28 March 2024, Thursday

എന്തുകൊണ്ട് ഗാന്ധി?

അജിത് കൊളാടി
വാക്ക്
January 29, 2022 5:07 am

വർത്തമാന ഇന്ത്യയിലെ വേദനയുളവാക്കുന്ന യാഥാർത്ഥ്യങ്ങൾക്കുമേൽ നിന്നാണ് ഈ ചോദ്യം. സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വയസായ സമയത്ത് രാജ്യം പിന്നോട്ടു നടക്കുന്ന എത്ര പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ. ഇന്നത്തെ ഇന്ത്യയിൽ ഗാന്ധിജി നിരന്തരം വധിക്കപ്പെടുകയാണ്. അത് അനുവദിക്കരുത്. ഗാന്ധിജി ഇന്നും എപ്പോഴും ജീവിക്കണം നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും. ചന്ദ്രനെ സൂര്യനാക്കിയ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അത്ഭുതകരമായ വൈരുധ്യം കാണാൻ കഴിയും. താപസനായി നിന്നുകൊണ്ട് ഇവിടത്തെ ഏറ്റവും വലിയ സന്യാസിയായി. ആത്മീയതയുടെ ശബ്ദം ഉയർത്തിക്കൊണ്ട് കാലഘട്ടത്തിനാവശ്യമായ ശാസ്ത്രീയ വീക്ഷണത്തിലൂടെ ഇന്ത്യയുടെ ഭാഗധേയത്തെ നിയന്ത്രിക്കുവാനുള്ള അടിസ്ഥാന പ്രമാണങ്ങൾ രൂപപ്പെടുത്തി മഹാ ത്യാഗത്തിന്റെ കഥയാണത്.

ഇവിടത്തെ ദുരന്ത ഹേമന്തം മുഴുവനും അദ്ദേഹം ഇന്ത്യയിലുടീളം സഞ്ചരിച്ച് ഏറ്റുവാങ്ങി. ചർക്ക കറക്കി പുതിയൊരു നാദം കേൾപ്പിച്ചു. ഇവിടത്തെ ശശ്മാന മൂകതയിൽ പുതിയൊരു സംഗീതമൊഴുക്കി. അദ്ദേഹം പറഞ്ഞു, ”ഈ നൂൽക്കുന്ന നൂലില്ലെ, അതിന്റെ അറ്റത്ത് സ്വരാജ്യം തൂങ്ങിക്കിടക്കുന്നു”. എന്തൊരത്ഭുതകരമായ വാക്യം. അദ്ദേഹത്തിന്റെ സമരയാത്ര ഒരു തീർത്ഥയാത്രയായി. ഇന്ത്യയിലെ ആധ്യാത്മിക രംഗത്ത് തീർത്ഥയാത്രകൾ അർത്ഥശൂന്യമായി തീർന്നപ്പോൾ, തീർത്ഥയാത്രക്ക് അർത്ഥമുണ്ടാക്കിക്കൊടുക്കാൻ രാഷ്ട്രീയ രംഗത്ത് തീർത്ഥയാത്ര ഉദ്ഘാടനം ചെയ്ത ആളാണ് ഗാന്ധിജി.

 


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?


 

സൗന്ദര്യാത്മക വിമർശനത്തിൽ നിന്ന് രാഷ്ട്രീയ വിമർശനത്തിലേക്കും രാഷ്ട്രീയ പ്രയോഗത്തിലേക്കുമുള്ള യാത്രയായിരുന്നു ഗാന്ധിയുടെത്. ഗാന്ധിജിയുടെത് അകത്തേക്കു നോക്കുന്ന സൗന്ദര്യശാസ്ത്രമാണ്. സ്വയം സഹനം, സ്വയം പഠനം, സ്വയം ശുദ്ധീകരണം എന്നിവ ചേരുന്ന പരീക്ഷയാണത്. എത്രത്തോളമാണോ പരിത്യാഗം അത്രത്തോളമാണ് സൗന്ദര്യാത്മക പൂർത്തീകരണം. അതിൽ സ്നേഹത്തിന്റെയും അഹിംസയുടെയും ചേർച്ചയുണ്ട്. അദ്ദേഹം പറഞ്ഞു, “ദൈവികത നമ്മിലെല്ലാമുണ്ട്. അതിനാൽ നാം മറ്റുള്ളവരുമായി താദാത്മ്യം പ്രാപിക്കണം. സാധാരണ ഭാഷയിൽ അതിന് സ്നേഹം എന്നാണ് പറയുക. അത് നമ്മെ പരസ്പരവും ദൈവമായും ബന്ധിപ്പിക്കുന്നു”.

