കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യങ്ങൾ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ലോകം മുഴുവൻ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതോടെ ഐക്യരാഷ്ട്രസഭയിൽ അംഗമായിട്ടുള്ള രാജ്യങ്ങൾ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടിവരും.
രോഗനിർണ്ണയം, മുൻകരുതൽ നടപടികൾ, ചികിത്സാസൗകര്യം എന്നിവയ്ക്കായി വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അവികസിത രാജ്യങ്ങൾക്ക് സാധ്യമായ പിന്തുണ നൽകാൻ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളും സമ്പന്ന രാജ്യങ്ങളും തയ്യാറാകണമെന്നും ലോകാരോഗ്യസംഘടന അഭ്യർത്ഥിച്ചു.
വൈറസ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുൻപു തന്നെ അംഗരാജ്യങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ലോകമെമ്പാടുമായി 9,692 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ചൈനയിൽ മാത്രം നിരീക്ഷണത്തിലുണ്ട്. 213 പേരാണ് ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത് 31 പ്രവിശ്യകൾ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. എന്നാൽ ചൈനയൊഴികെയുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് മൂലം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അമേരിക്ക, ഓസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, തായ് ലാൻഡ്, ദക്ഷിണകൊറിയ, സിങ്കപ്പൂർ, ഹോങ്കോങ്, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: WHO urges health emergency.
you may also like this video;