January 27, 2023 Friday

Related news

January 26, 2023
January 25, 2023
January 24, 2023
January 24, 2023
January 23, 2023
January 22, 2023
January 21, 2023
January 14, 2023
January 13, 2023
January 12, 2023

കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ എന്തുകൊണ്ട് കര്‍ഷകരെ ഭയപ്പെടുന്നു?

കെ ദിലീപ്
നമുക്ക് ചുറ്റും
December 22, 2020 5:30 am

കെ ദിലീപ്

ഇന്ത്യയിലെ കര്‍ഷകരുടെ നിലനില്പിനായുള്ള പോരാട്ടം 25 ദിവസം പിന്നിട്ടു. ദില്ലി — ഹരിയാന അതിര്‍ത്തിയിലെ ദേശീയപാതയില്‍ കൊടും തണുപ്പിനോട് മല്ലിട്ട് നമ്മളെ അന്നമൂട്ടുന്നവര്‍ ഒരു ജീവന്മരണ പോരാട്ടത്തിലാണ്. എന്താണവരെ ഇത്തരത്തില്‍ ഒരു പോരാട്ടത്തിലേക്ക് നയിച്ചത്? നരേന്ദ്രമോഡി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന് നിയമമാക്കിയ മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍. അപ്പോള്‍ നിങ്ങള്‍ ചോദിക്കും കൃഷി ഒരു സംസ്ഥാന വിഷയമല്ലേ? സംസ്ഥാന ലിസ്റ്റില്‍ പതിനാലാമതായി പറഞ്ഞിരിക്കുന്ന കൃഷി, കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും കീടങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം ഇവയില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് സംസ്ഥാനങ്ങളല്ലേ? എന്നൊക്കെ. അന്തര്‍ദേശീയ കരാറുകള്‍ നടപ്പിലാക്കുന്നതിനും മറ്റും പാര്‍ലമെന്റിന് സംസ്ഥാന ലിസ്റ്റില്‍പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താം. പക്ഷെ, ഇപ്പോള്‍ കൊണ്ടുവന്ന നിയമഭേദഗതികളില്‍ അന്താരാഷ്ട്ര കാര്യമൊന്നുമില്ല. സ്വാഭാവികമായും ഒരു സംസ്ഥാന വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുക അതും ഉണ്ടായില്ല. രാജ്യത്തെ കോടിക്കണക്കിന് കൃഷിക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിയമനിര്‍മ്മാണം നടത്തുമ്പോള്‍ അവരോട് അഭിപ്രായം ആരായുക – അതും സംഭവിച്ചില്ല.

ഇന്ന് രാജ്യമാകെയുള്ള കര്‍ഷകര്‍ ഈ നിയമഭേദഗതികള്‍ക്കെതിരെ പോരാടുകയാണ്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തിയ ലക്ഷക്കണക്കിന് കര്‍ഷകരോടൊപ്പം ചേരാന്‍ യുപിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നും കര്‍ഷക മാര്‍ച്ച് ആരംഭിക്കുവാന്‍ പോവുന്നു. തമിഴ്‌നാട്ടില്‍ നിന്നും ചെറിയ സംഘങ്ങളായി കര്‍ഷകര്‍ ദില്ലിയിലെത്തുന്നു. മോഡി പ്രഭൃതികളുടെ സ്ഥിരം അടവുകളായ സമരം ചെയ്യുന്നവരില്‍ ഭിന്നത സൃഷ്ടിക്കുക, രാജ്യദ്രോഹികളെന്ന് പ്രചരിപ്പിക്കുക, കിരാതമായ പൊലീസ് മര്‍ദ്ദനം അഴിച്ചുവിടുക തുടങ്ങിയവയൊന്നും കര്‍ഷക സമരത്തിനുനേരെ ഫലപ്രദമായില്ല. ഈ സംഭവവികാസം മോഡിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആഗോള കുത്തകകള്‍ ഇന്ത്യയിലെ കൃഷിയിടങ്ങള്‍ ലക്ഷ്യമിട്ട് എത്തിത്തുടങ്ങി. ജര്‍മ്മന്‍ കമ്പനിയായ ലംകെന്‍, ഇറ്റാലിയന്‍ കമ്പനി മാഡിയോ ഗ്രാസ്പഡോ എന്നിവയടക്കം കാര്‍ഷിക കമ്പനികളുടെ രജിസ്ട്രേഷനില്‍ 54 ശതമാനം വര്‍ധനവുണ്ടായി. അതിനിടയില്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി മാറ്റിവച്ച ഒരു ലക്ഷം കോടിയില്‍ നിന്ന് ഈ കമ്പനികള്‍ 1566 കോടി, ഉദാരമായ വ്യവസ്ഥകളില്‍ വായ്പയായി തട്ടിയെടുത്തുംകഴിഞ്ഞു. ഉല്പന്നത്തിനു വിലകിട്ടാതെ, കൃഷിയിറക്കാന്‍ വായ്പ കിട്ടാതെ നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ അവര്‍ക്കാര്‍ക്കും ഒരു ചില്ലിക്കാശുപോലും നല്കാതെ, അംബാനിയുടെ കടലാസില്‍ മാത്രമുള്ള സര്‍വകലാശാലക്ക് ശ്രേഷ്ഠപദവി നല്കിയതുപോലെ ഈ കടലാസു കമ്പനികള്‍ക്ക് കോടികളുടെ വായ്പയും മോഡി സര്‍ക്കാര്‍ നല്കിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് കൂട്ടാളികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനാവാത്തതാണ് മോഡി — ഷാ ദ്വയങ്ങളെ അസ്വസ്ഥരാക്കുന്നത്.

