പെണ്‍കുട്ടികൾക്കെന്തിനാ ആണ്‍ സുഹൃത്തുക്കൾ? വിവാദ പരാമർശവുമായി ബിജെപി എംഎല്‍എ

Web Desk
Posted on March 26, 2018, 9:54 am

ഗുണ: പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഇറ്റലിയില്‍ വച്ച്‌ അനുഷ്ക ശര്‍മയെ വിവാഹം ചെയ്തതില്‍ കോഹ്‌ലിയുടെ രാജ്യസ്നേഹം ചോദ്യം ചെയ്ത പന്നലാൽ  പുതിയ ഉപദേശവുമായാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഗുണ സര്‍ക്കാര്‍ കോളജില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പന്നലാല്‍ ശാക്യ. പെണ്‍കുട്ടികളെന്തിനാണ് ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്? അവരത് അവസാനിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും, പെണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യന്‍ സംസ്കാരം സ്വീകരിക്കരുതെന്ന് ആണ്‍കുട്ടികളെയും അദ്ദേഹം ഉപദേശിച്ചു. ഇന്ത്യക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് ഉന്നത സ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.