Wednesday
20 Mar 2019

കൗമാരത്തിൽ ജീവന്റെ സമൃദ്ധി നിറക്കാൻ

By: Web Desk | Sunday 18 February 2018 1:22 AM IST


ജോസ് ഡേവിഡ് 

കടുത്ത നിരാശയോ തളർത്തുന്ന മോഹഭംഗമോ മൂലം ഒരു കൗമാര ജീവിതം സ്വയം മൊട്ടറ്റു വീഴുമ്പോൾ, അതൊഴിവാക്കാൻ കഴിയാതിരുന്നതിന്റെ കുറ്റബോധവും ആത്മ നിന്ദയും കുടുംബത്തിൽ, കൂട്ടുകാരിൽ, സഹപാഠികളിൽ, അധ്യാപകരിൽ, അയൽക്കാരിൽ എത്ര തീവ്രമാണ്? അതിന്റെ അലട്ടൽ കാലത്തിന് എന്നു മായ്ക്കാനാവും? ആത്മഹത്യ എല്ലാവരെയും തളർത്തുന്നു.

സംഭവിച്ചതിനെ ഒഴിവാക്കാൻ കഴിയില്ല; എന്നാൽ അത് ആവർത്തിക്കാതിരിക്കാൻ, ക്ലേശകരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു കൗമാര ജീവിതത്തെ അപകടത്തിൽ നിന്നും രക്ഷപെടുത്താൻ എങ്ങനെ കഴിയും?

പലപ്പോഴും ആത്മഹത്യയെക്കുറിച്ചു സംസാരിക്കാൻ നാം വിമുഖരാണ്, മനഃശാസ്ത്രജ്ഞർ പോലും. അസ്വസ്ഥജനകമായ വിഷയം. നാം എപ്പോഴും നമ്മുടെ സ്വസ്ഥതയുടെ ചിതൽപ്പുറ്റിൽ സുരക്ഷിതരാകാൻ ഇച്ഛിക്കുന്നു.

കൗമാര ആത്മഹത്യയുടെ, അഥവാ ആത്മഹത്യാ ശ്രമത്തിന്റെ കാരണങ്ങൾ സങ്കീർണമാകാം. കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്നത് കുറവാണ്, പക്ഷെ കൗമാര ആത്മഹത്യകൾ കൂടിക്കൊണ്ടേയിരിക്കുന്നു. 15 -24 വയസ്സ് പ്രായത്തിലുള്ളവരുടെ മരണ കാരണങ്ങളിൽ, അപകടവും കൊലപാതകവും കഴിഞ്ഞാൽ, ആത്മഹത്യയാണ് മുന്നിൽ. അതുകൊണ്ടു തന്നെ, കൗമാര ആത്മഹത്യ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

ആൺകുട്ടികളേക്കാൾ ഇരട്ടി പെൺകുട്ടികൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ പെൺകുട്ടികളേക്കാൾ നാലിരട്ടി ആൺകുട്ടികൾ ഈ ശ്രമത്തിൽ മരിക്കുന്നു, കാരണം ആൺകുട്ടികൾ കൂടുതൽ മാരകമായ മാർഗങ്ങൾ – തൂങ്ങുക, ഉയരത്തിൽ നിന്നും ചാടുക, ആയുധങ്ങളോ തോക്കോ ഉപയോഗിക്കുക – തുടങ്ങിയവ അവലംബിക്കുന്നു.

ആത്മഹത്യ തടയാൻ സ്കൂളുകളിൽ ഫലപ്രദമായ പരിശ്രമങ്ങളും ഇടപെടലും തുടർ ഇടപെടലും ഉൾപ്പെട്ട സമഗ്രമായ പ്രായോഗിക പദ്ധതികൾ സ്കൂൾ അധികൃതരും അധ്യാപകരും കമ്മ്യൂണിറ്റി പ്രൊഫഷണലുകളും മാതാപിതാക്കളും കുട്ടികളും ചേർന്ന് വികസിപ്പിക്കേണ്ടിയിരിക്കുന്നു. ലോകമെങ്ങും നടക്കുന്ന ഇത്തരം പരിശ്രമങ്ങൾ, ഇന്റർനെറ്റ് അറിവുകൾ, ഹാൻഡൗട്ടുകൾ, പ്രാക്ടിക്കൽ ബുക്കുകൾ തുടങ്ങി ആധുനിക അറിവിന്റെ എല്ലാ ധാരകളും ഇതിനായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. ആരാണ് അപകടകരമായ സ്ഥിതിയിലുള്ളത്, അപകടത്തിൽ പെട്ടതിന്റെ ആഘാതത്തിൽ കഴിയുന്നത് എന്നിവ കണ്ടെത്തി അവരിൽ ജീവൻ, സമഗ്രമായ ജീവൻ നിറയ്കുന്ന സൗഹൃദത്തിന്റെ സ്പർശമുള്ള ഒരു സാമൂഹിക സംവിധാനം നമ്മുടെ സ്കൂളുകളിൽ ഉരുത്തിരിയേണ്ടിയിരിക്കുന്നു.

