October 1, 2022 Saturday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ആർക്കുവേണ്ടി?

എൻ ശ്രീകുമാർ
പ്രസിഡന്റ്, എകെഎസ്‌ടിയു
May 22, 2020 3:45 am

കേരളത്തിലെ എസ്എസ്എൽസി, ഹയർ സെക്ക­­­ൻഡറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്താനുള്ള തീരുമാനം മാറ്റിവയ്ക്കണമെന്ന് ശക്തമായ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷ സംസ്ഥാന സർക്കാർ നിശ്ചയിച്ച പോലെ നടത്താനുള്ള കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞു. ജൂണിൽ കാലവർഷം കേരളത്തിൽ തകർത്തു പെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ പരീക്ഷകൾ ഇപ്പോൾ മാറ്റിയാൽ പിന്നെ എന്നാകും ഇനി പരീക്ഷകൾക്ക് പറ്റിയ കാലം എന്നതൊരു ആശങ്കയാണ്. മെയ് 26 മുതൽ തന്നെപരീക്ഷയ്ക്ക് ഒരുങ്ങിയത് ശരിയായ തീരുമാനം തന്നെയാണ്. ഇക്കാര്യത്തിലെ പ്രതിപക്ഷത്തിന്റെ വാശി അനുവദിച്ചു കൊടുക്കുന്നത് യാതൊരു വിധത്തിലും യുക്തിക്കു നിരക്കുന്നതല്ല. കഴിഞ്ഞ മാർച്ച് 25 മുതൽ 28 വരെയുള്ള തീയതികളിൽ നടക്കേണ്ട പരീക്ഷകളാണ് രണ്ടു മാസത്തിനു ശേഷം ലഭ്യമായ ഇളവുകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടത്തുന്നതിന് സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു മാസക്കാലമായി യാതൊരു വിധ സ്കൂൾ പഠനാനുഭവവും ഇല്ലാതെയിരിക്കുകയാണ് നമ്മുടെ കുട്ടികൾ. പഠിച്ച പാഠഭാഗങ്ങൾ വീണ്ടും ഓർമ്മിച്ചെടുത്തു വേണം അവർ പരീക്ഷയ്ക്കായി സജ്ജരാകേണ്ടത്. എന്നും പരീക്ഷയ്ക്ക് വേണ്ടി കൂടുതൽ കൂടുതൽ പഠിച്ചു കൊണ്ടിരിക്കാൻ കുട്ടികളിൽ ഭൂരിപക്ഷത്തിനും കഴിയില്ല. കോവിഡ് കാലം സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വങ്ങളും ആശങ്കകളും മുതിർന്നവരേക്കാൾ മനസ്സിൽ ആഘാതമേൽപ്പിച്ചിട്ടുണ്ടാവുക കുട്ടികൾക്കു തന്നെയാവുമെന്ന് തീർച്ച. അവരുടെ മനസ്സ് മറ്റ് ഒട്ടേറെ കാര്യങ്ങളിൽ വ്യാപൃതമാവുകയും ചെയ്യുക സ്വാഭാവികം. അതിനാൽ പഠിച്ച പാഠങ്ങൾ ഓരോ നാൾ പിന്നിടുമ്പോഴും വിസ്മൃതിയിലാണ്ടുപോയെന്ന് വരാൻ സാധ്യതയേറെയാണ്. കഴിവതും വേഗം പരീക്ഷ നടത്തുകയാണിപ്പോൾ കുട്ടികളോടു ചെയ്യേണ്ട നീതി. ലോക്ഡൗൺ സംബന്ധിച്ച് കേരളത്തിൽ നിലവിലുള്ള ഇളവുകൾ നമുക്ക് പരീക്ഷ സുഗമമായി നടത്താൻ ധാരാളമാണ്. ലോക്ഡൗണിന്റെ നിബന്ധനകൾ പാലിച്ച് പരീക്ഷ നടത്താൻ നമുക്കാവും.

അവരുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ആവശ്യമായ മാസ്ക്, നാഷണൽ സർവീസ് സ്കീം രംഗത്തു പ്രവർത്തിക്കുന്ന കുട്ടികൾ തന്നെ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്, ഒരു ഉദാഹരണം. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചയ്ക്കു ശേഷവും രാവിലെയുമായി പരീക്ഷ നടത്തുമ്പോൾ തന്നെ ഒരു ക്ലാസ്സിൽ 20 വീതം കുട്ടികളെ സാമൂഹിക അകലം പാലിച്ച് ഇരുത്താനുള്ള സൗകര്യവും നമുക്കുണ്ട്. സ്കൂളുകളിൽ സോപ്പുപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനം കുറ്റമറ്റതായി ഒരുക്കാനും ഒരു പ്രയാസവുമുണ്ടാകില്ല. ജില്ലകളിൽ പൊതുഗതാഗതം ആരംഭിച്ചതോടെ യാത്രാ സൗകര്യവും വലിയ പ്രതിസന്ധിയല്ല. സ്കൂൾ ബസ്സുകൾ മിക്ക വിദ്യാലയങ്ങൾക്കുമുണ്ട്. സ്വകാര്യ വാഹനങ്ങൾ പല വീടുകൾക്കും സ്വന്തമായുണ്ട്. അതിനാൽ യാത്ര ഒരു പ്രശ്നമേ ആകുകയില്ല. പിന്നെന്തു കൊണ്ട് സർക്കാർ തീരുമാനം മാറ്റിവയ്ക്കണമെന്നതാണ് വിരോധാഭാസം! വിദേശത്തു നിന്നോ അന്യസംസ്ഥാനത്തു നിന്നോ വന്ന് ക്വറന്റൈനിൽ കഴിയുന്ന രക്ഷിതാക്കളുടെ കുട്ടികൾ പരീക്ഷയ്ക്കെത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചിലർ പറഞ്ഞു കേട്ടു.

അവർ രോഗവാഹകരായേക്കുമെന്നാണ് സംശയം. അങ്ങനെയുള്ള കുട്ടികൾക്ക് സ്കൂളിലെ പ്രത്യേക ഹാളിൽ സൗകര്യമൊരുക്കി പരീക്ഷ നടത്താമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. രക്ഷിതാവിനൊപ്പം സ്വന്തം സ്കൂളിൽ നിന്ന് ദൂരെ കഴിയുന്ന കുട്ടികൾക്ക് സൗകര്യമുള്ള പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഗൾഫിൽ നിന്നും ലക്ഷദ്വീപിൽ നിന്നും വന്നിട്ടുള്ള കുട്ടികൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷ ജൂലൈ മാസത്തിലേ ഉള്ളൂ, പിന്നെന്തിന് കേരളത്തിൽ ആദ്യം പരീക്ഷ നടത്തണമെന്ന ചോദ്യം ഉന്നയിച്ചവരുണ്ട്. സിബിഎസ്ഇയിൽ കുട്ടികളെ അയച്ചു പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് ഈ ചോദ്യം തൃപ്തികരമായേക്കാം. കർണാടകയിലും തമിഴ്‌നാട്ടിലുമൊന്നും കോവിഡ് നിയന്ത്രണ വിധേയമാകാതെ സിബിഎസ്ഇയ്ക്ക് പരീക്ഷ നടത്താനാകില്ല.

അതുകൊണ്ട്, അവരുടെ സമയം നാം അനുവർത്തിക്കാൻ തീരുമാനിക്കുന്നത് നമ്മുടെ സിലബസ് പഠിച്ച കുട്ടികളോടുള്ള നീതിനിഷേധമാണ്. കേരളത്തിലെ പതിനൊന്നാം ക്ലാസ് പ്രവേശനം നേരത്തെ നടക്കരുതെന്ന് കരുതുന്ന കുത്സിത ബുദ്ധിയാണ് കേരളത്തിലെ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യത്തിന് പിന്നിലെന്ന് വ്യക്തമാകാൻ അധികം തല പുകയ്ക്കേണ്ടതില്ല. കോവിഡ് 19 ന്റെ സാമൂഹിക വ്യാപനത്തെ ആശങ്കപ്പെടേണ്ടാത്ത വിധം നിയന്ത്രിച്ചപ്പോഴും കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയം ആശങ്കയും തെറ്റിദ്ധാരണയും പരത്തി നമ്മുടെ പരീക്ഷകൾക്കെതിരെ നിലയുറപ്പിച്ചത്, കച്ചവട വിദ്യാഭ്യാസത്തിനോടുള്ള ഒത്തുകളിയല്ലാതെന്താണ്? നമ്മുടെ സാധാരണ സ്കുളുകളിൽ പഠിക്കുന്ന കുട്ടികളോടെന്തിനാണ് ഈ പരാക്രമം എന്ന് ചിന്തിക്കുന്ന സാധാരണ രക്ഷിതാക്കൾ വേദനിക്കുന്നുണ്ടെന്ന് തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.