19 April 2024, Friday

Related news

August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 14, 2023
August 14, 2023
August 14, 2023

സ്വാതന്ത്ര്യത്തിന് ആരാണ് ഭീഷണി?

ഡി രാജ
August 15, 2022 5:15 am

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മതനിരപേക്ഷവും നാനാത്വം നിറഞ്ഞതുമായ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ സ്വന്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നത് ചരിത്രത്തിലെ വിരോധാഭാസമാണ്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാരോട് വിശ്വസ്തത പുലർത്തിയ കൂട്ടരാണവർ.
എഴുപത്തഞ്ച് വർഷം മുമ്പ്, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പിടിയിൽ നിന്ന് രാജ്യത്തെ ജനങ്ങൾ മോചിതരായത് സുപ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായി വിവിധ രാഷ്ട്രീയ ധാരകളും പ്രത്യയശാസ്ത്രങ്ങളും കൂടിച്ചേർന്ന് ഒരു നൂറ്റാണ്ട് നീണ്ടുനിന്ന ജനകീയ സമരത്തിന്റെ ഫലമായിരുന്നു രാജ്യത്തിന്റെ മോചനം. ബ്രിട്ടീഷുകാരെ തുടച്ചുനീക്കാനുള്ള മുന്നേറ്റം മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു അജണ്ട കൂടി അടങ്ങിയതായിരുന്നു ദേശീയപ്രസ്ഥാനം. ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും അസമത്വത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള സാമൂഹിക പരിഷ്കരണങ്ങളുടെ അജണ്ട സ്വാതന്ത്ര്യത്തിനായി ഒരുമിച്ച പ്രത്യയശാസ്ത്ര ധാരകൾ തമ്മിലുള്ള സംവാദത്തിന്റെ ഫലമായിരുന്നു. അതിൽ പ്രധാനമായത് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും നയത്തിലൂടെയും പരിപാടിയിലൂടെയും ഉരുത്തിരിഞ്ഞവയാണ്. ഈ ആശയങ്ങളുടെ സംവാദം കൊളോണിയലിസത്തിനെതിരായ പോരാട്ടത്തെ ഏറ്റവും മികച്ച രീതിയിൽ നയിക്കാനുള്ള കരുത്ത് സൃഷ്ടിച്ചു. ഭാവി റിപ്പബ്ലിക്കിനും ഭരണകൂടത്തിനും മതേതരത്വവും ക്ഷേമസങ്കല്പവും ചേർന്ന ഒരു രൂപം നൽകി. ഈ മൂല്യങ്ങൾ ഇന്ന്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിക്കാതെ ബ്രിട്ടീഷുകാരോടൊപ്പം നിന്ന സംഘടനയിൽ നിന്നുള്ള ഭീഷണിയിലാണ്. ഏത് മൂല്യങ്ങളാണ് സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തിയതെന്നും എന്താണ് നിലവിലെ ഭീഷണിയെന്നും തിരിച്ചറിയാൻ, ഈ സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറ പരിശോധിക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യം@75: രാജ്യം ത്രിവര്‍ണ ശോഭയില്‍


രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയകാലത്ത് ഇന്ത്യ ഏത് ഭരണരീതിയാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിലേക്ക് സംയോജിപ്പിക്കാൻ 550ലധികം നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. ഭരണഘടനയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ചുള്ള ചർച്ചകളും സ്വാഭാവികമായിരുന്നു. ഭൂരിഭാഗം നേതാക്കളും പാർലമെന്ററി ജനാധിപത്യത്തിനാണ് മുൻഗണന നൽകിയത്. അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ഡോ. അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ നിർമ്മാതാക്കൾ നടത്തിയ ഈ ബോധപൂർവമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഇന്ത്യയുടെ പാർലമെന്ററി സംവിധാനം രൂപപ്പെടുത്തുമ്പോൾ ഡ്രാഫ്റ്റിങ് കമ്മിറ്റി കൂടുതൽ ഊന്നൽ നല്കിയത് കൂട്ടുത്തരവാദത്തിനാണ്’. എന്നാലിപ്പോൾ ആർഎസ്എസിന് സ്വാധീനമുള്ള ഭരണത്തിൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റം മൂലം കൂട്ടുത്തരവാദിത്തം എന്ന ആശയം വലിയ ഭീഷണിയിലാണ്. പാർലമെന്റിനെ പോലും നിസാരവും നിഷ്ഫലവുമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് തന്നെ ജനാധിപത്യവിരുദ്ധമായിരുന്ന ആർഎസ്എസ്, പ്രാതിനിധ്യ ജനാധിപത്യത്തിലും ഭരണഘടനയുടെ സംരക്ഷണത്തിലും വിശ്വസിച്ചിരുന്നില്ല. യൂറോപ്പിലെ ഫാസിസ്റ്റുകളോടുള്ള ആർഎസ്എസിന്റെ ആരാധനയും ഏകാധിപത്യത്തിലുള്ള ഊന്നലും ജനാധിപത്യ സമൂഹത്തിന്റെ പ്രവർത്തനവുമായി പൊരുത്തപ്പെടാത്തതാണ്. ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്ഗേവാറിന്റെ ഉപദേഷ്ടാവായ ബി എസ് മൂൻജെ ഇറ്റലിയിൽ വച്ച് മുസോളിനിയെ കണ്ടപ്പാേൾ പറഞ്ഞതിങ്ങനെയാണ്- ‘ബാലിലയെയും ഫാസിസ്റ്റ് സംഘടനകളെയും പ്രശംസിച്ചുകൊണ്ട് ഇന്ത്യയിലും ഇംഗ്ലണ്ടിലും പൊതുവേദികളിൽ ശബ്ദമുയർത്താൻ എനിക്ക് മടിയില്ല, എല്ലാ വിജയങ്ങളും ആശംസകളും നേരുന്നു’. ആർഎസ്എസ് ഇപ്പോഴും ‘ഏക നേതാവ്’ എന്ന വിധേയത്വത്തിന്റെ നയമാണ് പിന്തുടരുന്നത്. ജനാധിപത്യ നിയമങ്ങളോടും ബഹുസ്വരതയോടും ജനപ്രാതിനിധ്യത്തോടും ആർഎസ്എസിനുള്ള അവജ്ഞയുടെ നിദാനവുമിതാണ്. ജനാധിപത്യം ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ഭീഷണിയുടെ നിഴലിലാകുന്നത് അതുകൊണ്ടാണ്.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യം അർദ്ധരാത്രിയായ് തുടരുമ്പോൾ


ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ ഹിന്ദുക്കളും മുസ്‍ലിങ്ങളും തോളോടുതോൾ ചേർന്ന് നിന്നു. എന്നാൽ ആർഎസ്എസ് നേതാക്കളുടെയും സൈദ്ധാന്തികരുടെയും രചനകളിൽ നിന്ന് ഈ ചരിത്രം ഒഴിവാക്കപ്പെടുന്നു. അവരുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. അംബേദ്കർ ഈ വിപത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് പറഞ്ഞു: ‘ഹിന്ദു രാജ് ഒരു വസ്തുതയായി മാറുകയാണെങ്കിൽ അത് രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും’. നമ്മുടെ ഭരണഘടനയുടെ ഗണ്യമായ ഭാഗം തന്നെ മതേതരവും സാമൂഹ്യനീതിയും വിശദമാക്കാൻ നീക്കിവച്ചിരിക്കുന്നു. ഭിന്നിപ്പിന്റെയും കലഹത്തിന്റെയും വക്താവായ രണ്ടാമത്തെ സംഘചാലക് എം എസ് ഗോൾവാൾക്കർ എഴുതുന്നത് ‘ഹിന്ദുസ്ഥാനിലെ വിദേശ വംശീയർ (ഇസ്‍ലാം, ക്രിസ്തു മതങ്ങൾ) ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ബഹുമാനിക്കാൻ പഠിക്കണം. ഹിന്ദു സംസ്കാരത്തിൽ ലയിക്കുകയും അവരുടെ അസ്തിത്വം നഷ്ടപ്പെടുകയും വേണം. അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണമായി കീഴ്പ്പെട്ട്, പ്രത്യേകാവകാശങ്ങൾക്ക് അർഹതയില്ലാതെ രാജ്യത്ത് തുടരാം’ എന്നാണ്. ബ്രിട്ടീഷുകാരെ തുരത്താൻ രാഷ്ട്രം ഒന്നിച്ചപ്പോൾ, ‘അകത്തെ ശത്രുവിനെ’ കണ്ടെത്തുന്ന തിരക്കിലായിരുന്നു അന്നത്തെ ആർഎസ്എസ്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു രാജ്യപെെതൃകത്തോടുള്ള ആർഎസ്എസിന്റെ സമരം.
സ്വാതന്ത്ര്യസമര നേതാക്കളുടെ നിരയിൽ ആരും മുഗളന്മാരെ ആക്രമണകാരികളും കൊള്ളക്കാരും എന്ന് വിശേഷിപ്പിച്ചിട്ടില്ല. സർദാർ പട്ടേൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിലെ പ്രസംഗത്തിൽ ‘രണ്ട് നൂറ്റാണ്ടുകളായി ഇന്ത്യയെ തുടർച്ചയായി ചൂഷണം ചെയ്യുന്നു’ എന്ന് പരാമർശിച്ചിരുന്നു. ഇതിന്റെ മറപറ്റി ആർഎസ്എസ് ഈ ചൂഷണവും അടിമത്തവും സുൽത്താനേറ്റ്, മുഗൾ കാലഘട്ടങ്ങൾ മുതലുള്ളതായി പ്രചരിപ്പിച്ചു. അതേസമയം ബ്രിട്ടീഷുകാരോടുള്ള വിശ്വസ്തത നിലനിർത്തുകയും ചെയ്തു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശത്രു ബ്രിട്ടീഷ് കൊളോണിയലിസമായിരുന്നെങ്കിൽ വർഗീയ വിദ്വേഷകരായ ആർഎസ്എസിന് അത് മുസ്‍ലിങ്ങളായിരുന്നു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ സാമൂഹിക പരിഷ്കരണം ഒരു അവിഭാജ്യഘടകമായിരുന്നു. ഈ പരിഷ്കരണ പരിപാടിയുടെ രണ്ട് പ്രധാന ഘടകങ്ങൾ ജാതിയും സമൂഹത്തിലെ സ്ത്രീകളുടെ നിലയുമായിരുന്നു. ഇന്ത്യയിലെ ജാതി വ്യവസ്ഥയ്ക്ക് അടിസ്ഥാനം മനുസ്മൃതിയാണ്. അതുകൊണ്ടാണ് ജാതി അവഹേളനത്തിനെതിരെ പ്രതിഷേധിക്കാൻ 1927 ഡിസംബർ 25ന് ഡോ. അംബേദ്കർ മനുസ്മൃതിയുടെ പകർപ്പുകൾ പരസ്യമായി കത്തിച്ചത്. ജാതിപ്പിശാചിനെതിരെ ശക്തമായി പോരാടുകയും ചരിത്രപരമായി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള സംരക്ഷണവും രാഷ്ട്രീയ സമത്വവും ഭരണഘടനയിലൂടെ സ്ഥാപിക്കുകയുമാണ് അംബേദ്കർ ചെയ്തത്. എന്നാൽ ബ്രാഹ്മണ മേധാവിത്വമുള്ള ആർഎസ്എസിന് മനുസ്മൃതിയാണ് നിയമത്തിന്റെ അടിസ്ഥാനശില.


