June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ബാങ്ക് ജീവനക്കാരോട് അനീതി തുടരുന്നത് എന്തിന്?

By Janayugom Webdesk
January 30, 2020

ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സേവന‑വേതന കരാർ കാലഹരണപ്പെട്ടിട്ട് 27 മാസമായി. 2017 ഒക്ടോബർ 31 ന് കാലാവധി കഴിഞ്ഞ സേവന വേതനക്കരാർ നീതിപൂർവകമായി പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്കുകയാണ്. പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകളിലെ പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത്. ന്യായമായ വേതനപരിഷ്ക്കരണം നടപ്പാക്കുക, പഞ്ചദിനവാര പ്രവർത്തനം നടപ്പിലാക്കുക, സ്പെഷ്യൽ അലവൻസ് അടിസ്ഥാന ശമ്പളത്തോടൊപ്പം സംയോജിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക, പെൻഷൻ പരിഷ്ക്കരിക്കുക, കുടുംബപെൻഷൻ വർധിപ്പിക്കുക, പ്രവർത്തന ലാഭാടിസ്ഥനത്തിൽ സ്റ്റാഫ് വെൽഫെയർ ഫണ്ട് പുതുക്കി നിശ്ചയിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നികുതി വിമുക്തമാക്കുക, ശാഖകളുടെ പ്രവൃത്തിസമയം, ഉച്ചഭക്ഷണ സമയം മുതലായവ ക്രമീകരിച്ച് പുനർനിർവ്വചിക്കുക, ലീവ് ബാങ്ക് നടപ്പാക്കുക, ഓഫീസർമാരുടെ പ്രവൃത്തിസമയം നിജപ്പെടുത്തുക, തുല്യജോലിക്ക് തുല്യശമ്പളമെന്ന തത്വപ്രകാരം കരാർ തൊഴിലാളികൾക്കും ബിസിനസ് കറസ്പോണ്ടന്റുമാർക്കും ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്.

2017 ആദ്യപാദത്തിൽ തന്നെ ബാങ്ക് യൂണിയനുകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് അവകാശപത്രിക നൽകി. 2017 മെയ് മാസം ചർച്ചകൾ ആരംഭിക്കുകയും ഇതിനകം 39 വട്ടം ചർച്ചകൾ നടന്നുവെങ്കിലും കാലോചിതവും തൃപ്തികരവുമായ ശമ്പളപരിഷ്ക്കരണത്തിന് ഐബിഎ തയ്യാറായിട്ടില്ല. ചർച്ചകളുടെ തുടക്കത്തിൽ യൂണിയനുകൾ സമർപ്പിച്ച അവകാശപത്രിക മാറ്റിവെച്ച് മാനേജ്മെന്റ് അജണ്ടകളും ആവശ്യങ്ങളുമാണ് മാസങ്ങളോളം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചർച്ചാവിഷയമാക്കിയത്. തുല്യജോലിക്ക് തുല്യശമ്പളമെന്ന തത്വം വിസ്മരിച്ചും ബാങ്കുകളിലെ ജോലി നിർവ്വഹണം കൂട്ടായതും സംയോജിതവുമായ പ്രവർത്തനമാണ് എന്നതും (ടീം വർക്ക്) അവഗണിച്ചും ഒരേ കേഡറിനകത്തുതന്നെ ജീവനക്കാരെ ‘പെർഫോർമൻസി‘ന്റെ പേരിൽ തരംതിരിച്ച് ശമ്പളത്തിന്റെ ഗണ്യമായൊരു ഭാഗം വേരിയബിൾ പേ ആയി വ്യക്തിഗത കാര്യനിർവ്വഹണത്തിനനുസരിച്ച് മാറ്റുവാനാണ് മാനേജ്മെന്റുകൾ ശ്രമിച്ചത്. ‘ഹയർ ആന്റ് ഫയർ’ രീതികൾ നടമാടുന്ന ബഹുരാഷ്ട്ര കോർപറേഷനുകളിലെ ‘കോസ്റ്റ് ടു കമ്പനി — വേരിയബിൾ പേ’ മാതൃകകൾ ഇന്ത്യയിലെ ബാങ്കുകളിൽ നടപ്പാക്കുന്നതിലെ യുക്തിഹീനത യൂണിയനുകൾ തുറന്നുകാട്ടി. പുറംകരാർവൽക്കരണം, ജോലി ജീവിതക്രമങ്ങൾ തകിടം മറിക്കുന്ന സ്ഥലംമാറ്റ നയങ്ങൾ, നിർബന്ധിത റിട്ടയർമെന്റ് തുടങ്ങിയ മാനേജ്മെന്റ് ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ബാങ്ക് മാനേജുമെന്റുകൾ ചർച്ചയ്ക്ക് കൊണ്ടുവന്നത് തന്നെ തൊഴിലാളി വിരുദ്ധ സമീപനങ്ങളുടെ ഉദാഹരണങ്ങളാണ്.