രാഷ്ട്രമീമാംസയില്‍ ‌‘ബനാനാ റിപ്പബ്ളിക്’ എന്ന ഒരു സംജ്ഞയുണ്ട്. ഹോണ്ടുറാസ് എന്ന മധ്യ അമേരിക്കന്‍ രാജ്യത്തെ വിശേഷിപ്പിക്കാന്‍ പ്രസിദ്ധ എഴുത്തുകാരന്‍ ഒ ഹെന്‍ട്രി ഉപയോഗിച്ചതാണ് ആ വാക്ക്. ബനാനാ റിപ്പബ്ളിക് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വകാര്യ കച്ചവട താല്പര്യങ്ങള്‍ക്കനുസരിച്ച്, അവരില്‍ നിന്നും ലഭിക്കുന്ന കൈക്കൂലി വാങ്ങി രാജ്യത്തിന്റെ പ്രാഥമിക മേഖലയായ കൃഷിയെ അവരുടെ താല്പര്യങ്ങള്‍ക്കൊത്ത് ചൂഷണം ചെയ്യാനനുവദിക്കുന്ന രാജ്യം എന്നാണ് ഹോണ്ടുറാസിന്റെയും അയല്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, നിക്കരാഗ്വ, എല്‍ സാല്‍വഡോര്‍ എന്നീ കരീബിയന്‍ കടല്‍ത്തീര രാജ്യങ്ങള്‍ ഏത്തപ്പഴ കൃഷിക്ക് പറ്റിയതാണെന്നു മനസിലാക്കിയ അമേരിക്കയിലെ അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍, യുണൈറ്റഡ് ഫ്രൂട്ട് കമ്പനി, സ്റ്റാന്റേര്‍ഡ് ഫ്രൂട്ട് കമ്പനി എന്നിവ ചേര്‍ന്ന് 19-ാം നൂറ്റാണ്ടിന്റെ അവസാന കാലം മുതല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ചമ്പാരനില്‍ നീലംകൃഷി നടത്തിയതുപോലെ കര്‍ഷകരെ അടിച്ചമര്‍ത്തി, അടിമവേല ചെയ്യിച്ച് ഏത്തപ്പഴ കൃഷി നടത്തി. തൊട്ടടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തിക്കുമ്പോള്‍ ഏത്തപ്പഴത്തിന് ആയിരം മടങ്ങ് വിലയാണ് ലഭിച്ചിരുന്നത് എന്നു കാണുമ്പോള്‍ എത്രമാത്രം കൊടിയ ചൂഷണമാണ് ഹോണ്ടുറാസടക്കമുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ കര്‍ഷകര്‍ അനുഭവിച്ചിരിക്കുക? ഈ കമ്പനികള്‍ സ്ഥാപിച്ച പാവ സര്‍ക്കാരുകളും ഈ കമ്പനികളുടെ സ്വകാര്യസേനയും ചേര്‍ന്ന് 1960 വരെ ഈ രാജ്യങ്ങളില്‍ ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് കിരാതഭരണം തുടര്‍ന്ന് 1960 കള്‍ മുതല്‍ തുടര്‍ന്ന് ആഭ്യന്തര യുദ്ധങ്ങള്‍ക്കു ശേഷം 1982 ല്‍ ഒരു സിവിലിയന്‍ ഭരണകൂടം അധികാരമേറ്റു. എങ്കിലും ഈ 21-ാം നൂറ്റാണ്ടിലും മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ ഭരണസ്ഥിരത കൈവന്നിട്ടില്ല. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ ഈ മധ്യഅമേരിക്കന്‍ രാജ്യങ്ങളിലെ അധിനിവേശത്തെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്.

