കശ്മീര്‍ ആഗോള വിഷയമാക്കിയത് ആരാണ്

Web Desk
Posted on September 29, 2019, 10:14 pm

കഴിഞ്ഞകുറച്ചു ദിവസങ്ങളായി ദേശീയ ആഗോള മാധ്യമങ്ങളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നത് കശ്മീര്‍ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഒരാഴ്ചയോളം നീണ്ട യുഎസ് സന്ദര്‍ശന വേളയും ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലെ സാന്നിധ്യവും വിഷയം സജീവ ചര്‍ച്ചയാക്കുന്നതിന് ഇടയാക്കി. ഹൗഡി മോഡി എന്ന പേരില്‍ സംഘടിപ്പിച്ച അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഗമത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് വാര്‍ത്തകള്‍. അതേസമയം പരിപാടി നടന്ന ഹൂസ്റ്റണിലെ സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധവും അരങ്ങേറി. ഇന്ത്യക്കാര്‍ മാത്രമല്ല അമേരിക്കന്‍ വംശജരായ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാനവിഷയങ്ങളില്‍ ഒന്ന് കശ്മീരിനെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ മോഡി പ്രസംഗിക്കുമ്പോഴും പുറത്ത് പ്രതിഷേധമുണ്ടായി. അവിടെയും പ്രധാന വിഷയമായത് കശ്മീര്‍ തന്നെയായിരുന്നു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിന് ശേഷം സംസാരിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ആഗോളപ്രശ്‌നമാക്കി മാറ്റുന്നതിനുള്ള വാദങ്ങള്‍ ഉന്നയിച്ചുവെങ്കിലും അത് ഫലപ്രദമായില്ല. അനുഛേദം 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികള്‍ തടവിലാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ഇമ്രാന്‍ ഖാന്റെ വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഒന്നാം സെക്രട്ടറി വിധിഷ മെയ്ത്ര നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ നേടുകയുണ്ടായി. ‘തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അര്‍ഹതയുമില്ല. യുഎന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അദ്ദേഹം ഒസാമ ബിന്‍ലാദന്റെ അനുയായി അല്ലെന്ന് പറയാനാകുമോ? യുഎന്‍ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാനാണെന്ന് അവര്‍ ഏറ്റുപറയുമോ?’ വിധിഷ മെയ്ത്ര ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
ജനറല്‍ അസംബ്ലിയില്‍ ചൈനയും കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചുവെന്നാണ് മനസിലാക്കേണ്ടത്. ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിക്കുന്നത്. ചൈനക്ക് മറുപടിയെന്നോണം അദ്ദേഹവും കശ്മീര്‍ തികച്ചും ഇന്ത്യയുടെ ആന്തരിക വിഷയമാണ്. അതുപോലെ തന്നെ ജമ്മുവും കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമാണ് വ്യക്തമാക്കിയത്.

മറ്റു രാജ്യങ്ങളും ഇന്ത്യയുടെ പരമാധികാരത്തേയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ പാക് അധിനിവേശ കശ്മീരിലെ അനധികൃത ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലൂടെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ വച്ച് പ്രസിഡന്റ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച പ്രധാന വിഷയങ്ങളില്‍ ഒന്ന് കശ്മീര്‍ സംബന്ധിച്ചായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായി ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയവും പ്രശ്‌നവും തന്നെയാണ്.

അക്കാര്യം ഇന്ത്യ ആവര്‍ത്തിക്കുമ്പോഴും ആഗോള തലത്തില്‍ അത് ചര്‍ച്ച ചെയ്യപ്പെടാനിടയായതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബിജെപി സര്‍ക്കാരും നരേന്ദ്രമോഡിയുമാണ് ഉത്തരം പറയേണ്ടത്. ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോള്‍ യുഎസിനും ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും കശ്മീരിനെ കുറിച്ച് പറയേണ്ടി വരുന്നത് അവിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നടപടികള്‍ കൊണ്ടുതന്നെയാണ്. ദശകങ്ങളായി നിലനിന്ന അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഒരു ജനതയെ മുഴുവന്‍ തടങ്കലിലാക്കാും മനുഷ്യാവകാശ ലംഘനം രൂക്ഷമാക്കാനും ഇടയാക്കിയത് ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കാനും കശ്മീരിനെ വിഭജിക്കാനുമുള്ള തീരുമാനം തന്നെയാണ്. ആഭ്യന്തര പ്രശ്‌നമെന്ന് പറയുമ്പോഴും അവിടത്തെ ജനങ്ങളുടെ പ്രയാസങ്ങളോ പ്രതിസന്ധികളോ, അഭിമുഖീകരിക്കുന്ന ദുരന്തങ്ങളോ കാണുന്നതിന് കേന്ദ്ര ഭരണാധികാരികള്‍ സന്നദ്ധമാകുന്നില്ലെന്നതാണ് കശ്മീരിനെ ആഗോളതല ചര്‍ച്ചയാക്കുന്നതിന് ഇടയാക്കിയത്.

ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കശ്മീര്‍ എന്നത് വസ്തുതയാണെങ്കിലും ഇന്നത് ആഗോള വിഷയമാക്കിയതില്‍ നമ്മുടെ ഭരണാധികാരികള്‍ക്കുള്ള പങ്ക് ഒരു യാഥാര്‍ഥ്യം തന്നെയാണ്.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയവും പ്രശ്‌നവും തന്നെയാണ്. അക്കാര്യം ഇന്ത്യ ആവര്‍ത്തിക്കുമ്പോഴും ആഗോള തലത്തില്‍ അത് ചര്‍ച്ച ചെയ്യപ്പെടാനിടയായതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബിജെപി സര്‍ക്കാരും നരേന്ദ്രമോഡിയുമാണ് ഉത്തരം പറയേണ്ടത്. ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോള്‍ യുഎസിനും ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും കശ്മീരിനെ കുറിച്ച് പറയേണ്ടി വരുന്നത് അവിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നടപടികള്‍ കൊണ്ടുതന്നെയാണ്.