ഗാന്ധിജി നിശിതമായ ആത്മപരിശോധന നടത്തിയ മനുഷ്യനാണ്. ഇന്നത്തെ ലോകത്ത് ഭൂരിഭാഗവും അതിനു തയ്യാറല്ല. സത്യാഗ്രഹം എന്നുള്ള ഗാന്ധിയുടെ സങ്കല്പം സൗന്ദര്യാത്മകമായ, ഭാവുകത്വപരമായ ഘടകങ്ങൾ ഉൾചേർന്നതാണ്. സത്യത്തെയും സൗന്ദര്യത്തെയും ബന്ധിപ്പിക്കുക വഴി ബാഹ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കാൾ മനസിന്റെ ആന്തരികമായ നിറവിലും സൗന്ദര്യാത്മകതയിലുമാണ് ഗാന്ധി ഊന്നിയത്. ലോക ചരിത്രത്തിൽ സത്യവും അഹിംസയും ഒരു പുതിയ സൃഷ്ടിയൊന്നുമല്ല. യേശുദേവൻ, ശ്രീബുദ്ധൻ, മുതലായവരും പിൽക്കാലത്ത് വന്ന പലരും സത്യത്തെയും അഹിംസയെയും പ്രചരിപ്പിച്ചിട്ടുണ്ട്. ഈ ഗുണങ്ങൾ, തത്വങ്ങൾ സമുദായ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പരീക്ഷിച്ചു നോക്കിയത് ഗാന്ധിജി മാത്രമാണ്. ഗാന്ധിജിയെ സംബന്ധിച്ച് ഈ മൗലികതത്വം വിസ്മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും വിസ്മരിക്കുകയാണെന്നർത്ഥം. അഹിംസയുടെ വലിയ അധ്യാപകരായി ഗാന്ധി തന്നെ പറയുന്നത്, ബുദ്ധനെയും മഹാവീരനെയും ടോൾസ്റ്റോയിയെയുമാണ്. ദേശീയതയെന്നത് സങ്കുചിതമല്ലെയെന്ന ടാഗോറിന്റെ ചോദ്യത്തിന് ദേശീയത ഏതെങ്കിലും ഒരു വ്യക്തിയുടെ താല്പര്യത്തിന് എതിരാണെങ്കിൽ താന്‍ അതിനെ ബംഗാൾ ഉൾക്കടലിൽ എറിയും എന്നായിരുന്നു ഗാന്ധിയുടെ മറുപടി. മാനവികതയോളം വിശാലമാണ് തന്റെ ദേശീയത എന്നും ഗാന്ധി പറഞ്ഞു. സ്വന്തം സദാചാര സംഹിതകളാൽ നയിക്കപ്പെട്ടപ്പോഴും ഗാന്ധിയുടെ ആശയങ്ങൾ പ്രയോഗത്തിൽ പുതിയതും വിപുലവും ജീവമർമ്മ സ്പർശിയും ദേശാഭിമാനപരവും രാഷ്ട്രീയവുമായ അന്തസത്ത സാമ്പാദിച്ചു.

