ തീവ്രവാദ സംഘടനകള്‍ ‘ഗാന്ധിവധം’ ഇപ്പോഴും തുടരുന്നതിനിടയില്‍ രാഷ്ട്രപതിയുടെ വാക്കുകള്‍ വെെരുദ്ധ്യാത്മകമായി അനുഭവപ്പെടുന്നു.

ആധുനിക ഇന്ത്യാചരിത്രത്തിലെ ആഴമേറിയ വെെരുദ്ധ്യങ്ങളോട് സംവദിച്ചുകൊണ്ടാണ് ഗാന്ധിജി പൊതുജീവിതത്തിലേക്ക് കടക്കുന്നത്. ഒടുവില്‍ വെെരുദ്ധ്യങ്ങളെ അസാധാരണമാംവിധം അ­ദ്ദേഹം സംഗ്രഹിക്കുകയും വാക്കും പ്രവൃത്തിയും ഒന്നായ ജീവിതത്തിലൂടെ തുറന്നിടുകയും ചെയ്ത് ഈ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗാന്ധി എന്ന സംജ്ഞയെ ഒരു മഹത്ജന്മം എന്നതിനേക്കാള്‍ ആ­ധുനിക മനുഷ്യമനസിന്റെ കണ്ടെത്തലുകളുടെ പാരമ്യതയായ് ഇന്ന് നിര്‍വചിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയും ഏതു ചരിത്ര സന്ധിയിലും ഗാന്ധിജി ഒരു രൂപകമായി മാറിയിരിക്കുകയാണ്. ഈ രൂപകത്തെ ഏറെ നാളായി ഭയപ്പെടുന്നവര്‍ പലതരത്തിലും തേജോവധം നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.

ജീവിതത്തെ ആഴത്തില്‍ അറിഞ്ഞുകൊണ്ട് നിസ്വനായി ജീവിച്ചയൊരാള്‍, സ്വയം ത്യജിക്കുന്ന മനുഷ്യന്‍, പരിത്യാഗാത്മകമായ മാനവികത ഉയര്‍ത്തിപ്പിടിക്കുകയും സ്വായത്തമാക്കുകയും ചെ­യ്തൊരാള്‍… ഇത്തരം ഒരു ജന്മത്തെ സ്വന്തം താല്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഭരണാധികാരികള്‍ എങ്ങനെ ഭയക്കാതിരിക്കും. സമീപകാലത്ത് ഒട്ടേറ സംഭവങ്ങളാണ് ഈ ദിശയില്‍ ഇന്ത്യയില്‍ അരങ്ങേറിയത്. ഗാന്ധിജിയുടെ അനുയായിയും സമകാലികനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ അംഗവുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ വാശിയോടെ നിര്‍മ്മിച്ച് ഖ്യാതി പരത്തുക. ഗാന്ധിജയന്തികള്‍ ഗാന്ധിയന്‍മാരെക്കാള്‍ വീറോടെ ആഘോഷിച്ച് മഹത്വം പിന്‍പറ്റുക. ഒളിഞ്ഞും തെളിഞ്ഞും ഗാന്ധി ഘാതകനെ ദേശഭക്തനായി ചിത്രീകരിച്ച് ചര്‍ച്ചകളിലും ചരിത്രത്തിലും സജീവമായി നിലനിര്‍ത്തുക, വേട്ടയാടുന്ന ചരിത്രബോധത്തില്‍ നിന്ന് രക്ഷനേടാനായി ഗാന്ധി സ്മൃതിചിഹ്നങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുക തുടങ്ങി എത്രയെത്ര വഴികളാണ് ഗാന്ധിയെന്ന രൂപകം സൃഷ്ടിക്കുന്ന ഭയത്തില്‍ നിന്ന് രക്ഷനേടാന്‍ അന്യവല്‍കൃത ഭരണാധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഡല്‍ഹിയിലെ ഗാന്ധിസ്മൃതി മന്ദിരമായ ബിര്‍ള ഹൗസില്‍ നിന്ന് മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചുകിടന്ന ചിത്രങ്ങള്‍ നീക്കം ചെയ്തത് ഒരു ഉദാഹരണം. ബാപ്പുവിന്റെ ഘാതകരുടെ പിന്‍തലമുറ ചരിത്ര പ്രമാണങ്ങളെപോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗാന്ധിജിയുടെ പൗ­ത്രന്‍ തുഷാര്‍ ഗാന്ധിയുടെ പ്രതികരണം. നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിച്ചുവീണ ബിര്‍ള ഹൗസാണ് പിന്നീട് ഗാന്ധിസ്മൃതി മന്ദിരമാക്കിയത്. 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റു വീഴുമ്പോള്‍ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രെസന്‍ പകര്‍ത്തിയ അന്ത്യനിമിഷങ്ങളുടെ ചിത്രങ്ങളാണ് ബിര്‍ള ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വിശ്വപ്രസിദ്ധനായ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ നടുക്കുന്ന ചിത്രങ്ങള്‍ തലമുറയോട് ചരിത്ര കഥനം നടത്തുന്നത് വര്‍ഗീയത അധികാരവഴിയായി അവലംബിച്ചവര്‍ക്ക് എന്നും അസഹനീയമായിരുന്നു. ചിത്രങ്ങള്‍ പഴകി പോയതുകൊണ്ടാണ് മാറ്റിയതെന്നും ഡിജിറ്റലെെസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ ഭാഷ്യം. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങള്‍ എത്ര പഴകിയാലും ഒരു ചരിത്രസൂചികയും ഓര്‍മ്മപ്പെടുത്തലുമാണ്.

