Web Desk

December 09, 2019, 10:38 pm

നിയമവാഴ്ച തകര്‍ക്കുന്നതെന്തിന്?

Janayugom Online
justice law 1
k dileep

ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, പട്ടിണി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഇവയെല്ലാം തന്നെ ഭിന്നമായ സംഭവങ്ങളല്ല, ഭിന്നമായ കാരണങ്ങളാല്‍ സംഭവിക്കുന്നതുമല്ല. മേല്‍പറഞ്ഞ ക്രൂരതകള്‍ക്കെല്ലാം ഒരേ ഒരു കാരണമേയുള്ളു. രാജ്യത്ത് സംഭവിക്കുന്ന സാമൂഹ്യ സാമ്പത്തികത്തകര്‍ച്ച. ഈ തകര്‍ച്ചയുടെ ഉപോല്‍പന്നമാണ് സാമൂഹ്യ അരക്ഷിതാവസ്ഥ. രാജ്യത്ത് സാമൂഹ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങളും മറ്റ് വിലപിടിപ്പുള്ളതെന്തും കൊള്ളയടിക്കുവാനുള്ള അരങ്ങൊരുങ്ങുന്നു. ആഭ്യന്തരയുദ്ധവും ക്ഷമവും പകര്‍ച്ചവ്യാധികളും തേര്‍വാഴ്ച നടത്തുന്ന മധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ (ലോക ദരിദ്ര പട്ടികയില്‍ ഇന്ത്യയ്ക്ക് തൊട്ടുതാഴെയുള്ള അപൂര്‍വം രാഷ്ട്രങ്ങളില്‍ ചിലത്) നമ്മള്‍ ഇന്ന് കാണുന്നത് ഇതുതന്നെയാണ്.

ഉഗാണ്ട, റുവാണ്ട, കോംഗോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അവിടങ്ങളിലെ അരാജക്ത്വവും ആഭ്യന്തര കലഹങ്ങളും മറയാക്കി കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ കാടുകള്‍ കൊള്ളയടിക്കുകയാണ്. കയ്യൂക്കിന്റെ മാത്രം ബലത്തില്‍ കൊന്നൊടുക്കി ഇന്ന് ആഫ്രിക്കന്‍ ആനകള്‍ വംശനാശ ഭീഷണിയിലാണ്. അപൂര്‍വങ്ങളായ പല ജീവജാലങ്ങളും ഭൂമുഖത്ത് നിന്ന് പൂര്‍ണമായും ഇല്ലാതെയായി. ലോകത്തെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളിലൊന്നായ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ചിങ്കോ വനങ്ങളില്‍ വനംകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത് സുഡാനിലെയും അംഗോളയിലെയും മൊസാംബിക്കിലെയും മറ്റും ഒളിപ്പോരാളികളാണ്. ആനക്കൊമ്പും കാട്ടുമ‍ൃഗങ്ങളുടെ മാംസ്യവും വിലപിടിപ്പുള്ള മരങ്ങളുമൊക്കെ കൊള്ളയടിക്കാനായി കോര്‍പ്പറേറ്റുകളാല്‍ സൃഷ്ടിക്കപ്പെടുന്നതാണ് മധ്യാഫ്രിക്കയിലെ അക്രമി സംഘങ്ങള്‍. അവര്‍ക്ക് ആയുധം എത്തിച്ചു നല്‍കുന്നത് മറ്റൊരു ലാഭം കൊയ്യുന്ന വ്യവസായം.

