ഒരാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസ് ബാധയിൽ ലോകത്ത് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചതില്‍ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം . ലോകത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് വൈറസിനെതിരായി പോരാടേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് നാലു മാസത്തിലേയ്ക്കു കടക്കുമ്പോള്‍, വൈറസിന്റെ ആഗോള വ്യാപനത്തില്‍ വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ രോഗവ്യാപനത്തില്‍ ലോകത്ത് വന്‍ വര്‍ധനവാണുണ്ടായത്. മിക്കവാറും എല്ലാ രാജ്യത്തും വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ മരണസംഖ്യ ഇരട്ടിയിലധികമായി ഉയര്‍ന്നു. അടുത്ത ഏതാനും ദിവസംകൊണ്ട് രോഗബാധ 10 ലക്ഷവും മരണസംഖ്യ 50,000 ഉം കടന്നേക്കും, അദ്ദേഹം പറഞ്ഞു.
കോവിഡ് 19 എന്ന രോഗത്തിന്റെ സ്വഭാവരീതികളെക്കുറിച്ച് ഇപ്പോഴും നിരവധി കാര്യങ്ങള്‍ നമുക്കറിയില്ല. കാരണം, ഈ പ്രത്യേക വൈറസ് മൂലം ആദ്യമായുണ്ടാകുന്ന മഹാവ്യാധിയാണിത്. കോവിഡ് 19ന് ഫലവത്തായ ഒരു ചികിത്സാരീതി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഫ്രിക്കയിലും മധ്യ‑ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും താരതമ്യേന വൈറസ് ബാധ കുറവാണെങ്കിലും അവിടങ്ങളിലൊക്കെ ഈ മഹാവ്യാധി ഗുരുതരമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഈ രാജ്യങ്ങളില്‍ രോഗനിര്‍ണയത്തിനും പരിശോധനകള്‍ക്കും ചികിത്സയ്ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്നും ടെഡ്രോസ് അധാനോം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.