Janayugom Online
heavy rain- janayugom

എന്തുകൊണ്ട് പ്രളയ കേരളം?

Web Desk
Posted on August 12, 2018, 10:07 pm

ഇ എം സതീശന്‍

പ്രകൃതി അനാദ്യന്തമാണ്. അത് മനുഷ്യന്‍ സൃഷ്ടിച്ചതല്ല. മറിച്ച് പ്രകൃതിയുടെ സൃഷ്ടിയാണ് മനുഷ്യന്‍. അനേകായിരം വര്‍ഷങ്ങളായി പ്രകൃതി സൃഷ്ടിച്ചുനിലനിര്‍ത്തി പരിപാലിച്ചുവരുന്ന, കാണുന്നതും കാണാത്തതുമായ ജീവിവര്‍ഗ്ഗങ്ങളില്‍ ചിലതിനുണ്ടായ നിരന്തര പരിണാമങ്ങളുടെ ഫലമാണ് ഹോമോസാപ്പിയന്‍ എന്ന ഇന്നത്തെ മനുഷ്യന്‍. പ്രകൃതിക്കുമേല്‍ മനുഷ്യനുള്ളത്രതന്നെ തുല്ല്യമായ അധികാരാവകാശങ്ങള്‍ മറ്റെല്ലാജീവജാലങ്ങള്‍ക്കുമുണ്ട്. ഭൂമുഖത്ത് ഇന്നേവരെ ആവിര്‍ഭവിച്ചതില്‍ മനുഷ്യനൊഴിച്ച് ബാക്കിയെല്ലാ ജീവജാലങ്ങളും പ്രകൃതിയെ ഉപജീവിച്ചു അധിവസിക്കുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യനാകട്ടെ, സ്വാര്‍ത്ഥഭരിതമായ സ്വന്തം സുഖഭോഗങ്ങല്‍ക്കുവേണ്ടി പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണംചെയ്തു നശിപ്പിക്കുന്നു. യുക്തിരഹിതമായ ആക്രമണങ്ങള്‍ പ്രകൃതിയുടെ നിലനില്‍പിനെയല്ല ബാധിക്കുന്നത്; മറിച്ച് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പു തന്നെയാണ് അപകടപ്പെടുന്നത്.

മനുഷ്യരില്‍ത്തന്നെ അധികാരവും സമ്പത്തുമുള്ളവരാണ് പ്രകൃതിചൂഷണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. സമ്പന്ന ന്യൂനപക്ഷം നടത്തുന്ന അതിരുകടന്ന ഈ കൊള്ളയടിയുടെ തീരാദുരിതങ്ങള്‍ പേറുന്നത് മനുഷ്യരില്‍ മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനതയാണ്. പ്രകൃതിക്കുമേലുള്ള സമ്പന്ന ന്യൂനപക്ഷത്തിന്റെ ലാഭേച്ഛയോടുകൂടിയ വിനാശകരമായ ഇടപെടലിന്റെ ഫലമായി പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിഷ്‌കളങ്കരായ ഇതര ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുന്നു. അതിനുപുറമെ മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനതയുടെ കൊലക്കയറായും സമ്പന്നരുടെ ഈ പ്രകൃതി ചൂഷണം മാറുന്നു. ഈ മൗലിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് കാറല്‍ മാര്‍ക്‌സ് ‘മനുഷ്യര്‍ ഭൂമിയുടെ ഉടമസ്ഥരല്ലാ; അവര്‍ ഭൂമിയിലെ വെറും കുടികിടപ്പുകാരത്രെ.എല്ലാവരുടേതുമായ ഈ ഭൂമി യാതൊരു കേടുപാടുകളും കൂടാതെ അനന്തര തലമുറകള്‍ക്ക് കൈമാറി നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്’ എന്നു വ്യക്തമാക്കിയത്. എന്നിട്ടും ശാസ്ത്രനേട്ടങ്ങള്‍ ഉപയോഗിച്ചു ജീവന്റെ നിലനില്പിനാധാരമായ ആവാസവ്യവസ്ഥയെ സമ്പന്നമനുഷ്യര്‍ മുച്ചൂടും നശിപ്പിച്ചുകൊണ്ടിരിക്കയാണ്. തല്‍ഫലമായുണ്ടാകുന്ന ആഗോളതാപനവും കൊടുംകാറ്റുകളും പേമാരികളും വെള്ളപ്പൊക്കങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെയുള്ള മഹാദുരന്തങ്ങള്‍ ഭൂമുഖത്തെ ജീവന്റെ നിലനില്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്നു.ഈ അടിസ്ഥാന ധാരണകളുടെ വെളിച്ചത്തില്‍വേണം കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പരിശോധന.

കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രകൃതിയെ നശിപ്പിക്കുന്ന വികലമായ വികസന പ്രവര്‍ത്തനങ്ങളുടെ സൃഷ്ടിയാണ്. പരമാവധി ഉല്‍പ്പാദനം, പരമാവധി ഉപഭോഗം, അമിതസുഖം എന്ന സമ്പന്നരുടെ വികസന നയങ്ങളാണ് കേരളം പിന്തുടരുന്നത്. സുഖഭോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകര്‍ത്തുകൊണ്ടിരിക്കുന്നു. മലയിടിക്കുക, കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുക, വനങ്ങള്‍ വ്യാപകമായി നശിപ്പിക്കുക തുടങ്ങിയ യുക്തിരഹിതമായ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. തല്‍ഫലമായി അന്തരീക്ഷ താപനില അമിതമായി ഉയരുകയും ജലലഭ്യത ഗണ്യമായി കുറയുകയും കാലാവസ്ഥയില്‍ അപകടകരമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ അതിവൃഷ്ടിയോ അമിതവൃഷ്ടിയോ അല്ല. ശരിയായ കര്‍ക്കടകപ്പേമാരിയാണ്. പോയകാലങ്ങളില്‍ കനത്ത കാലവര്‍ഷം ഇവിടെ ഉണ്ടായിരുന്നതാണ്. അതുള്‍ക്കൊള്ളാനുള്ള സ്വാഭാവിക ഭൂപ്രകൃതി കേരളത്തില്‍ ഉണ്ടായിരുന്നു. ആര്‍ത്തിപൂണ്ട വനനശീകരണവും മലയിടിക്കലും വയല്‍നികത്തലുമാണ് ഇപ്പോഴത്തെ ദുരന്തങ്ങള്‍ക്കുകാരണം.
കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ വനനശീകരണം മൂലം വൃഷ്ടിപ്രദേശങ്ങളിലെ മണ്ണൊലിച്ചുവന്നു ഡാമുകളുടെ ജലസംഭരണശേഷി കുറച്ചിരിക്കുന്നു.പരമ്പരാഗത ജലസംഭരണികളായ ജലാശയങ്ങളും കൃഷിയിടങ്ങളും കുന്നുകളിടിച്ചു നികത്തിയതുവഴി, പെയ്ത മഴയത്രയും തത്സമയം തന്നെ ഒഴുകി നദികളില്‍ ചെന്നുചേരാന്‍ ഇടയാക്കുന്നു. മണ്ണൊലിച്ചിറങ്ങി സംഭരണശേഷി കുറഞ്ഞ ഡാമുകള്‍ തുറക്കുകകൂടി ചെയ്തതോടെ ഏറെനാളത്തെ കയ്യേറ്റങ്ങളെ തുടര്‍ന്നു വിസ്തൃതി കുറഞ്ഞ നദികള്‍ കരകവിഞ്ഞു ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നു. അമിതമായ പ്രകൃതി വിഭവ ചൂഷണത്തിന് ആക്കം കൂട്ടുന്ന വികലമായ വികസന നയങ്ങളുടെ സൃഷ്ടിയാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കക്കെടുതികള്‍.

കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന വനങ്ങളും മലകളും തണ്ണീര്‍തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുകയും വനവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വികസന നയങ്ങള്‍ പിന്തുടരുകയുമാണ് യഥാര്‍ത്ഥ ദുരന്തനിവാരണ മാര്‍ഗം. ‘പ്രകൃതിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. ധൂര്‍ത്തടിക്കാനുള്ളതില്ല’ എന്ന ഗാന്ധിജിയുടെ പ്രബോധനം വികസനനയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അനിവാര്യമായും സ്മരണീയമാണ്.