ബ്രസീലിലെയും കൊളംബിയയിലെയും വെനിസ്വേലയിലെയുമൊക്കെ ജനാധിപത്യ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിക്കൊണ്ട് പാവസര്‍ക്കാരുകളെ പ്രതിഷ്ഠിച്ചാണ് ബ്രസീല്‍, കൊളംബിയ, പെറു എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ നദീതടത്തിലെ ലോകത്തെ ഏറ്റവും വലിയ മഴക്കാടുകള്‍ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ആമസോണ്‍ നദി മാത്രം പരാമര്‍ശിക്കുന്നത് ശരിയായിരിക്കില്ല. ആയിരക്കണക്കിന് നദികള്‍, ലോകത്ത് മറ്റെവിടെയുമില്ലാത്ത ജൈവവൈവിധ്യം 5.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ബ്രസീല്‍, പെറു, കൊളംബിയ, വെനിസ്വല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നീ ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ആമസോണ്‍ മഴക്കാടുകള്‍ കൊള്ളയടിക്കുക, വെട്ടിവെളിപ്പിച്ച് ആവാസകേന്ദ്രങ്ങളും തോട്ടങ്ങളുമാക്കി മാറ്റുക എന്ന താല്പര്യത്തോടെ അനേകം കോര്‍പറ്റേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്രസീലിലെ ആമസോണ്‍ പ്രദേശത്തെ സംസ്ഥാനമായ പറാ വിശേഷിപ്പിക്കപ്പെടുന്നത് പരിസ്ഥിതി പ്രവര്‍ത്തകരുടെ കൊലയിടം എന്നാണ്. ഇവിടെ വധിക്കപ്പെട്ടവരില്‍ സാന്‍ഡോസ് ബ്രിട്ടോ എന്ന തദ്ദേശീയ വംശജനായ പരിസ്ഥിതി പ്രവര്‍ത്തകനാണ് ഏറ്റവും പുതിയ ഇര. ആമസോണ്‍ കാടുകള്‍ വെട്ടിത്തെളിക്കുന്നതിനെതിരെ വനവാസികളുടെ ചെറുത്തുനില്പിന് നേതൃത്വം നല്‍കിയിരുന്ന പൗലോ പൗളിനോ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ മാസമാണ്. ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുകയാണ്. ബ്രസീലിലും ലോകമെമ്പാടുമുള്ള പരിസ്ഥിതിയെക്കുറിച്ച് ആകാംക്ഷയുള്ള ജനങ്ങള്‍ ഉത്ക്കണ്ഠാകുലരാവുമ്പോഴും ബ്രസീലിലെ പ്രസിഡന്റ് ജെയര്‍ ബൊള്‍ഡനാരോയ്ക്ക് ഒരു വേവലാതിയുമില്ല. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് തീയിടുന്നത് എന്നാണ് പ്രസിഡന്റിന്റെ ഭാഷ്യം. തെളിവുണ്ടോ? ഇല്ല.

തീയണയ്ക്കാന്‍ ആവശ്യമായ സന്നാഹവുമില്ല. താല്പര്യവുമില്ല. ഈ ബൊള്‍‍ഡനാരോ, അമേരിക്കയില്‍ ട്രംപുയര്‍ത്തിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ”അമേരിക്ക എല്ലാറ്റിനും മുന്നില്‍” എന്നത് കോപ്പിയടിച്ച് ”ബ്രസീല്‍ എല്ലാറ്റിനും മുന്നില്‍, അതിലും മുകളില്‍ ദൈവം മാത്രം” എന്നാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ നടത്തിയ പ്രസ്താവന, ബ്രസീലിനെ സോഷ്യലിസത്തില്‍ നിന്ന് മോചിപ്പിച്ചു എന്നും ജനങ്ങളെ ഒരുമിപ്പിക്കാനായി ജൂഡോ ക്രിസ്ത്യന്‍ മതപാരമ്പര്യം പിന്തുടരുമെന്നും ലിംഗസമത്വ തത്വശാസ്ത്രത്തിനെതിരെ നിലകൊള്ളുമെന്നും പാരമ്പര്യം സംരക്ഷിക്കുമെന്നുമായിരുന്നു. ട്രംപ് ഈ പ്രസംഗത്തെ ഏറെ പ്രശംസിക്കുകയും ചെയ്തു. ഇപ്പോള്‍ ആമസോണ്‍ കാടുകള്‍ കോര്‍പ്പറേറ്റുകള്‍ കത്തിക്കുകയാണ്. ഇതിലും നല്ലൊരുവസരം അവര്‍ക്ക് കൈവരാനില്ല.

ഇന്ത്യ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി സ്വാതന്ത്ര്യം നേടിയ രാജ്യമാണ്. വിവിധങ്ങളായ വിശ്വാസങ്ങള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, മതങ്ങള്‍ ഇവയെല്ലാം ഒന്നിച്ച് ഒരേ മനസോടെ പൊരുതി നേടിയ സ്വാതന്ത്ര്യം. ഈ ഐക്യം എങ്ങനെ തകര്‍ക്കാം എന്നതാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന വിഷയം. മതപരമായ ഭിന്നിപ്പിനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ല. ഭാഷാപരമായും ജാതീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും വേണ്ടത്ര വിജയിക്കുന്നില്ല. അവിടെയാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമിസംഘങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ വിഹരിക്കാന്‍ അവസരമുണ്ടാക്കുന്നതിന്റെ രാഷ്ട്രീയം. ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, യു പി എന്നീ സംസ്ഥാനങ്ങളിലാണ്.

