കോട്ടയം പായിപ്പാട്ട് അറസ്റ്റിലായ ‘മേസ്തിരി റിഞ്ചു’ എന്ന മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന്

Web Desk

ചങ്ങനാശ്ശേരി

Posted on March 30, 2020, 6:15 pm

പായിപ്പാട് ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി റോഡ് ഉപരോധിച്ച സംഭവത്തിൽ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ നാളായി മുഹമ്മദ് റിഞ്ചു കേരളത്തിൽ ജോലി ചെയ്തു വരികയാണ്. മേസ്തിരി പണിക്കാരനായ മുഹമ്മദ് റിഞ്ചു ആളത്ര നിസ്സാരക്കാരനല്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതോടെ തൊഴിലാളികള്‍ സംഘടിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ മറ്റു തൊഴിലാളികളോട് സംഘം ചേര്‍ന്ന് എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.

റിഞ്ചുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകൾ കണ്ടെത്തിയിരുന്നു. കൂടാതെ കേരളത്തിൽ ജോലി തേടിയെത്തിയിട്ടുള്ളവരുടെ പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. ഇതിലൂടെയാവണം വ്യാജ സന്ദേശങ്ങളയച്ച് തൊഴിലാളികളെ കൂട്ടിയതെന്നാണ് പൊലീസ് കരുതുന്നത്. അതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി വിവിധ ഭാഷ കൈകാര്യം ചെയ്യുന്നവരുടെ നേതൃത്വത്തിൽ ഫോൺ പരിശോധിച്ചു വരുകയാണ്. ഇയാളുടെ പക്കലുണ്ടായിരുന്ന ഫോണുകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രതിഷേധിച്ചതും സമൂഹ അകലം പാലിക്കാതെ കൂട്ടം കൂടിയതും ഗൂഢാലോചനയാണെന്ന വിവരം നേരത്തെ വ്യക്തമായിരുന്നു. വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ പായിപ്പാട്ടെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ദൃശ്യമാധ്യമ സംഘം എത്തുകയും ഇവരുടെ പ്രതികരണം എടുക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് ദൃശ്യമാധ്യമങ്ങൾ ഇവിടെ എത്തിച്ചേർന്നതും ദുരൂഹത വർധിപ്പിച്ചിരുന്നു. തൊഴിലാളികൾ സംഘടിച്ച് റോഡ് ഉപരോധിക്കാൻ തുടങ്ങിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളുകളെ സംഘടിപ്പിച്ചത് മുഹമ്മദ് റിഞ്ചുവാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26ന് തൊഴിലാളികള്‍ ആവശ്യത്തിന് ഭക്ഷണമോ പണമോ ഇല്ലാത്ത അവസ്ഥയിലാണെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഭക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. നാട്ടിലേയ്ക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ 11ന് പൊടുന്നനെ തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

പാകം ചെയ്ത ഭക്ഷണം നൽകാനാണ് നടപടിയെടുത്തിരുന്നതെങ്കിലും കേരളീയ ഭക്ഷണം തൊഴിലാളികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കുകയും ചെയ്തു. കൂട്ടമായി പ്രതിഷേധിച്ചാല്‍ കാര്യങ്ങള്‍ വാര്‍ത്തയാകുമെന്നും ഇതിലൂടെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് തൊഴിലാളികളെ ഇളക്കിവിട്ടതെന്ന് സൂചനയുണ്ട്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിൽനിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. 22മുതല്‍ ലോക് ഡൗണ്‍ ആരംഭിച്ചതിനാല്‍ ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയിലായി ഇവര്‍. മദ്യവും പുകയില ഉല്‍പന്നങ്ങളും ലഭ്യമാകാത്ത അവസ്ഥ കൂടി ആയതോടെ തൊഴിലാളികള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായി. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാനുള്ള പരിശ്രമം പൊതുഗതാഗതം നിര്‍ത്തിയതോടെ അസാധ്യവുമായി. നാട്ടില്‍ നിന്നും ബന്ധുക്കളുടെ ഫോണ്‍ സന്ദേശങ്ങള്‍ കൂടുതല്‍ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കി. ഇത് മുതലെടുത്ത് ചിലര്‍ ഇവരെ തെരുവിലിറക്കുകയായിരുന്നു. അതിഥി തൊഴിലാളികളെയെത്തിച്ച ചില കരാറുകാർ ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നാണ് അധികൃതരുടെ നിഗമനം.

ജില്ലാ കളക്ടറും എസ് പിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോകുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും താമസവും സംബന്ധിച്ചുള്ള ആശങ്ക സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചിട്ടുള്ള ഷെല്‍ട്ടര്‍ ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും പലരും പങ്കെടുക്കാന്‍ മടിച്ചു. താലൂക്ക് അധികൃതരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍, ജില്ലാ കളക്ടര്‍ പി കെ സുധീര്‍ബാബു, ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. സ്വയം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം തുടരുമെന്നും ലോക് ഡൗണ്‍ കഴിയുമ്പോള്‍ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുമെന്നും കളക്ടര്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.

YOU MAY ALSO LIKE THIS VIDEO