8 December 2024, Sunday
KSFE Galaxy Chits Banner 2

ഗർഭപാത്രം ആരുടേതാണ് !

മൃണാൾ പാണ്ഡെ
October 29, 2024 4:45 am

“കുടുംബാസൂത്രണം പാലിക്കാന്‍ ഒരുകാലത്ത് ഞാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കൂടുതൽ കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ വർധിപ്പിക്കാൻ ഇപ്പോൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.” – എൻ ചന്ദ്രബാബു നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി. “ഇന്ന് ലോക്‌സഭാ മണ്ഡലങ്ങൾ കുറയുന്ന സാഹചര്യമുണ്ട്. ഇത് ഒരു ചോദ്യമുയര്‍ത്തുന്നു: കുട്ടികൾ കുറവായിരിക്കാൻ നാം നമ്മെത്തന്നെ പരിമിതപ്പെടുത്തുന്നതെന്തിന്? എന്തുകൊണ്ട് നമുക്ക് 16 കുട്ടികള്‍ ലക്ഷ്യമാക്കിക്കൂടാ? ” – എം കെ സ്റ്റാലിൻ, തമിഴ്‌നാട് മുഖ്യമന്ത്രി. 1950കളിൽ ആരംഭിച്ച ഇന്ത്യയുടെ കുടുംബാസൂത്രണ പദ്ധതി മുന്നോട്ടുവച്ച ജനനപരിധികളെ രണ്ട് ശക്തരായ പുരുഷ മുഖ്യമന്ത്രിമാർ അടുത്തിടെ പ്രസ്താവനകളിലൂടെ ചോദ്യം ചെയ്യുന്നു. രണ്ടുപേരും ദക്ഷിണേന്ത്യയിലെ സമ്പന്നവും പുരോഗമനപരവുമായ സംസ്ഥാനങ്ങൾ ഭരിക്കുന്നു. ഓരോ കുടുംബത്തിലും രണ്ട് കുട്ടികൾ എന്ന മാനദണ്ഡം മുറുകെപ്പിടിക്കുന്നതും മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉയർന്ന സാമ്പത്തികവും സാമൂഹികവുമായ സൂചികകളുള്ളതുമാണ് രണ്ടു സംസ്ഥാനങ്ങളും.

