Site iconSite icon Janayugom Online

ബെഞ്ചുകളും പെട്ടികളും നീക്കം ചെയ്യാന്‍ എന്തിന് ബുള്‍ഡോസര്‍

വൈരനിര്യാതന ബുദ്ധിയോടെ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജഹാംഗിര്‍ പുരിയില്‍ നടത്തിയ ഇടിച്ചു പൊളിക്കലിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പെട്ടിക്കടകളും ബെഞ്ചുകളും പെട്ടികളും നീക്കം ചെയ്യാന്‍ ബുള്‍ഡോസറിന്റെ ആവശ്യമെന്തെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ച് കോര്‍പറേഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു. ഹര്‍ജികളില്‍ നോട്ടീസയച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരവില്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കു ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇടിച്ചു നിരത്തല്‍ നിര്‍ത്തിവച്ച് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ട ശേഷവും പൊളിക്കല്‍ തുടര്‍ന്ന എന്‍ഡിഎംസി നടപടിയെ കോടതി ഗൗരവതരമായാണ് വിലയിരുത്തുന്നത്. കോടതി അലക്ഷ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേസിന്റെ തുടര്‍ വാദത്തിനിടെ കോടതിയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് നിയമ വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇടിച്ചു നിരത്തലിന് മുന്നോടിയായി ഇവിടെ നോട്ടീസ് നല്‍കിയിരുന്നോ എന്ന് ബെഞ്ച് എസ്ജിയോട് ആരാഞ്ഞു.

എന്നാല്‍ പൊതുസ്ഥലങ്ങളിലെ കയ്യേറ്റം നീക്കം ചെയ്യാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമ പ്രകാരം മുന്‍കൂര്‍ നോട്ടീസ് വേണ്ടെന്നായിരുന്നു എസ്ജിയുടെ മറുപടി. നിയമപരമായി ഇത്തരം ഇടിച്ചു നിരത്തലിനു മുമ്പ് നോട്ടീസ് ലഭിച്ചാല്‍ അപ്പീല്‍ നല്‍കാന്‍ അഞ്ച് മുതല്‍ 15 ദിവസം വരെ സമയം ലഭിക്കുമെന്ന ചട്ടം ഈ ഘട്ടത്തില്‍ ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി. വഴിയോരത്തെ കയ്യേറ്റങ്ങളാണ് 20ന് ഇടിച്ചു നിരത്തിയത്.

കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും എസ് ജി മറുപടി നല്‍കി. യാതൊരു നോട്ടീസും മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും തന്റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്ന് ഇടിച്ചു നിരത്തപ്പെട്ട ഒരു കടയുടെ ഉടമ ഗണേഷ് ഗുപ്തയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡേ ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍ ഇടിച്ചു നിരത്തലുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദാംശങ്ങളും കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നായിരുന്നു എസ്ജി ഇതിന് മറുവാദം ഉന്നയിച്ചത്. ഇടിച്ചു നിരത്തലിന് വിധേയരായവര്‍ നോട്ടീസ് ലഭിച്ചോ ഇല്ലയോ എന്നകാര്യം പറയട്ടെ. കേസിലെ ഹര്‍ജിക്കാര്‍ ഇടിച്ചു നിരത്തലിന് ഇരകളായവരല്ല. മറിച്ച് ഒരു സംഘടനയാണ് പരാതിയുമായി സുപ്രീം കോടതിയില്‍ എത്തിയതെന്നും എസ്ജി ചൂണ്ടിക്കാട്ടി.

ജഹാംഗിര്‍പുരിയിലെ ഇടിച്ചു നിരത്തലിനെതിരെ ജമാഅത്തെ ഉല്‍മ ഐ ഹിന്ദ് എന്ന സംഘടനയും ഇടിച്ച് നിരത്തലിന് ഇരയായ ഗണേശ് ഗുപ്തയെന്ന കടയുടമയും സമര്‍പ്പിച്ച ഹര്‍ജികളാണ് ഇന്നലെ സുപ്രീം കോടതി പരിഗണിച്ചത്. ഇടിച്ചുനിരത്തല്‍ നടന്നതായി സംഘടനയുടെ ഹര്‍ജിയില്‍ പരാമര്‍ശിച്ച മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ കോടതി ഉത്തരവായി. ഗണേശ് ഗുപ്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

1977–78ലാണ് ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റി തനിക്ക് സ്ഥലം അനുവദിച്ചതെന്നും അന്നു മുതല്‍ ഇന്നുവരെ കോര്‍പറേഷനുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും നികുതിയും ഒടുക്കി വരുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇടിച്ചു നിരത്തല്‍ നടന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Eng­lish sum­ma­ry; Why bull­doz­er to remove bench­es and boxes

You may also like this video;

Exit mobile version