ശാഖകളുടെ എണ്ണത്തിലും ബിസിനസ്സിലും ജോലിഭാരത്തിലും ഇക്കാലയളവിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങൾ കൂടാതെ ഇക്കാലയളവിൽ നിരവധി കേന്ദ്രസർക്കാർ ആവിഷ്കൃത പദ്ധതികളുടെ നിർവ്വഹണവും ബാങ്കുകളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇൻഷുറൻസ് പോളിസികളുടെയും പെൻഷൻ പദ്ധതികളുടെയും വില്പനയും ആധാർ എൻറോൾമെന്റ് തുടങ്ങി അനേകം അധികജോലികൾ ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് ചെയ്യുന്നത്. അതേസമയം, ജീവനക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലും പ്രവർത്തന ലാഭത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 2017–18 ധനകാര്യവർഷം 155585 കോടി രൂപയും 2018–2019 ൽ 149804 കോടി രൂപയുമാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന ലാഭം. ബാങ്കുകളുടെ മൊത്തം ചെലവിൽ ജീവനക്കാരുടെ ശമ്പള ചെലവ് ഇക്കാലയളവിൽ കുറയുകയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ഉപഭോക്തൃ വിലസൂചിക ഗണ്യമായി വർധിച്ചിട്ടുണ്ട്. മുൻകരാർ കാലഘട്ടത്തിൽ 4440 പോയിന്റ് അടിസ്ഥാനത്തിൽ ക്ഷാമബത്ത പുനർനിർണയിച്ചപ്പോൾ 2019 അവസാനം 7212-ആയി കൺസ്യൂമർ പ്രെെസ് ഇൻഡക്സ് ഉയർന്നു, അതായത് 2872 പോയിന്റുകളുടെ വർധനവ്. ഈ വസ്തുതകളും അനുസ്യൂതം തുടരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും മറ്റും പരിഗണിച്ച് ശമ്പള പരിഷ്ക്കരണം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനത്തിനെതിരായാണ് പണിമുടക്കുന്നത്.

2016 ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ശമ്പളപരിഷ്ക്കരണ ചർച്ചകൾ കാലേകൂട്ടി നടത്തി പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് ഉണ്ടായിരുന്നത്. അതാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ കാറ്റിൽപ്പറത്തിയിരിക്കുന്നത്. അവസാനവട്ടം ചർച്ചകൾ നടന്നത് ജനുവരി 13നാണ്. 12.25 ശതമാനത്തിലപ്പുറം ഒരു വർധനവും അനുവദിക്കുകയില്ല എന്ന നിഷേധാത്മക നിലപാടാണ് ബാങ്ക് മാനേജ്മെന്റുകൾ സ്വീകരിച്ചത്. ഈ ഒരു പശ്ചാത്തലത്തിൽ 2020 ജനുവരി 31,ഫെബ്രുവരി 1ന് ദ്വിദിന പണിമുടക്കും, മാർച്ച് 11,12,13ന് ത്രിദിന പണിമുടക്കും, ഏപ്രിൽ 1 മുതൽ അനിശ്ചിതകാല പണിമുടക്കിനുമാണ് തീരുമാനമെടുത്തിട്ടുള്ളത്. പണിമുടക്കിന് മുന്നോടിയായി വിവിധ തീയതികളിൽ പ്രതിഷേധ പ്രകടനങ്ങളും ധർണകളും ധനമന്ത്രിക്ക് ഭീമഹർജി സമർപ്പണവും നടത്തുകയുണ്ടായി. ജനുവരി 30ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധ റാലികൾ നടക്കും. ജനുവരി 30 അർദ്ധരാത്രി മുതൽ ഫെബ്രുവരി 1 അർദ്ധരാത്രി വരെ 48 മണിക്കൂർ പണിമുടക്കും കേന്ദ്രീകൃത പ്രതിഷേധ റാലികളും ധർണകളും നടക്കും. ഫെബ്രുവരി 1ന് പ്രധാന മന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർമാർ വഴി സമർപ്പിക്കും. പ്രശ്നപരിഹാരം ഉണ്ടാവാതെ വന്നാൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കും. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ബാങ്കുകൾ കിട്ടാക്കടങ്ങൾക്കായി എഴുതിത്തള്ളിയത് 5.14 ലക്ഷംകോടി രൂപയാണ്. ഈ കാലഘട്ടത്തിലെ ശമ്പള ചെലവ് ഇതിലെത്രയോ താഴെയാണ്. യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുള്ള ശമ്പളവർധനവ് അപ്പാടെ അംഗീകരിച്ചാൽപോലും പ്രവർത്തനലാഭത്തിന്റെ 7 ശതമാനത്തിൽ താഴെയെ ചെലവ് വരൂ. ഭരണഘടനയിലെ നിർദ്ദശക തത്വങ്ങളുടെ 41,42,43 അനുച്ഛേദങ്ങളിൽ തൊഴിലവകാശവും മാന്യമായ തൊഴിലും ജീവത സാഹചര്യങ്ങളും ന്യായമായ വേതനവും സ്റ്റേറ്റ് ഉറപ്പാക്കണമെന്ന നിർദ്ദേശമുണ്ട്. ഭരണഘടനയെയും അതിന്റെ അടിസ്ഥാനശിലകളെയും ചോദ്യം ചെയ്യുന്ന ഭരണകൂടത്തിന് നിർദ്ദേശകതത്വങ്ങൾക്ക് എന്ത് പ്രസക്തി?

Eng­lish sum­ma­ry: Why con­tin­ue to be unfair to bank employees?ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.