Saturday
16 Nov 2019

കളമശ്ശേരി എംഎൽഎ എന്തുകൊണ്ട് എറണാകുളത്ത് പ്രചരണത്തിനിറങ്ങുന്നില്ല? ചെന്നിത്തലയോട് കാനം

By: Web Desk | Friday 18 October 2019 2:32 PM IST


കൊച്ചി:എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ തൊട്ടടുത്ത മണ്ഡലമായ കളമശേരിയിലെ എം എൽ എയ്ക്ക് അവിടെ പ്രചാരണത്തിനിറങ്ങാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ ഇടതുപക്ഷ സർക്കാരിന്റെ ശക്തമായ നിലപാടാണ് ആ എം എൽ എയെ മാറ്റിനിർത്തുന്നത്. എം എൽ എ ഇവിടെ പോയെന്ന് യു ഡി എഫുകാർ പോലും അന്വേഷിക്കുന്നില്ലെന്നും കാനം പരിഹസിച്ചു. മനുറോയിയുടെ വിജയത്തിനായി വടു തലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാമൂഹ്യഷേമ രംഗത്ത് അദ്ഭുതകരമായ മാറ്റങ്ങൾ സൃഷ്ട്ടിച്ച ഒരു ഗവണ്മെന്റാണ് ഇവിടുള്ളത്. പൊതു വിദ്യാലയങ്ങളിലും,സർക്കാർ ആശുപത്രികളിലും ഈ മാറ്റം ജനം അനുഭവിച്ചറിയുന്നു. രാജ്യം പട്ടിണിയുടെ കാര്യത്തിൽ അയൽരാജ്യങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുമ്പോൾ കേരളത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന പോഷണത്തിന്റെ കാര്യത്തിലായാലും,സ്ത്രീകൾക്ക് ഗർഭകാലയളവിൽ ലഭിക്കുന്ന സംരക്ഷണ കാര്യത്തിലും ലോക് നിലവാരത്തിൽ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുണ്ട്.

സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് പ്രസവാവധി അനൂകൂല്യം നടപ്പാക്കി പുതിയൊരു തുടക്കം കുറിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. ജനത്തിന് മുമ്പാകെ വെച്ച പ്രകടനപത്രികയിലെ 600 കാര്യങ്ങളിൽ 500 ലധികം കാര്യങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് പ്രകടനപത്രികയിലെ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കും. വട്ടിയൂർക്കാവ് മുതൽ മഞ്ചേശ്വരം വരെ സഞ്ചരിച്ച ഒരാളെന്ന നിലയിൽ സർക്കാരിന്റെ ഇത്തരം കാര്യങ്ങൾ ജനം കാര്യമായി ഉൾകൊണ്ടുവെന്നകാര്യം വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരായ വിധിയെഴുത്താണ് കേരളത്തിൽ ഉണ്ടായത്. പാല ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ നിലപാട് വ്യക്തമായി കഴിഞ്ഞു. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയം സുനിശ്ചിതമാണെന്നും കാനം പറഞ്ഞു.

പി എൻ സീനുലാൽ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ,സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു, സി പി ഐ സംസ്ഥാന കമ്മറ്റിയംഗം എം ടി നിക്സൺ, എസ്.ശർമ്മ എം എൽ എ,പി രാജീവ്, ജോസ്തെറ്റയിൽ, ആന്റണി ജോൺ എം എൽ എ, അലോഷ്യസ് കൊള്ളന്നൂർ, എം പി രാധാകൃഷ്ണൻ, എം എം ജിനീഷ് എന്നിവർ സംസാരിച്ചു. കമലാസദാന ന്ദൻ,ടി സി സഞ്ജിത്,സി എ ഷക്കീർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.