 


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ സ്മരിക്കാം; ഇന്ത്യയെ രക്ഷിക്കാം


 

ഗാന്ധി സ്വാധീനിച്ച മേഖലകൾ പലതാണ്. ആധുനികോത്തര സൗന്ദര്യ ശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങൾ അവയിൽ പെടുന്നു. അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പ്രസ്ഥാനത്തെ ആഴത്തിൽ ഗാന്ധി സ്വാധീനിച്ചു. സഹന സമരത്തിന്റെ പ്രയോഗ പാഠങ്ങൾ താൻ ഗാന്ധിയിൽ നിന്നാണ് പഠിച്ചതെന്ന് മാർട്ടിൻ ലൂഥർ കിങ് പറയുന്നുണ്ട്. ഗാന്ധിയുടെ അഹിംസാത്മകമായ സമരമാണ് അമേരിക്കൻ ഐക്യനാടുകളിലെ വംശീയ പ്രശ്നത്തിന് യുക്തിപരവും ധാർമ്മികവുമായ പരിഹാരം എന്നും അദ്ദേഹം വിവരിക്കുന്നു. സൗത്ത് ആഫ്രിക്കയിലെ വിമോചന പോരാട്ടത്തിന്റെ നായകനായ, അസാമാന്യ ഇ­ച്ഛാശക്തിയുടെ പ്രതീകമായ നെൽസൺ മണ്ടേ­ല, സാമ്രാജ്യത്വത്തിനെതിരെ തന്റെ അചഞ്ചലമായ പോരാട്ടം നടത്തിയത് ഗാന്ധിയൻ ദർശനങ്ങളെ മുറുകെ പിടിച്ചാണ്. മണ്ടേലയുടെ ഓരോ പ്ര­സംഗത്തിലും ഗാന്ധിവചനങ്ങൾ ഉദ്ധരിക്കപ്പെടും. ആദരണീയനായ ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ നായകനായിരുന്നു ഗാന്ധിജി. സാംബിയയിലെ കെന്നത്ത് കൗണ്ടയും ടാൻസിയയിലെ ജൂലിയസ് നരേരയും കെനിയയിലെ ജോമോ കെനിയാട്ടയും ഘാനയിലെ നകുറുമയും ചേർത്തുപിടിച്ചു ഗാന്ധിജിയെ. ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിൻ തന്റെ വീട്ടിലെ ചുമരിൽ തൂക്കിയിട്ട ചിത്രം ഗാന്ധിജിയുടെതു മാത്രമാണ്. സുഹൃത്തുക്കൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, “ഈ യുഗത്തിലെ ഏറ്റവും മഹാനായ മനുഷ്യൻ” എന്നാണ്. മുന്‍ പ്രസിഡന്റ് ഒബാമയുടെ ഓവൽ ഓഫീസിൽ ഗാന്ധിചിത്രം കാണാം. അങ്ങനെ ലോകരാഷ്ട്രങ്ങൾ എന്നും ഗാന്ധിജിയെ ആദരിക്കുന്നു. ദുരന്തമെന്നു പറയട്ടെ, ഇന്ത്യയുടെ പാർലമെന്റിൽ ഗാന്ധിചിത്രത്തിൽ നിന്നു കുറച്ചു മാറ്റി, ബ്രിട്ടിഷുകാർക്ക് മാപ്പെഴുതി കൊടുത്ത്, ജയിൽവിമോചിതനായ സവർക്കറുടെ ചിത്രം കാണാം. ഫാസിസ്റ്റുകൾ അത്തരം പ്രവൃത്തികളെ ചെയ്യു. ഗാന്ധി എന്നും വിശ്വസിച്ചത് സംവാദത്തിലാണ്. സംവാദത്തിന്റെ ആദ്യ വ്യവസ്ഥ തുല്യതയാണ്. താൻ കേമത്തം, ആചാര വ്യവസ്ഥ, സ്വയം ശരിവാദം, ഇതെല്ലാം തുല്യത എന്ന ആശയത്തിന് എതിർ നിൽക്കുന്നു. ഗാന്ധിക്ക് അന്വേഷണമാണ് കണ്ടെത്തലിനെക്കാൾ പ്രധാനം. യാത്രയാണ് ലക്ഷ്യത്തെക്കാൾ മുഖ്യം. അതുകൊണ്ട് സംവാദം നിത്യമാണ്. സംവാദം സഹിഷ്ണുത ആവശ്യപ്പെടുന്നു എന്ന് ഗാന്ധിജി നിരന്തരം പറയും.

