Web Desk

March 07, 2020, 4:30 am

തിരുവനന്തപുരത്തെ അനിഷ്ടസംഭവങ്ങള്‍ക്ക് ആരാണ് ഉത്തരവാദി?

Janayugom Online

തിരുവനന്തപുരം നഗരത്തില്‍ ബുധനാഴ്ച ഒരു സ്വകാര്യ ബസ് റൂട്ട് തെറ്റിച്ച് ഓടുകയും കെഎസ്ആര്‍ടിസി ബസ്ബേയില്‍ അനധികൃതമായി കടന്നുകയറി യാത്രക്കാരെ വിളിച്ചുകയറ്റുകയും ചെയ്തത് ഏറെ വിവാദമായ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായി. വഴയില‑തമലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് റൂട്ട് തെറ്റിച്ച് ആറ്റുകാലിലേക്ക് സര്‍വീസ് നടത്താന്‍ ശ്രമിച്ചത്. ഈ സ്വകാര്യ ബസ് ഇതിനുമുമ്പും റൂട്ട് തെറ്റിച്ച് ഓടുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരുമായി തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ബുധനാഴ്ച കാലത്ത് ഒമ്പതരയ്ക്ക് തര്‍ക്കം ഉടലെടുത്തപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറെ വിവരം അറിയിക്കുകയും തര്‍ക്കപരിഹാരത്തിന് പൊലീസ് ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതിനുവേണ്ടി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ തര്‍ക്കത്തില്‍ ഇടപെട്ട് മടങ്ങിപ്പോയി.

ഏതാനും സമയത്തിനുശേഷം മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം കെഎസ്ആര്‍ടിസിയുടെ ഡിടിഒയെ ഡ്യൂട്ടിക്കിടയില്‍ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതാണ് അനിഷ്ടസംഭവങ്ങളിലേക്ക് നയിച്ചത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ ജാമ്യത്തില്‍ വിട്ടയയ്ക്കുന്നതിനു പകരം ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു പൊലീസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ജാമ്യമില്ലാ വകുപ്പുപ്രകാരം കസ്റ്റഡിയില്‍ വയ്ക്കുകയും മറ്റ് രണ്ട് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതാണ് മിന്നല്‍ പണിമുടക്കിലേക്കും നേരത്തെതന്നെ ഹൃദ്രോഗിയായിരുന്ന ഒരു യാത്രക്കാരന്റെ മരണത്തിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതസ്തംഭനത്തിലേക്കും യാത്രക്കാരുടെ ദുരിതത്തിലേക്കും നയിച്ചത്. മിന്നല്‍ പണിമുടക്കിനെ യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ല.

എന്നാല്‍ അതിന് തൊഴിലാളികളെ നിര്‍ബന്ധിതമാക്കിയ സാഹചര്യവും ഉത്തരവാദികളായവരും മാന്യത നടിക്കുന്നതും അവര്‍ ത­ങ്ങളുടെ വിവേകരഹിതമായ നടപടികളുടെ പേ­രി­­­­­ല്‍ ജനവികാരത്തിന്റെ മറവില്‍ രക്ഷപ്പെടുന്നതും നീതീകരിക്കാനാവില്ല. ഫോര്‍ട്ട് പൊലീസ് സ്റ്റേ­ഷനില്‍ ജാമ്യമില്ലാ വ്യവസ്ഥയനുസരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ കസ്റ്റഡിയി­ല്‍ വച്ചതാണ് കെഎസ്­ആര്‍ടിസി ജീവനക്കാരെ പ്ര­കോപിപ്പിച്ചത്. ഡിടിഒയുടെ പേരില്‍ നടപടി അ­നിവാര്യമായിരുന്നെങ്കില്‍ തന്നെ പൊതുമേഖലാ സ്ഥാപനത്തിലെ ഉ­ത്തരവാദിത്തപ്പെട്ട ഉ­ദ്യോ­ഗസ്ഥനെന്ന നിലയില്‍ അയാളെ ജാമ്യത്തി­ല്‍ വിട്ടയച്ചും നടപടി സ്വീകരിക്കാനാവുമായിരുന്നു. എന്നാല്‍ തികച്ചും വിവേകരഹിതമായ പൊ­ലീസ് നടപടിയാണ് അ­ത്യന്തം ദൗര്‍ഭാഗ്യകരമാ­യ സംഭവങ്ങളിലേക്ക് നയിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരെ നേരിടാന്‍ തിരക്കേറിയ കിഴക്കേക്കോട്ടയിലും സമീപ സ്റ്റേഷനുകളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയാണ് കിഴക്കേക്കോട്ടയെ നാഥനില്ലാക്കളരിയാക്കി മാറ്റിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ ഗതാഗത വകുപ്പ് മന്ത്രിയേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടും സമയോചിതമായ ഇടപെടലിനും പ്രശ്നപരിഹാരത്തിനും അനാവശ്യമായ കാലതാമസം ഉണ്ടായി. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈകഴുകി മാറിനില്‍ക്കാനാവില്ല. മാത്രമല്ല, പ്രശ്നത്തില്‍ ഇടപെട്ട ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ക്ക് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പരിഹാരം കാണാന്‍ ഏറെ സമയം വേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമാണ്. കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യ ബസ്ജീവനക്കാരും തമ്മില്‍ ഇടക്കിടെ ഉണ്ടാവുന്ന പ്രശ്നങ്ങളില്‍ പൊലീസ് പലപ്പോഴും പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നതായി പരാതിയുണ്ട്.

അവയ്ക്ക് ന്യായമായ പരിഹാരം കാണുന്നതിനു പകരം അത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ദുഷ്ടലാക്കിനു പിന്നില്‍ എന്താണെന്ന് മാലോകര്‍ തിരിച്ചറിയുന്നുണ്ട്. ബുധനാഴ്ച ഉണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ പരിഹരിക്കാന്‍ നിഷ്പക്ഷവും വിവേകപൂര്‍ണവുമായ സമീപനം പൊലീസിന് ഉണ്ടാവണം. ‘ക്ഷീരമുള്ള അകിട്ടിലെ ചോരയില്‍ കൗതുകം’ വച്ചുപുലര്‍ത്തുന്ന പൊലീസ് സംസ്കാരം അവസാനിപ്പിക്കണം. പൊലീസ് നടപടിയിലെ വീഴ്ച മൂലം അത്യന്തം ദുര്‍ബലമായ ഒരു പൊതുമേഖല സ്ഥാപനത്തിനുനേരെ പൊതുജനാഭിപ്രായം തിരിച്ചുവിടാന്‍ ഇടയായത് അപലപനീയമാണ്. ഇത്തരം പ്രശ്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ദുരിതമാകാതെ നോക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ബാധ്യതയുണ്ട്. മിന്നല്‍ പണിമുടക്കുപോലെ ജനവിരുദ്ധമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരും അവരുടെ സംഘടനകളും തയ്യാറാവണം.