സ്റ്റാലിന് രണ്ട് കുട്ടികളും ആന്ധ്രാ മുഖ്യമന്ത്രി നായിഡുവിന് ഒരു മകനുമാണ്. അവർ ഇപ്പോൾ വലിയ കുടുംബങ്ങളിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നത് രസകരമാണ്. കുട്ടികളുടെ യഥാർത്ഥ വാഹകരായ സ്ത്രീകളുടെ വികാസ ഫലങ്ങളിൽ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഗർഭധാരണവും ആവർത്തിച്ചുള്ള പ്രസവവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ജനസംഖ്യയിലെ വർധനവിനൊപ്പം ഉയരാൻ സാധ്യതയുണ്ട്. നായിഡുവും സ്റ്റാലിനും ഒരിക്കലും ചെറിയ കുടുംബങ്ങളെ ചോദ്യം ചെയ്യുന്നവരായിരുന്നില്ല. അവരുടെ നിലപാടുമാറ്റത്തിലെ പ്രധാന കാരണങ്ങള്‍ ലോക്‌സഭയിലെ സീറ്റുകളുടെ കുറവ്, കേന്ദ്ര ഫണ്ടിന്റെ കുറവ്, സംസ്ഥാനങ്ങളിൽ വിരമിച്ചവരുടെയും പ്രായമായവരുടെയും എണ്ണത്തിലെ വർധന എന്നിവയാണ്.
നിരവധി ഹിന്ദു, മുസ്ലിം നേതാക്കളും തങ്ങളുടെ ഗോത്രം നിശബ്ദ ന്യൂനപക്ഷങ്ങളായി മാറാതിരിക്കാൻ അംഗങ്ങളുടെ എണ്ണം വേഗത്തിൽ വർധിപ്പിക്കണമെന്ന് ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. 2016ൽ നവദമ്പതിമാരുടെ ഒരു കൺവെൻഷനിൽ, ദർപണ്‍ എന്ന ആർഎസ്എസ് പ്രവർത്തകൻ, “നമ്മുടെ സമൂഹത്തിനും സംസ്കാരത്തിനും വേണ്ടി, ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് വര്‍ധിപ്പിക്കണ“മെന്ന ആർഎസ്എസ് മേധാവിയുടെ അഭ്യർത്ഥന ഉദ്ധരിച്ചു. യൂറോപ്പിലും ലോകത്തിന്റെ മറ്റുചിലയിടങ്ങളിലും മുസ്ലിങ്ങളുടെ ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചുള്ള വീഡിയോകള്‍ പ്രദർശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ബിജെപി എംപി സാക്ഷി മഹരാജും വിവാദ ആൾദൈവമായ നരസിംഹാനന്ദയുടെ കൂട്ടാളികളും ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാകുന്നത് ഒഴിവാക്കാൻ കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുക എന്ന വിചിത്രമായ ആശയത്തിന്റെ എല്ലാ പ്രൊമോട്ടർമാരും അധികാരശക്തിയും ഉയര്‍ന്ന പദവിയുമുള്ളവരും പ്രത്യുല്പാദന നിരക്ക് പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് നേതാവ് മാവോ സേതുങ്ങിനെ നയിച്ച അതേപ്രേരണയാൽ നയിക്കപ്പെടുന്നവരുമാണെന്ന് തോന്നുന്നു. ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും അദ്ദേഹവും പ്രകടിപ്പിച്ചില്ല. അത് സ്ത്രീകൾക്കിടയിൽ നിന്ന് ചോദ്യങ്ങൾ ഉയര്‍ത്തുകയും രാജ്യത്തിന് നൽകാൻ കഴിയാത്ത ഉത്തരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഒരു കുടുംബത്തിന് 16 കുട്ടികൾ വേണമെന്ന് ഇന്ത്യയിലെ ഭരണ — പ്രതിപക്ഷ നേതാക്കളാരും ആവശ്യപ്പെടുന്നില്ല. ലോക്‌സഭയിലെ ആനുപാതിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭയമാണ് ആവശ്യത്തിനു പിന്നില്‍. ലോക്‌സഭാ സീറ്റുകളുടെ പുനര്‍നിര്‍ണയം (2001ൽ 25 വർഷത്തേക്ക് മരവിപ്പിച്ചത്) 2026ൽ പ്രതീക്ഷിച്ചതുപോലെ നടന്നാൽ, ഉയര്‍ന്ന ജനസംഖ്യയുള്ള വടക്കന്‍ സംസ്ഥാനങ്ങൾക്ക് അധികാരം വർധിക്കും. ഒരു സംസ്ഥാനത്തും പൂജ്യം സീറ്റുകളുണ്ടാകില്ലെങ്കിലും കഴിഞ്ഞ 25 വർഷത്തെ ജനസംഖ്യാശാസ്ത്രത്തിലെ മാറ്റം കണക്കിലെടുത്താൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 23 സീറ്റുകൾ നഷ്ടമാകാം. ആകെ സീറ്റുകളുടെ എണ്ണം അതേപടിയായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 25 സീറ്റുകള്‍ കുറയുകയും ഉത്തരേന്ത്യയിലെ വലിയ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 33 സീറ്റുകള്‍ അധികം ലഭിക്കുകയും ചെയ്യും. കുറഞ്ഞ സീറ്റുകളും ചെറിയ ജനസംഖ്യയുമുള്ള മികച്ച ഭരണവും കൂടുതൽ സമ്പന്നവുമായ ദക്ഷിണേന്ത്യക്ക്, കേന്ദ്ര ഖജനാവിലേക്ക് കൂടുതൽ സംഭാവന നൽകിയിട്ടും പല ‘ബിമാരു’ സംസ്ഥാനങ്ങളെക്കാളും (ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്) കേന്ദ്ര ഫണ്ടിന്റെ കുറഞ്ഞ വിഹിതമാണ് ലഭിക്കുന്നത്. ചില ആശയങ്ങൾ പുതിയതല്ലെങ്കിലും ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ സ്ഥിരീകരണം ആവശ്യമാണ്. ഇതിലൊന്ന് സ്ത്രീകളും പുരുഷന്മാരെപ്പോലെ സഹജവികാരങ്ങളുള്ള മനുഷ്യരാണെന്നും അവരുമായാലോചിക്കാതെ പുരുഷന്മാർക്ക് ക്രമീകരിക്കാവുന്ന ജീവശാസ്ത്രപരമായ ദാനങ്ങളുടെ ആകെത്തുക മാത്രമല്ല എന്നുമുള്ള ആശയമാണ്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കൂടുംബാസൂത്രണ പദ്ധതി അവതരിപ്പിച്ച ‘ഛോട്ടാ പരിവാർ, സുഖ് കാ ആധാർ’ (ഒരു ചെറിയ കുടുംബം സന്തുഷ്ട കുടുംബം) എന്ന ധാരണയോട് ഇപ്പോൾ എല്ലാ സ്ത്രീപുരുഷന്മാരും പൊതുവേ യോജിക്കുന്നു. 

