പത്തിൽ ഒരാൾക്ക് അവരുടെ ജീവിതകാലയളവിനുള്ളിൽ ഇന്ത്യയിൽ കാൻസർ രോഗം പിടിപെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2018 ൽ 11. 6 ലക്ഷം പുതിയ കാൻസർ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേവർഷം 7.85 ലക്ഷം ആൾക്കാർ രോഗംമൂലം മരണമടഞ്ഞിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.തൊണ്ടയിലും കഴുത്തിലും ബാധിക്കുന്ന കാൻസറാണ് ഇന്ത്യയിൽ കൂടുതലും കണ്ടുവരുന്നത്. പുകയിലയുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. അമിത വണ്ണവും വ്യായാമമില്ലായ്മയും മറ്റൊരു കാരണമാണ്. ജീവിത രീതികളും വ്യക്തികളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയും രോഗബാധ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2018 ൽ കണ്ടെത്തിയ 11.6 ലക്ഷം കാൻസർ രോഗികളിൽ 5.7 ലക്ഷം പേർ പുരുഷൻമാരും 5.9 ലക്ഷം സ്ത്രീകളുമായിരുന്നു. ആ രോഗികളിൽ ഏറെയും തൊണ്ട, കഴുത്ത്, ശ്വാസകോശം, ഉദരം, സ്തനം എന്നീ ശരീരഭാഗങ്ങളിൽ രോഗം പിടിപെട്ടവരാണ്. എന്നാൽ സ്തനാർഭുതം രാജ്യവ്യാപകമാകുകയാണെന്നും റിപ്പോർട്ട് പറയുന്നു. സ്തനാർഭുത ബാധ 1.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനം ഓരോവർഷവും വർധിക്കുന്നുണ്ട്. നഗരവാസികളിലാണ് രോഗബാധ കൂടുതൽ. അടുത്ത 20 വർഷത്തിനിടയിൽ ആഗോളതലത്തിൽ കാൻസർ ബാധ 60 ശതമാനമായി ഉയരാനും സാധ്യതയുണ്ട്. രാഷ്ട്രങ്ങൾ പ്രത്യേകിച്ച് ദരിദ്രരാഷ്ട്രങ്ങൾ ശക്തമായ കാൻസർ പ്രതിരോധ പരിചരണ ചികിത്സാ പദ്ധതികൾ ആവിഷ്ക്കകരിക്കേണ്ടിയിരിക്കുന്നു.
ഓരോ രാജ്യങ്ങളും അവരുടെ സ്ഥിതിയനുസരിച്ച് രോഗ നിർണ്ണയം നേരത്തെ നടത്താനും കണ്ടെത്താനുമുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കിയാൽ അടുത്ത പത്തുവർഷത്തിനുള്ളിൽ ഏഴ് ദശ ലക്ഷം മനുഷ്യ ജിവനുകളെയെങ്കിലും കാൻസർ രോഗത്തിൽ നിന്ന് രക്ഷിക്കാനാകും. അന്തർദേശീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലൂടെയും ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുടെ ഏകോപനത്തിലൂടെയും നിരവധി രോഗികൾക്ക് ചികിത്സ ലഭ്യമാക്കാമെന്നും രോഗപ്രതിരോധം സാധ്യമാക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗബ്രേസിസ് പറയുന്നു.
English Summary: WHO reported that one in ten people will get cancer in India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.