 


ഇതുകൂടി വായിക്കൂ:  കരുതിയിരിക്കുക; നേതാജിയും കുരുക്കില്‍


 

എല്ലാ മതങ്ങളുടെയും ഉയർന്ന മൂല്യങ്ങളെ അദ്ദേഹം ഉൾക്കൊണ്ടു. ഒരു മതവും മറ്റൊന്നിന് മീതെയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിംസ വരുന്നത്, തങ്ങളാണ് ശരി, തങ്ങൾക്കു സത്യമറിയാം, അതുകൊണ്ട് അതറിയാത്തവർക്കുമേൽ സ്വന്തം സത്യം അക്ഷരാർത്ഥത്തിൽ അടിച്ചേൽപിക്കാൻ തങ്ങൾക്ക് അധികാരമുണ്ട് എന്ന അന്ധമായ വിശ്വാസത്തിൽ നിന്നാണ്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതാണ് ഇപ്പോൾ ഫാസിസ്റ്റുകൾ ചെയ്യുന്നത്.

തന്റെ സത്യാന്വേഷണം തന്റെ അജ്ഞാനം തനിക്കു വെളിവാക്കി എന്നും അതുതന്നെ വിനയാന്വിതനാക്കി എന്നും ഗാന്ധി പറഞ്ഞു. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വാക്കിലും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഹിംസ തെറ്റാണ് എന്ന നിഗമനത്തിൽ ഗാന്ധി എത്തുന്നത്. സോക്രട്ടീസ് ഒരിക്കൽ പറഞ്ഞു “അവർക്ക് ഒന്നുമറിയില്ല, എന്നിട്ടും അറിവുണ്ടെന്നു നടിക്കുന്നു, എനിക്കും അറിയില്ല, പക്ഷെ അറിയില്ല എന്ന് എനിക്കറിയാം”. ഗാന്ധിജി നിരന്തരം പറഞ്ഞതും അതാണ്. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോൾ നാം നമ്മുടെ തന്നെ ഒരു ഭാഗത്തെയാണ് ഉപദ്രവിക്കുന്നത് എന്ന് അദ്ദേഹം കരുതി. ഒരാൾക്ക് മാത്രമുള്ള മോക്ഷത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മറ്റുള്ളവർക്കു ലഭിക്കാത്ത മോക്ഷം തനിക്കും വേണ്ട എന്നദ്ദേഹം തുറന്നു പറഞ്ഞു. അദ്വൈതത്തെ സാമൂഹിക സന്ദർഭത്തിലേക്ക് ആനയിക്കുകയാണ് കർമ്മയോഗിയായ ഗാന്ധി ചെയ്തത്. ശ്രീ നാരായണ ഗുരുവിനെപ്പോലെ. അവനവനും അപരനുമായുള്ള അകലം അവസാനിപ്പിക്കുന്ന ഒരു ഏകീഭാവ വിചാരം.

 


ഇതുകൂടി വായിക്കൂ: വീണ്ടും തോക്കുകള്‍ അലറുന്നു ഗാന്ധിജിയെ കൊല്ലുന്നു


 

