സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശം. ഇന്ന് 7 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. റോഡ്, റെയിൽ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി. പമ്പയുടേയും അച്ചർകോവിലാറിന്റെയും തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിമലയാർ കരകവിഞ്ഞു. കുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. ദേശീയപാത നിർമാണം നടക്കുന്ന കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്.
കോട്ടയം കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി, പോളച്ചിറയിൽ അരുൺ സാം എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് ശക്തമായ തിരമാലയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കനത്ത മഴയിൽ നനയാതിരിക്കാൻ മുനമ്പത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയിൽ കാറ്റിനെ തുടർന്ന് ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഇടുക്കി അടിമാലിയിൽ മഴയെ തുടർന്നുണ്ടായ അപകടത്തിൽ പാറത്തോട് പുത്തൻ പറമ്പിൽ ബാബു (67) മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ്. പല നദികളും കരകവിഞ്ഞതോടെ തീരവാസികളെ മാറ്റിപ്പാർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.