കൗമാരകാലം ചില മനഃശാസ്ത്ര സിദ്ധാന്തങ്ങൾ പ്രകാരം ശാന്തമായ, “ഞാൻ ആരാണ്”, “എങ്ങനെയാണ് എന്റെ ജീവിതം ജീവിക്കേണ്ടത്” എന്ന് തീരുമാനമെടുക്കുന്ന കാലമാണ്. എന്നാൽ മറ്റു ചില സിദ്ധാന്തങ്ങൾ ഇത് മാനസിക സമ്മർദം അനുഭവിക്കുന്ന കാലമെന്നു കരുതുന്നു. ഋതുവാകുന്നതിന്റെ സങ്കീര്ണതകൾ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളിൽ മനസ്സിനെ സന്തുലിതമാക്കാൻ ശ്രമിക്കുന്ന സമയമെന്ന്.

അനിശ്ചിതത്വത്തിന്റെ, അന്തർസംഘർഷങ്ങളുടെ, ചിലപ്പോൾ ഏകാന്തതയുടെ ഒരു കാലം. കൗമാര ലൈംഗികത സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വേറെയും. കൗമാര പ്രായത്തിലെ ലൈംഗിക ബന്ധങ്ങൾ പഴയ കാലത്തേക്കാൾ പതിന്മടങ്ങു കൂടി, എന്നാൽ ലൈംഗിക വിദ്യാഭ്യാസം വർധിച്ചുമില്ല. യഥാർത്ഥത്തിൽ അതിന്നും വിദ്യാലയങ്ങളുടെ പടിക്കു പുറത്താണ്. ലൈംഗിക പീഡനങ്ങൾ, കൗമാര ഗർഭം, ലൈംഗിക രോഗം, ഈ പ്രായത്തിൽ വിലക്കപ്പെട്ടിട്ടുള്ള അരുതായ്മകൾ ചെയ്തതിനെക്കുറിച്ചുള്ള കുറ്റബോധം -ഇങ്ങനെ കൗമാര പ്രായക്കാർ കടന്നു പോകുന്ന പിരിമുറുക്കങ്ങൾ ഏറെയാണ്.

ദുഖത്താൽ തളരുകയും മൂഡ് മാറുകയും ചെയ്യുന്നതു മൂലമുള്ള വിഷാദം അഥവാ ഡിപ്രഷൻ ആതമഹത്യയിലേക്കു എളുപ്പം തള്ളിവിട്ടേക്കും. സ്വയത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ, സ്കൂളിലെ പരാജയം, നിസ്സാരരാണെന്ന തോന്നൽ, സ്വയം കുറ്റപ്പെടുത്തൽ – അവരെ തളർത്തുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്.

അണു കുടുംബങ്ങളിൽ സ്വയം ചുരുങ്ങി, വീടിന്റെ ദുഃഖ ദുരിതങ്ങൾ ഒന്നും അറിയിക്കാതെ, മക്കൾ ചോദിക്കുന്നതെന്തും വാങ്ങി നൽകുന്ന മാതാപിതാക്കൾ, ഒരു വേള അത് കിട്ടാതാകുമ്പോൾ വിഷാദത്തിലാകുന്ന മക്കൾ…ജീവിക്കാനുള്ള സ്വന്തം തത്രപ്പാടിൽ മക്കളുടെ വ്യക്തിത്വ വികാസം മറന്നേ പോകുന്ന അച്ഛനമ്മമാർ…തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും വിധം മക്കൾക്കു അഭിരുചിയോ താല്പര്യമോ ഇല്ലാത്ത വിഷയങ്ങളിൽ അവരെ തള്ളി വിടുന്ന രക്ഷിതാക്കൾ…അവരെ അംഗീകരിക്കുന്നതിനും ഉൾക്കൊള്ളുന്നതിനും പകരം പ്രഹരവും ശകാരവും നൽകുന്നവർ…

