ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങുമ്പോള്‍ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍

Web Desk
Posted on October 30, 2018, 8:56 pm

ന്യൂഡല്‍ഹി: നാളെ നരേന്ദ്ര മോഡി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങുമ്പോള്‍ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള കാര്‍ഷിക മേഖലയെ തഴഞ്ഞ് സര്‍ക്കാര്‍, പ്രതിമ നിര്‍മാണത്തിനായി പണം ധൂര്‍ത്തടിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റി ബിജെപി പ്രതീക്ഷിച്ചത്ര അതിശയോല്‍ക്കര്‍ഷമൊന്നും നാട്ടില്‍ ഉണര്‍ത്തിയിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അര്‍ദ്ധ പട്ടിണിക്കാരന്‍ അഹങ്കാരത്തിന് വീടുവച്ചപോലെ ഒരു പ്രചരണം സംഘപരിവാറിന്റെ പ്രതീക്ഷകളെ ഉലച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് മഹാത്മാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും കാള്‍ ഉയരത്തിലേക്ക് വല്ലഭായ് പട്ടേലിനെ പ്രതിഷ്ഠിക്കുന്നതിലെ ദുഷ്ടലാക്കും ദേശീയമാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. ഉരുക്കുമനുഷ്യനെ ഗുജറാത്തില്‍ ഗാന്ധിക്കുംമീതേ എത്തിക്കുക എന്ന ലക്ഷ്യവും എടുത്തുകാട്ടപ്പെട്ടു. അയോധ്യയില്‍ രഥയാത്രയും ഇഷ്ടിക സമാഹരണവും നടത്തിയതുപോലെ ദേശീയ തലത്തില്‍ ഉരുക്കു കമ്പികള്‍ സമാഹരിക്കുന്ന പരിപാടിയും സംഘപരിവാര്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ കണക്കുകള്‍ വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു. സമാഹരിച്ച ഇരുമ്പിന്റെ കണക്ക് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക്മുമ്പാകെ വച്ചിട്ടില്ല.
ആയുധങ്ങള്‍ അതുതന്നെയാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിലുപരി ബാബറിപള്ളിതകര്‍ക്കലായിരുന്നു അയോധ്യയില്‍ ലക്ഷ്യമിട്ടത് അഹമ്മദാബാദിലെ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി. ഇവിടെ പട്ടേല്‍ പ്രതിമനിര്‍മ്മിക്കലല്ല ലക്ഷ്യം നെഹ്രുവിനെയും ഗാന്ധിജിയേയും തകര്‍ക്കുകയാണ്,അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കാര്‍ഷിക രംഗം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ ആഗോള മാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നത്. 2016ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിലെ ഏറ്റവും ദാരിദ്ര്യമുള്ള, പോഷകാഹാര കുറവ് നേരിടുന്ന, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത നര്‍മദ ജില്ലയിലാണ് വന്‍ തോതില്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ പട്ടേല്‍ പ്രതിമാ പദ്ധതി. വിലയും വിളസംരക്ഷണവും ലഭിക്കാതെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ അത് ഗൗനിക്കാതെ പ്രതിമ നിര്‍മാണത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.നര്‍മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് ശരിയായ പുനരധിവാസം സാധ്യമാക്കിയില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിമ അനാച്ഛാദന ദിവസമായ നാളെ പട്ടിണി സമരത്തിന് ഒരുങ്ങുകയാണ് വനവാസികള്‍. 72  ഗ്രാമങ്ങളിലെ 5000 ആദിവാസി കുടുംബങ്ങൾ  നാളെ ഭക്ഷണം പാകം ചെയ്യാതെ പട്ടിണി കിടന്ന് പ്രതിക്ഷേധിക്കുകയാണ്.

ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് കേന്ദ്രം 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണമായ വെങ്കല പ്രതിമയ്ക്ക്‌ 430 മില്ല്യണ്‍ ഡോളര്‍ ആണ് ചെലവഴിച്ചത്. പ്രതിമക്കൊപ്പം ത്രീ സ്റ്റാര്‍ ഹോട്ടല്‍, ഗവേഷണ കേന്ദ്രം, മ്യൂസിയം എന്നിവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിമ അനാച്ഛാദനം ചെയ്യുന്നതോടുകൂടി ഒരു വര്‍ഷം രണ്ടര മില്ല്യണ്‍ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.