Web Desk

ന്യൂയോർക്ക്:

March 24, 2020, 9:07 pm

ഇന്ത്യയില്‍ പരിശോധന ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

Janayugom Online

ജനസാന്ദ്രതയേറിയ ഇന്ത്യയില്‍ പരിശോധന ലാബുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്നും പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള അനുഭവ സമ്പത്ത് കോവിഡ് 19 നെ നേരിടുന്നതില്‍ മുതല്‍ കൂട്ടാവുമെന്നും ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാൻ പറഞ്ഞു. ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും.

വസൂരി, പോളിയോ എന്നീ പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്ത ഇന്ത്യക്ക് ഇക്കാര്യത്തില്‍ മികച്ച ശേഷിയുണ്ട്. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എളുപ്പമുള്ള ഉത്തരങ്ങളൊന്നുമില്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ ലോകത്തിന് വഴി കാണിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതുവരെ 17,000 മരണവും സംഭവിച്ചിട്ടുണ്ട്. കൊറോണയുടെ ഭീകരത കണക്കിലെടുത്ത് ആഗോള സമാധാനം കാണണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ലോകം മുഴുവന്‍ ആഹ്വാനം ചെയ്തു. ലോകത്തിന്റെ എല്ലാ കോണുകളിലും അടിയന്തര ആഗോള വെടിനിര്‍ത്തലിനും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: WHO sug­gests to increase num­ber of test labs in India

YOU MAY ALSO LIKE THIS VIDEO