സംസ്ഥാനത്ത് 16 വർഷത്തിനു ശേഷം നേരത്തെയെത്തിയ കാലവർഷത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും ദേശീയപാത ഇടിഞ്ഞുതാഴുകയും ചെയ്തു. അടുത്ത 24 മണിക്കൂറിൽ പാലക്കാട് ഉൾപ്പെടെ 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40- 50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശും. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണം. പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും ജലസ്രോതസുകളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
അട്ടപ്പാടിയിൽ റോഡിൽ മുളംകൂട്ടം വീണ് ഗതാഗതം തടസപ്പെട്ടു. കവുണ്ടിക്കൽ മേഖലയിലാണ് സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അതിശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി കാരറയിൽ വീടിന് മുകളിൽ കവുങ്ങ് വീണു. വലിയത്താഴത്ത് സണ്ണിയുടെ വീടാണ് തകർന്നത്. വീട്ടുകാർ പുറത്ത് ആയിരുന്നതുകൊണ്ട് ആളപായമില്ല. വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു, വൃദ്ധദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കഞ്ചേരി കളവപ്പാടം കേശവന്റെ വീടാണ് ശനിയാഴ്ച പുലർച്ചെ ഒന്നിന് തകർന്നത്. അപകട സമയത്ത് കേശവനും ഭാര്യ മീനാക്ഷിയും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കിഴക്കഞ്ചേരി നൈനാങ്കാട് കാക്കശ്ശേരി കോളനിയിൽ മരം കട പുഴകി വീണ് ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു. കാടകനാലിന്റെ സമീപത്ത് നില്ക്കുന്ന മരം കടപുഴകി സമീപത്തെ ദേവി ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ആസ്പറ്റോസ് ഇട്ട മേൽക്കൂര ഭാഗീഗമായി തകർന്നു.
ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. ആലത്തൂർ സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വാഹനങ്ങൾ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. കൾവേർട്ട് നിർമ്മാണം നടക്കുന്ന റോഡാണ് താഴ്ന്നത്. പാതയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേർട്ടും. നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചു. 27,28 തിയ്യതികളിൽ ജില്ലയിൽ യെല്ലോ അ ലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.