ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇന്ത്യന്‍ കോഫീ ഹൗസില്‍ ബീറ്റ്‌റൂട്ടിന് ഇത്ര പരിഗണനയെന്ന്!

വിജയശ്രീ
Posted on September 25, 2019, 7:08 pm

നമ്മുടെ അടുക്കളയില്‍ സ്ഥിരം കാണാറുള്ള പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. കൂടാതെ ഇന്ത്യന്‍ കോഫീ ഹൗസുകളില്‍ മസാല ദോശയ്ക്കുള്‍പ്പെടെ രുചി കൂട്ടുന്നതിനായി കാലങ്ങളായി ബീറ്റ്റൂട്ടാണ് ഉപയോഗിച്ച് പോരുന്നതും.  എന്നാല്‍ ബീറ്റ്‌റൂട്ടിനോട് ഭ്രമം ഉള്ളവര്‍ വളരെ കുറവ് ആയിരിക്കും. കുട്ടികള്‍ ആയാലും മുതിര്‍ന്നവര്‍ ആയാലും ബീറ്ററൂട്ട് മാറ്റിവെയ്ക്കാറാണ് പതിവ്. എന്നാല്‍ ഇനി ബീറ്റ്‌റൂട്ട് മാറ്റി വെയ്ക്കാന്‍ വരട്ടെ, നമ്മളറിയാത്ത ഒരുപാട് ഗുണങ്ങള്‍ ബീറ്റ്‌റൂട്ടിനുണ്ട്. എന്താണെന്ന് അറിയോ?

നിത്യേന ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഫൈബറിന്റെ അളവ് കൂടുതലും കാലറി കുറവുമാണ്. ഈ ഫൈബറുകള്‍ ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവര്‍ത്തിക്കുന്നതു വഴി ശരീരഭാരം കുറയാന്‍ ഒരുപരിധി വരെ സഹായകവുമാണ്. കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. അതുകൊണ്ട് ബീറ്റ്‌റൂട്ട് ധാരാളം കഴിക്കുന്നവരുടെ ശരീരത്തിന്റെ തിളക്കം വര്‍ധിക്കുന്നതായി കാണുന്നുണ്ട്.

ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിത്യവും ആഹാരത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിും ഏറെ സഹായകമാണ്.

ബീറ്റ്‌റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ധാരാളം സോല്യൂബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഉത്തമമാണ്.

ഔഷധഗുണമുള്ള ഒന്നായി വളരെ മുന്‍പു തന്നെ ബീറ്റ്‌റൂട്ടിനെ പരിഗണിച്ചു വരുന്നുണ്ട്. കുടല്‍ കാന്‍സര്‍, ലിവര്‍ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് നിത്യേന കുടിക്കുന്നത് ഫലപ്രദമാണ്.

പോഷകസംപുഷ്ടമായ ബീറ്റ്‌റൂട്ട് രോഗപ്രതിരോധശേഷിയെ പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉല്‍പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യാത്ത ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ സ്‌പൈനല്‍കോഡിന് ഉറപ്പുവരുത്തുകയും കോശവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമപ്രതിവിധി കൂടിയാകുന്നു ബീറ്റ്‌റൂട്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാല്‍ത്തന്നെ അനീമിയയെ ചെറുക്കാനും സാധിക്കും.

ഇത്രയേറെ ഗുണങ്ങളുള്ള പച്ചക്കറിയെ ആണല്ലോ ഇത്രയും നാള്‍ മാറ്റി വെച്ചത്. അപ്പോള്‍ ഇനി മുതല്‍ ബീറ്റ്‌റൂട്ട് ഒഴിവാക്കാന്‍ തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുമല്ലോ.

പിന്‍കുറിപ്പ്: ഇത് മുന്‍പ് തന്നെ മനസ്സിലാക്കിയത് കൊണ്ടാകാം ഇന്ത്യന്‍ കോഫീ ഹൗസില്‍ ബീറ്റ്‌റൂട്ടിന് പ്രത്യേക പരിഗണന നല്‍കിയത്.

you may also like this video;