ആധുനിക മുതലാളിത്ത രാഷ്ട്രീയം മനുഷ്യ ജീവിതത്തെ നിഷ്ഠുരമായി പിളർക്കുന്നതിനെയും കൃത്രിമ വൈരുധ്യങ്ങളിൽ തളയ്ക്കുന്നതിനെയും ഏറ്റവും അധികം വെറുത്ത ഒരു രാഷ്ട്രീയ സാമൂഹ്യ നേതാവായിരുന്നു ഗാന്ധിജി. ഗാന്ധിയുടെ സ്വരാജ് ഭരണകൂടം പിടിച്ചെടുക്കലല്ല. അത് ഭരണകൂടാധികാരത്തിന് ബദലായ ജനങ്ങളുടെ അധികാരത്തിന്റെ സാക്ഷാല്‍ക്കാരമാണ് അദ്ദേഹത്തിന്. ഗാന്ധി വധം ഒരു പ്രത്യയശാസ്തപരമായ വധം ആണ്. ഈ നാടിനെ സ്നേഹിച്ചത്, സർവ മനുഷ്യരെയും ഒരുപോലെ കണ്ടതാണ് അദ്ദേഹം ചെയ്ത കുറ്റം. ഫാസിസ്റ്റുകൾ അന്നും ഇന്നും ഗാന്ധിക്കെതിരാണ്. ഫാസിസത്തിനു എന്നും ഒന്നിലധികം നാവുകളുണ്ട്. അത് ഫാസിസത്തിന്റെ സ്വഭാവരീതി. മനുഷ്യൻ സത്യസന്ധനായിരിക്കണം എന്നത് ഒരു അന്ധവിശ്വാസമാണെന്ന് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് ഫാസിസം. മനുഷ്യരെ അവരുടെ നിലനിൽപിന്റെ ശക്തികൾക്കെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ മഹാരോഗത്തിന്റെ പേരാണ് ഫാസിസം. മനുഷ്യർ അവരുടെ ഗുണപരമായ ജീവിതേച്ഛയെ നിഷേധാത്മക ശക്തികൾക്കു അടിയറവുവച്ച് സ്വയം വരിക്കുന്ന അടിമത്തവും അതിന്റെ അന്ധമായ ആവേശവുമാണ് ഫാസിസത്തിന്റെ ഊർജ്ജം. ജനാധിപത്യം ജീവിതത്തിന്റെ ശക്തികളുടെ പ്രകാശനമാണെങ്കിൽ ഫാസിസം ജീവിതത്തിന്റെ ശക്തികളുടെ ഉൾവലിയലാണ്. അസത്യം നിർമ്മിച്ച് വിറ്റഴിക്കുക എന്നത് ഫാസിസം എല്ലായിടത്തും ഒരു പദ്ധതിയായി സ്വീകരിച്ചിരിക്കുന്നു.

ഇന്നത്തെ ഇന്ത്യയിൽ ഗാന്ധി കൂടുതൽ പ്രസക്തനാകുന്നു, അദ്ദേഹത്തിന്റെ ദർശനങ്ങളിലൂടെ. വർഗീയതയ്ക്കും പരമതനിന്ദയ്ക്കും വംശഹത്യക്കും എതിരെ അദേഹം പോരാടി, സംവദിച്ചു. അവകാശ നിഷേധങ്ങൾക്കെതിരെ, അസമത്വത്തിനും അഴിമതിക്കും അസത്യത്തിന്റെ രാഷ്ട്രീയത്തിനും അധികാരഗർവിനും എതിരെ അദ്ദേഹം നിരന്തര പോരാട്ടം നടത്തി. തങ്ങളുടെ സത്യം മാത്രമാണ് സത്യം എന്നു പറയുന്ന ഭരണാധികാരികൾക്കെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഇതിനെല്ലാം എതിരെ അദ്ദേഹം ആരംഭിച്ച സംഭാഷണങ്ങളും പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോയെ മതിയാകൂ. രാജ്യം ആവശ്യപ്പെടുന്നത് അതാണ്. ഐൻസ്റ്റിൻ പറഞ്ഞതുപോലെ ഈ യുഗം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ ദർശനങ്ങളാണ് ഈ രാജ്യത്തെ തീർച്ചയായും മുന്നോട്ടുനയിക്കുക. അത് തീർച്ചയാണ്. അതാണ് നമ്മുടെ വഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.