1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന അഭിഭാഷകനെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എന്താണ് എന്ന തിരിച്ചറിവിലേക്കെത്തിക്കുന്നത് 1917 ലെ അദ്ദേഹത്തിന്റെ ബിഹാറിലെ ചമ്പാരന്‍ എന്ന പ്രവിശ്യയിലേക്കുള്ള യാത്രയാണ്. പാറ്റ്നയിലെ കോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയ ഗാന്ധിയെ രാജ്കുമാര്‍ ശുക്ല, സന്ത് റൗത്ത് എന്നീ ദരിദ്ര കര്‍ഷകര്‍, ചമ്പാരനില്‍ ഫലഭൂയിഷ്ടമായ മണ്ണില്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി നീലംമാത്രം കൃഷി ചെയ്യാന്‍ അനുവദിക്കപ്പെട്ട കര്‍ഷകരുടെ ദയനീയാവസ്ഥ നേരില്‍ കാണുവാന്‍ നിര്‍ബന്ധപൂര്‍വം ക്ഷണിക്കുന്നു. 1917 ഏപ്രില്‍ 10 ന് ചമ്പാരനിലെത്തിയ ഗാന്ധി മറ്റെല്ലാം മാറ്റിവച്ച് കര്‍ഷകരുടെ നേത‍ൃത്വം ഏറ്റെടുക്കുന്നു. അറസ്റ്റും ജയില്‍വാസവും ഒന്നും വകവയ്ക്കാതെ ചമ്പാരനിലെ കര്‍ഷകര്‍ക്ക് നീതി ലഭിക്കാന്‍ നടത്തിയ വിജയകരമായ സമരത്തിലൂടെയാണ് അദ്ദേഹം മഹാത്മാവിലേക്കുള്ള പ്രയാണം ആരംഭിച്ചത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടുവാനുള്ള ഊര്‍ജ്ജം ഗാന്ധിജിക്ക് പകര്‍ന്നുനല്‍കിയത് ചമ്പാരനിലെ കര്‍ഷകരായിരുന്നു.

ധാരാളം പ്രകൃതിവിഭവങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയുമുള്ള ഇന്ത്യ പോലൊരു രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കിട്ടിയാല്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ഇന്നത്തെ കോര്‍പ്പറേറ്റുകളുടെ പ്രാഗ്‌രൂപമായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും പിന്നീട് ബ്രിട്ടീഷുകാരും ഭരിച്ചിരുന്ന കാലത്ത് പട്ടണികൊണ്ട് മരിച്ചുവീണ ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരുടെ കണക്കുമാത്രം നോക്കിയാല്‍ മതിയാവും. 1770 മുതല്‍ 1943 വരെ വിവിധ കാലഘട്ടങ്ങളില്‍ ബംഗാളില്‍ മാത്രം ക്ഷാമംകൊണ്ട് പത്ത് മില്യണ്‍ ജനങ്ങളാണ് മരിച്ചുവീണത്. 1899 – 1900 വര്‍ഷങ്ങളില്‍ മധ്യേന്ത്യയിലും വടക്കേ ഇന്ത്യയിലും ഉണ്ടായ ക്ഷാമം 59.9 മില്യണ്‍ ജനങ്ങളെയാണ് ബാധിച്ചത്. ഡക്കാനില്‍ മാത്രം 1,66,000 പേരും ബോംബെ പ്രസിഡന്‍സിയില്‍ 46,200 പേരും അതായത് ജനസംഖ്യയുടെ ആയിരത്തില്‍ മുപ്പത്തെട്ടു പേര്‍ മരിച്ചുവീണു. ലക്ഷക്കണക്കിനു കന്നുകാലികള്‍ വെള്ളം കിട്ടാതെ ചത്തൊടുങ്ങി. എന്നാല്‍ ഈ കാലഘട്ടത്തില്‍ കോവിഡ് കാലത്ത് ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനത്തിലുണ്ടായ അളവറ്റ വര്‍ധനവുപോലെതന്നെ, ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള സമ്പത്തിന്റെ ഒഴുക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ‘യൂറോപ്പിന്റെ സമ്പത്ത് ഇന്ത്യയിലെ ശവക്കല്ലറകളില്‍ നിന്നാണ്” എന്ന ചൊല്ല് പച്ചയായ സത്യം മാത്രമായിരുന്നു.