യൂറോപ്പിൽ നിന്നും ചൈനയിലേക്കും ഇന്ത്യയിലേക്കും കടന്നുവന്ന അസംബന്ധവും രാഷ്ട്രീയമായ ചതിയുമാണ് കൂടുതല്‍ സന്തതികളെന്ന പേരില്‍ കുടുംബങ്ങളെ പഴയകാലത്തിലേക്ക് തള്ളിവിടുന്ന ചിന്ത. കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയെന്നത് ഇന്നത്തെ വിദ്യാസമ്പന്നരായ യുവദമ്പതികൾക്ക് അർത്ഥശൂന്യമായി തോന്നും. പൊതുവേ മാതാപിതാക്കളെക്കാൾ വൈകിയാണ് അവര്‍ കുട്ടികൾക്ക് ജന്മം നല്‍കുന്നത്. കൂടുതൽ കുട്ടികള്‍ മൂലമുള്ള അധികച്ചെലവ്, ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോഗ്യപരിചരണം, സ്വകാര്യ കമ്പനികളുടെ പ്രസവാവധി നയങ്ങൾ, എല്ലാ വിഭാഗത്തിലും ജാതിയിലും പെട്ട സ്ത്രീകൾ ഇപ്പോഴും അനുഭവിക്കുന്ന കുട്ടികളെ വളർത്തുന്നതിലെ അസന്തുലിത ഭാരം എന്നിവ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. 2022ൽ ചൈനീസ് റിക്രൂട്ട്മെന്റ് സ്ഥാപനമായ സിലിയന്‍ സയോപിന്‍ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയത് ചൈനയില്‍ മൂന്ന് കൂട്ടികള്‍ എന്ന നയം പരാജയപ്പെട്ടതിന്റെ കാരണം, സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 0.8 ശതമാനം പേർക്ക് മാത്രമേ മൂന്ന് കുട്ടികള്‍ വേണ്ടതുള്ളൂ എന്നതാണ്. പല സ്ത്രീകളും വെെകി വിവാഹം കഴിക്കുന്നതിൽ സന്തുഷ്ടരായിരുന്നു. കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ കരുതുന്നു. ഗർഭധാരണത്തെ അടിസ്ഥാനമാക്കിയുള്ള ജോലിസ്ഥലത്തെ വിവേചനവും കാരണമാണ്. 