വാര്‍ത്തകളില്‍ ഇന്ന് ഏറ്റവും അപമാനം നേരിടുന്നത് ഉത്തര്‍പ്രദേശിലെ ‘ഉന്നാവോ’ എന്ന ജില്ലാ തലസ്ഥാനമാണ്. 2019 ജനുവരി മുതല്‍ നാളിതുവരെ 86 ബലാല്‍സംഗക്കേസുകളും, 185 ലൈംഗിക പീഡന കേസുകളുമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതുക പ്രാകൃതരായ അക്രമിസംഘങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരിടം എന്നായിരിക്കും. എന്നാല്‍ വാസ്തവമെന്താണ്. 12-ാം നൂറ്റാണ്ട് വരെ പഴക്കമുള്ള ഒരു നഗരമാണ് ഉന്നാവോ. ഗോദോസിംഗ് എന്ന രജപുത്രന്‍ 12-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച പട്ടണമാണ് അത്. കനൗജിലെ രാജാക്കന്മാരിലേക്ക് കൈമാറപ്പെട്ട ഈ പട്ടണത്തിന്റെ ഭരണാധികാരിയായി അവര്‍ ഖാണ്ഡേസിംഗിനെ നിയമിച്ചു. അയാളെ വധിച്ച് അവിടെ അധികാരം സ്ഥാപിച്ച് കോട്ടകെട്ടിയ ഉന്‍വന്ത് റായ്സിംഗിന്റെ പേരിലാണ് പിന്നീട് ‘ഉന്നാവോ’ അറിയപ്പെട്ടത്.

മൗലാനാ ഹസ്രത് മൊഹാരി, ഭഗവതിചരണ്‍ ശര്‍മ്മ, ശിവ്മംഗള്‍ സിംഗ് (സുമന്‍) തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളായ എഴുത്തുകാരുടെ ജന്മഭമി, തുകല്,‍ പരുത്തി, നൂല്‍, ചായംമുക്കല്‍,‍ പ്രിന്റിംഗ് തുടങ്ങിയ വ്യവസായങ്ങള്‍, എൻജിനീയറിംഗ് കോളജുകള്‍, സ്കൂളുകള്‍, ജില്ലാ ആശുപത്രി ഈ രാജ്യത്തെ മറ്റ് പട്ടണങ്ങളില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത ഒന്ന്. പക്ഷെ അവിടെ എങ്ങനെ ഇത്രയും നിഷ്ഠുരമായ സംഭവങ്ങള്‍ നടക്കുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമന്വേഷിക്കുമ്പോള്‍ ഉന്നാവോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രമാദമായ ബലാല്‍സംഗ കേസിലെ പ്രതി ഭരണകക്ഷിയായ ബിജെപിയുടെ സ്ഥലം എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ആണ് എന്നതാണ്. ഈ പരാതി നല്‍കിയശേഷം ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എത്രമാത്രം ക്രൂരവും നിന്ദ്യവുമാണ് എന്നുകൂടി നമ്മള്‍ അറിയണം.

ആ പെണ്‍കുട്ടിയുടെ അച്ഛനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊല്ലുന്നു. പെണ്‍കുട്ടി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. രാജ്യമാകെ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രം സെന്‍ഗാറിനെതിരെ കേസെടുക്കുന്നു. 2019 ജൂലൈ 28ന് പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സ‍‍ഞ്ചരിച്ച കാറില്‍ ട്രക്കിടിപ്പിച്ച് ആ അപകടത്തില്‍ രണ്ട് ബന്ധുക്കള്‍ മരിക്കുന്നു. അഭിഭാഷകനും പെണ്‍കുട്ടിയും അത്യാസന്നനിലയില്‍ ആശുപത്രിയിലാവുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നിയമിച്ച അംഗരക്ഷകരാരും ആ സമയത്ത് കൂടെയില്ല താനും. കേസിലെ ഒരു പ്രധാന സാക്ഷിയായ പെണ്‍കുട്ടിയുടെ അമ്മാവനും ഇപ്പോള്‍ ജയിലിലാണ്. ഈയൊരു പശ്ചാത്തലം തന്നെയാണ് മറ്റ് ക്രിമിനിലുകള്‍ക്കും പ്രോത്സാഹനമായി മാറുന്നത്. നിയമവാഴ്ച തകരുന്നിടത്താണ് അരാജകത്വം വളരുന്നത് എന്ന ബാലപാഠം ഉള്‍ക്കൊള്ളാത്ത ഭരണകൂടങ്ങളാണ് സാമൂഹ്യവ്യവസ്ഥിതിയുടെ തകര്‍ച്ചയ്ക്ക് കളമൊരുക്കുന്നത്. ഈ തകര്‍ച്ചയിലൂടെ ലാഭമുണ്ടാക്കുന്നത്. രാജ്യം കൊള്ളയടിക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന കോര്‍പ്പറേറ്റുകളും.