കുട്ടികളുടെ ബുദ്ധിശക്തിയിൽ തങ്ങളുടെ കുടുംബത്തിന്റെ ഭാവി സ്വപ്‌നങ്ങൾ നെയ്തു കൂട്ടുമ്പോൾ അവരുടെ വൈകാരിക അവസ്ഥയെക്കുറിച്ചു, അത് വളർത്തിയെടുക്കുന്നതിനെക്കുറിച്ചു അവർ ശ്രദ്ധിക്കുന്നുണ്ടോ? മക്കൾക്ക് സ്വയം നശീകരണ സ്വഭാവമുണ്ടോ, ഒരു വിഷയത്തോട് സംയമനത്തോടെ പ്രതികരിക്കാനാവുമോ, ക്രോധം പ്രകടിപ്പിക്കുന്നത് തെറ്റായ വിധമാണോ, സ്വയത്തിനോടുള്ള മതിപ്പു കുറവാണോ…ഇങ്ങനെ എത്രയോ കാര്യങ്ങൾ.

ഒരു കുഞ്ഞിനെ ചൊട്ട മുതൽ ശീലങ്ങൾ പരിശീലിപ്പിയ്ക്കാൻ, കുഞ്ഞു കാലത്തു ലൈംഗികമായ എന്തെങ്കിലും നേരിയ പോറൽ പോലും അവർക്കു ഉണ്ടാവാതെ സംരക്ഷിക്കാൻ (അതവരുടെ വ്യക്തിത്വത്തിൽ മായാത്ത മുറിവുണ്ടാക്കും), അവരുടെ സ്വഭാവ രൂപീകരണത്തിലൊക്കെ ശ്രദ്ധയൂന്നാൻ
എത്ര അച്ഛനമ്മമാർക്ക് അറിവുണ്ട്, എത്ര പേർ ശ്രദ്ധിക്കുന്നുണ്ട്?

അഥവാ, ഈ പഠനങ്ങൾക്ക് സാധ്യതയില്ലാത്ത കുടുംബ ചുറ്റുപാടിൽ നിന്നും വിദ്യാലങ്ങളിലെത്തുന്നവർക്ക് അവിടെ നാം ഈ സൗകര്യം ഉറപ്പാക്കുന്നുണ്ടോ? നമ്മുടെ വിദ്യാലയങ്ങൾ, അധ്യാപകർ ഈ വൈകാരിക വളർച്ചയെ പോഷിപ്പിക്കാൻ കഴിയുന്ന ആത്‌മ വിദ്യാലങ്ങളാണോ? അതോ തൊഴിൽ അധിഷ്ഠിത പാഠങ്ങൾ മാത്രം നൽകി തള്ളി വിടുന്ന വെറും സ്ഥാപനങ്ങളോ? കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസിദ്ധനായ ഹംഗേറിയൻ എഴുത്തുകാരൻ ഫ്രിറ്റ്സ് കാരിന്തി “റീഫണ്ട്” എന്ന നാടകത്തിൽ തന്നെ പഠിപ്പിച്ചതൊന്നും ജീവിതത്തിൽ ഉപകരിച്ചില്ലെന്നു പറഞ്ഞു 18 വർഷങ്ങൾക്കു ശേഷം സ്കൂളിൽ ഫീസ് തിരികെ ചോദിച്ചു ചെല്ലുന്ന ഒരു നാല്പതുകാരനെ വർണിച്ചിട്ടിട്ടുണ്ട്. നമ്മുടെ സ്കൂളുകൾ വിദ്യാർത്ഥിയുടെ ആന്തരിക വളർച്ചയെ പോഷിപ്പിക്കുന്ന പഠന കേന്ദ്രങ്ങളായി മാറണം. കൗമാരത്തിന്റെ താക്കോൽ അവിടെയാണ്. അവിടെ നമ്മുടെ കൗമാരം വിടർന്നു വികസിക്കണം.