ചൈനയുടെ പോരാട്ടം ലോകത്തിന് പ്രതീക്ഷയെന്ന് ലോകാരോഗ്യസംഘടന

Web Desk

ബീജിങ്

Posted on March 23, 2020, 9:26 pm

കഴിഞ്ഞ വർഷം അവസാനം മുതൽ കൊറോണ വൈറസിനെതിരായ പോരാട്ടം നടത്തി വിജയം കൈവരിച്ച ചൈനയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യസംഘടന. കൊറോണ വൈറസിനെതിരെ ചൈന നടത്തിയ യുദ്ധം ലോകത്തിന് പ്രതീക്ഷ നൽകുന്നത്. ഇത്തരം തന്ത്രങ്ങൾ പിന്തുടരാൻ പശ്ചാത്യരാജ്യങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കഴിയുമോയെന്ന ചോദ്യംമാത്രമാണ് ബാക്കിയാകുന്നതെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഡനോം പറഞ്ഞു.
എന്നാൽ ചൈനയിൽ നിന്ന് പുറത്തുവരുന്നത് യഥാർത്ഥ കണക്കുകളാണോയെന്നതിൽ ആശങ്ക നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അഡനോമിന്റെ പ്രതികരണം. കഴിഞ്ഞ നാലുദിവസങ്ങള്‍ക്കിടയില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു കൊറോണ കേസ് മാത്രമാണ്.

കേന്ദ്രീകൃതമായ അധികാരമുള്ള ചൈനയെ അനുകരിക്കാനും ജനാധിപത്യ രാജ്യങ്ങള്‍ക്ക് പ്രയാസമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വുഹാന്‍ നഗരവും മറ്റുചില പ്രദേശങ്ങളും പൂര്‍ണമായും അടച്ചിട്ടാണ് ചൈന ഈ വൈറസിനെതിരായ നീക്കം ശക്തമാക്കിയത്. ജനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കര്‍ശനമായി തടഞ്ഞു. പുറത്തിറങ്ങുന്നത് അടിയന്തിരാവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കി. വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തുകയും രോഗബാധയുള്ളവരെ കണ്ടെത്തുകയും ചെയ്തു. ജനുവരിയിൽ വുഹാനിൽ ഏർപ്പെടുത്തിയ വിലക്കിൽ 11 മില്യൺ പ്രദേശവാസികൾ ആഴ്ചകളോളം കുടുങ്ങിക്കിടന്നു. ഹുബായി പ്രവിശ്യയിൽ മാത്രം ഏകദേശം 50 മില്യൺ ജനങ്ങളാണ് ഒറ്റപ്പെട്ടത്.

രണ്ടാഴ്ചത്തെ പൂര്‍ണമായ അടച്ചിടല്‍ തന്നെയാണ് ചൈനയെ രക്ഷിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ്. ഈ കാലയളവ് മുഴുവന്‍ അടച്ചിടുകയാണ് പ്രതിവിധിയെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ഇപ്പോഴും വൈറസിനെതിരായ മരുന്ന് നിര്‍മിക്കപ്പെട്ടിട്ടില്ല എന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണിത്. മരുന്ന് പരീക്ഷണത്തിലുണ്ടെങ്കിലും വിപണിയിലെത്താന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെയെടുത്തേക്കുമെന്നാണ് കണക്കുകൂട്ടൽ.

Eng­lish Sum­ma­ry: WHO prais­es Chi­na for its efforts to fight coro­na virus

You may also like this video