ഇതുകൂടി വായിക്കൂ: ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കാം


ഭരണഘടന അംഗീകരിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പ്, 1949 നവംബർ 30ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ അച്ചടിച്ചു വന്നത് ‘മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ലോകത്തെ ഇന്നും ഉത്തേജിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്നു’ എന്നാണ്. അതേസമയം ‘ജാതിചിന്ത ദേശവിരുദ്ധമാണ്. ഒന്നാമതായി, അവർ സാമൂഹിക ജീവിതത്തിൽ ഭിന്നതയുണ്ടാക്കുന്നു. ജാതികൾക്കിടയിൽ അസൂയയും വിരോധവും സൃഷ്ടിക്കുന്നതിനാൽ അത് ദേശവിരുദ്ധവുമാണ്’ എന്ന് അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പ്രസംഗിച്ചു. ജാതീയവും വിവേചനപരവുമായ മനുസ്മൃതി ഉയർത്തിപ്പിടിച്ചുകൊണ്ട് ആർഎസ്എസ് അതിന്റെ ദേശവിരുദ്ധ സ്വഭാവം ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ പുലർത്തുന്ന ദേശീയതയും ആർഎസ്എസിന്റെ സങ്കുചിത ഹിന്ദുത്വ ദേശീയതയും തമ്മിലും വലിയ അന്തരമുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം ആഘോഷിക്കുമ്പോൾ, ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം നേടുമ്പോൾ സ്വാതന്ത്ര്യസമര നേതാക്കൾ നല്കിയ സന്ദേശം എന്തായിരുന്നുവെന്നും ഓർമ്മിക്കേണ്ടതാണ്. എന്തിനുവേണ്ടിയാണ് അവർ ത്യാഗങ്ങൾ ചെയ്തത്, സ്വതന്ത്ര ഇന്ത്യക്കായി അവർ ആഗ്രഹിച്ചത് എന്നതും ഓർമ്മിക്കണം. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും ചന്ദ്രശേഖർ ആസാദും ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയല്ല ജീവൻ ബലിയർപ്പിച്ചതെന്ന് ആവർത്തിച്ച് അടിവരയിടേണ്ടതുണ്ട്. അവരെല്ലാം ജീവിക്കുകയും മരിക്കുകയും ചെയ്തത് മതേതര, ജനാധിപത്യ, സമത്വപൂർണ ഇന്ത്യക്കുവേണ്ടിയാണ്. സ്വതന്ത്ര ഇന്ത്യ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ നാം തിരിച്ചറിയണം. ജനാധിപത്യത്തെയും മതേതരത്വത്തെയും സമത്വത്തെയും ഭീഷണിപ്പെടുത്തുന്നവർ ദേശവിരുദ്ധരാണ്. സ്വാതന്ത്ര്യത്തെ പുനർനിർവചിക്കാനും ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനും അവർ ശ്രമിക്കുന്നു. അതിനാൽ, യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയുകയും അത് സംരക്ഷിക്കാൻ പോരാടുകയും ചെയ്യേണ്ടത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ബാധ്യതയാണ്. സ്വാതന്ത്ര്യം നേടാൻ പൂർവികർ അനുഭവിച്ച ത്യാഗം മായ്ച്ചുകളയാനും സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന ഘടകങ്ങളെ ഒറ്റപ്പെടുത്തുക തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.