പ്രത്യുല്പാദന വര്‍ധനവെന്ന മാനദണ്ഡത്തില്‍ ചൈനയുടെ പരാജയം കണക്കിലെടുത്ത്, ഓരോ കുടുംബത്തിലും കൂടുതൽ കുട്ടികളെ ആവശ്യപ്പെടുന്ന നേതാക്കൾ നയപരമായി നീങ്ങുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയത്തെക്കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടത്. കൂടുതൽ കുട്ടികള്‍ക്കായി പ്രേരിപ്പിക്കുന്നതിനുപകരം, ലോക്‌സഭയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള സ്ത്രീകൾക്ക് വേണ്ടിയും ജനസംഖ്യാപരമായ പ്രകടനമല്ല, ജനങ്ങളിലെ മാറ്റമാകണം പുനര്‍നിര്‍ണയ മാനദണ്ഡമെന്നതിനു വേണ്ടിയും വാദിക്കുകയാണ് ചെയ്യേണ്ടത്. പൊതുവെ, ദക്ഷിണേന്ത്യന്‍ സ്ത്രീകൾ വിദ്യാഭ്യാസപരവും സാമൂഹികവുമായ സൂചികകളിൽ മെച്ചപ്പെട്ട നിലയിലാണ്. നാടിന്റെ പുരോഗതിയുടെ ഫലം അവരിൽ എത്തുന്നതിനൊപ്പം ആരോഗ്യ സൗകര്യങ്ങളും നല്ല ഫലമുണ്ടാക്കി. സ്ത്രീകൾക്ക് ആവശ്യമായ പിന്തുണ നൽകിയാൽ, അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും അനുകൂലമായി നിലകൊള്ളുന്നുവെന്ന് വിടുവായത്തം പറയുന്ന കേന്ദ്രസർക്കാരിനെക്കാള്‍ വലിയ സ്വാധീനം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സ്വേച്ഛാധിപത്യ, പുരുഷാധിപത്യ, ഹിന്ദി-ഹിന്ദു നിലപാടുകൾക്ക് സമാന്തരമായ ശക്തിയായും ഇത് മാറും. 

വടക്കായാലും തെക്കായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജീവിക്കുന്നവരെന്ന നിലയിൽ വിഷയം ചർച്ചചെയ്യണം. കുടുംബങ്ങളുടെ വലിപ്പത്തിലുള്ള മാറ്റവുമായി പൊരുത്തപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്നതിനുപകരം, രാഷ്ട്രീയ, മത, സാമ്പത്തിക മേഖലകളിൽ പുരുഷന്മാർ ആധിപത്യം സ്ഥാപിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കൂടുതൽ ഹിന്ദുക്കൾ, മുസ്ലിങ്ങള്‍, കൂടുതൽ ലോക്‌സഭാ സീറ്റുകൾ, വിദഗ്ധ തൊഴിലാളികൾ എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ത്രീകൾ അവരുടെ പ്രത്യുല്പാദനക്ഷമത ക്രമീകരിക്കുമെന്നാണിപ്പോള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചെറിയ കുടുംബങ്ങൾക്കും ഭൂമിയെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ പ്രാരംഭ പ്രസ്ഥാനങ്ങൾ പോലും അമ്മമാരുടെയോ ഭൂമാതാവിന്റെയോ രക്ഷയ്ക്കല്ല പ്രാഥമിക പരിഗണന നല്‍കിയത്, മറിച്ച് വികലമായ വികസന മാതൃകയ്ക്കും ആവർത്തിച്ചുള്ള ദുർവ്യയത്തിനുമാണെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി എല്ലാ കേന്ദ്ര ഫണ്ടുകളും സർക്കാരുകൾ തെറ്റായ രീതിയില്‍ വിനിയോഗിക്കുകയായിരുന്നു. ഒരു സംസ്ഥാനത്തിനും സീറ്റുകൾ കറയാതിരിക്കുകയും വലിയ സംസ്ഥാനങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്ന മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അമര്‍ഷം ഇല്ലാതാക്കിയേക്കാം. സ്ത്രീകളെ കൂടുതൽ ഉൾക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെയും അവരെ രാഷ്ട്രീയത്തിലും വിപണിയിലും മാറ്റിനിര്‍ത്തേണ്ടവരും അന്യരുമായി കണക്കാക്കാതിരിക്കുകയും ചെയ്താല്‍ കൂടുതൽ അഭിവൃദ്ധി നേടാനാകും.
(ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.