ഗോഡ്സെ വെടിവയ്ക്കാനുപയോഗിച്ച ബെറെറ്റ പിസ്റ്റളിനും പ്രദര്‍ശന ഹാളില്‍ നിന്ന് സ്ഥാനചലനം ഇടയ്ക്ക് സംഭവിച്ചിരുന്നു. യേശുക്രിസ്തുവിനെ സത്യഗ്രഹികളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിച്ച ഗാന്ധിജി സ്വജീവിതംകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ക്രിസ്തുവായി മാറുകയായിരുന്നു. രണ്ട് ജീവിതങ്ങളുടെ വഴിയും രക്തസാക്ഷിത്വവും സമാനമാണ്. ശ്രീരാമന്‍, യേശു, വര്‍ദ്ധമാന മഹാവീരന്‍, ബുദ്ധന്‍, വിവേകാനന്ദന്‍, ടോള്‍സ്റ്റോയ്, തോറോ, റസ്കിന്‍ എന്നിവരുടെ ആശയസംഹിതയിലൂടെ രൂപപ്പെടുത്തപ്പെട്ട ഗാന്ധിജിയുടെ വ്യക്തിത്വം പാരമ്പര്യത്തിന്റെ പരിവേഷത്തിനുള്ളില്‍ ആധുനികമൂല്യങ്ങളുടെ സമര്‍ത്ഥനമാണ് നിറവേറ്റിയത്. ജീവിത കാലയളവില്‍ അദ്ദേഹത്തിന് വന്നുപോയ മാനുഷികമായ പിഴവുകളെയും മുന്‍വിധികളെയും വിമര്‍ശകര്‍ക്ക് മുന്‍പേ അദ്ദേഹം തന്നെ തിരിച്ചറിയുകയും തുറന്നുപറയുകയും ചെയ്തിരുന്നു. ഇന്ത്യാചരിത്രത്തെ മാറ്റാനും ഭീരുക്കളെ വീരന്‍മാരാക്കാനും നടക്കുന്നവര്‍ക്ക് ഒട്ടും ഗ്രഹിക്കാന്‍ കഴിയാത്ത പ്രതിരൂപമായിപ്പോയി ഗാന്ധിജി. രാമനും ഗീതയും യോഗയും ധ്യാനവുമൊക്കെ വിഭജനോപാധിയാക്കി മാറ്റി രാഷ്ട്രീയ വിപണനം ചെയ്യുന്നവര്‍ ഇതൊക്കെ സൂക്ഷ്മാംശത്തില്‍ ഉള്‍ക്കൊണ്ടരാളുടെ യശസിനെ എന്നും ഭയന്നുകൊണ്ടിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.