ദിനംപ്രതി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരും ഒരുനേരത്തെ ഭക്ഷണം ലഭിക്കാതെ, ചികിത്സ ലഭിക്കാതെ, വടക്കേ ഇന്ത്യയിലെ ജയിലുകളില്‍ അടയ്ക്കപ്പെട്ട് നിരന്തരം പീഡനമേല്‍ക്കുന്ന ദളിതരും ആദിവാസികളും നമ്മളോട് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇനിയും ഒരു കോര്‍പ്പറേറ്റ് അധിനിവേശം വരുത്തിവക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ്. ഇന്ത്യയിലെ 16.6 ശതമാനം വരുന്ന പട്ടികജാതിക്കാരുടെയും 8.6 ശതമാനം വരുന്ന പട്ടികവര്‍ഗക്കാരുടെയും 71 ശതമാനം വരുന്ന ഗ്രാമീണ ജനതയുടെയും ശവപ്പറമ്പുകളില്‍ നിന്നാണ് കോര്‍പ്പറേറ്റുകളുടെ ഇന്ത്യ പിറവിയെടുക്കുക എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ ഇന്ന് സമരമുഖത്ത് നില്ക്കുന്നത്.

ഇന്ത്യയിലെ ആദ്യ കര്‍ഷക സമരം നടന്നത് പഞ്ചാബിലാണ് 1900 ത്തില്‍ ഭൂമി കൈമാറ്റ നിയമം ഭേദഗതി ചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയിലെ അവകാശം ഇല്ലാതെയാക്കി. 1900 ഏപ്രില്‍ ഏഴാം തീയതി 12,000 ത്തോളം കര്‍ഷകര്‍ ലാഹോറില്‍ മാര്‍ച്ച് നടത്തി. ഏപ്രില്‍ 29ന് റാവല്‍പിണ്ടിയില്‍ നടന്ന പ്രതിഷേധ സമ്മേളനത്തോടെ സമരം കാട്ടുതീപോലെ പടര്‍ന്നു. ഷഹീദ് ഭഗത്‌സിന്റെ അമ്മാവന്‍ സര്‍ദാര്‍ അജിത് സിങായിരുന്നു പ്രക്ഷോഭകാരികളുടെ നേതാവ്. ബ്രിട്ടീഷുകാര്‍ നിയമം പിന്‍വലിച്ചു. ഇന്ത്യയില്‍ ആദ്യമായി ബ്രിട്ടീഷ് സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷക സമരം. സര്‍ദാര്‍ അജിത് സിങ് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായ ദിവസം ദില്ലിയില്‍ വച്ച് അന്തരിച്ചു. മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ഇതായിരുന്നു “ദൈവമേ എന്റെ ദൗത്യം സഫലമായി”.

121 വര്‍ഷങ്ങള്‍ക്കിപ്പുറം പഞ്ചാബിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റ് അധിനിവേശത്തിനെതിരെ വീണ്ടും ഒരു പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്. ഈ പ്രക്ഷോഭം രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള മണ്ണില്‍ പണിയെടുത്ത് രാജ്യത്തെ ഊട്ടുന്ന കര്‍ഷകരാണ് നയിക്കുന്നത്. അത് വിജയിക്കുകതന്നെ ചെയ്യും.

Eng­lish Sum­ma­ry : Why are cor­po­rate bro­kers afraid of farmers?

You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.