8 October 2024, Tuesday
KSFE Galaxy Chits Banner 2

കൊല്ലത്ത് ശക്തമായ മഴയില്‍ വ്യാപക നഷ്ടം: ഒരാള്‍ മരി ച്ചു

മഴ സമഗ്ര വാര്‍ത്തകള്‍— കൊല്ലം
Janayugom Webdesk
കൊല്ലം
August 22, 2024 9:03 am

ഇന്നലെ പുലർച്ചെ മൂന്ന് മണി മുതൽ ഉണ്ടായ ശക്തമായ കാറ്റിൽ ജില്ലയുടെ പലഭാഗത്തും വ്യാപകനാശമുണ്ടായി. ഒരാള്‍ മരിച്ചു.
മയ്യനാട് മുക്കം ബീച്ച്, ഇരവിപുരം കാക്കത്തോപ്പ്, പരവൂർ പൊഴിക്കര, മരുത്തടി വളവിൽതോപ്പ് എന്നിവിടങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾ മറിഞ്ഞ് ഒരാൾ മരിച്ചു. 12 പേർ രക്ഷപെട്ടു. മയ്യനാട് മുക്കം ബീച്ചിനടുത്ത് മഞ്ജു മാത (വിദ്യ) എന്ന വള്ളം മറിയുകയും ശക്തമായ തിരയിലും കാറ്റിലും പെട്ടു പുലിമുട്ടിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ സണ്ണി, ബ്രൂമൻ എന്നീ രണ്ടു മത്സ്യ തൊഴിലാളികളായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ഇവർ നീന്തി കരയിൽ കയറി ആശുപത്രിയിൽ പ്രാഥമീക ചികിത്സ തേടി. ഇവരുടെ വള്ളം നാട്ടുകാർ ചേർന്ന് പുലിമുട്ടിൽ നിന്നും ഇറക്കി കരയ്ക്കെത്തിച്ചു. കല്ലിലിടിച്ചു തകർന്ന വള്ളത്തിലെ എൻജിന്റെ മൂടിയും പൊട്ടി.

ഇരവിപുരം കാക്കത്തോപ്പ് നിത്യസഹായമാത പള്ളിക്കു സമീപം കടലിൽ വച്ചു ശക്തമായ തിരമാലയിൽപ്പെട്ടു ബോട്ട് മറിഞ്ഞു. മാമ്പള്ളി സ്വദേശി ബെർണാഡിന്റെ വിശുദ്ധ അൽഫോൺസാമ്മ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ആറ്റിങ്ങൽ മാമ്പള്ളി സ്വദേശി പിൽകീസ് (60) മരിച്ചു. കീഴ്മേൽ മറിഞ്ഞ വള്ളത്തിന്റെ സൈഡിൽ പിടിച്ചു കിടന്ന പിൽകീസും ബെർണാഡും ഒഴുക്കിൽപ്പെട്ട് ഇരവിപുരം കാക്കത്തോപ്പ് പള്ളിയുടെ അടുത്തെത്തി. ഇതുകണ്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിൽകീസ് വീണ്ടും തിരയിൽപ്പെട്ടു. രാവിലെ ഏഴരയോടെ മൃതദേഹം ചാനാകഴികം ഭാഗത്ത് കരയ്ക്കടിഞ്ഞു. ഇവരുടെ വള്ളം പ്രദേശവാസികൾ തീരത്ത് പിടിച്ചു കെട്ടിയിട്ടു. ബെർണാഡിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതേ സമയം പരവൂർ പൊഴിക്കര ചില്ലക്കലിൽ മറ്റൊരു വള്ളവും ശക്തമായ തിരമാലയിൽ പെട്ടു മറിഞ്ഞു. കൊല്ലം മൂദാക്കര സ്വദേശി റോബിന്റെ ഉടമസ്ഥതയിലുള്ള ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന ലോറൻസ്, ശിവകുമാർ, തമിഴ് സെൽവം, വേൽ എന്നിവർ രക്ഷപെട്ടു. മരുത്തടി വളവിൽതോപ്പ് കടൽ ഭാഗത്തും ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞു. ടോണി (21), ജോൺ ക്രൂസ് (60), മറിയ ഫൗസി (60), ടൈറ്റസ് (44), ആന്റോ (34) എന്നിവർ പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ നെടുങ്ങോലം താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വള്ളം, എൻജിൻ, വല എന്നിവ തകർന്നു. രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് അധികൃതരുടെയും ബോട്ടുകൾ എത്തിയെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് പലയിടത്തും അടുക്കാനായില്ല.

ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 31 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കരുനാഗപ്പള്ളിയിൽ 15ഉം കൊട്ടാരക്കരയിൽ എട്ടും കൊല്ലത്ത് ആറും കുന്നത്തൂരിൽ രണ്ട് വീടുകൾക്കുമാണ് നാശനഷ്ടം ഉണ്ടായത്.

ശക്തമായ കാറ്റിൽ ഏരൂർ സർക്കാർ എൽപി സ്കൂളിന് സമീപത്തുനിന്ന കൂറ്റൻ മരത്തിന്റെ വലിയ ചില്ല ഒടിഞ്ഞു കെട്ടിടത്തിനു മുകളിലേക്ക് വീണു. ഇതിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ഭിത്തിക്കും തകരാർ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും കേടുപാടുണ്ടാി. പ്രവൃത്തി സമയമല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കെട്ടിടം അപകടാവസ്ഥയിരുന്നു. അതിനാൽ ഇവിടെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ മറ്റൊരിടത്തേക്ക് സ്കൂൾ അധികൃതർ മാറ്റിയിട്ടുണ്ട്. അതേസമയം ഏരൂരിലെ സ്കൂൾ പരിസരങ്ങളിൽ ഇത്തരത്തിൽ അപകടവാസ്ഥയിലുള്ള നിരവധി മരങ്ങൾ ഇപ്പോഴുമുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് ഹൈസ്കൂൾ പരിസരത്ത് നിന്ന കൂറ്റൻ മരത്തിന്റെ ചില്ല മലയോര ഹൈവേയിലേക്ക് ഒടിഞ്ഞു വീണത്.

ചാത്തന്നൂരിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. വ്യാപകമായി മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണു. ചാത്തന്നൂർ, കല്ലുവാതുക്കൽ, പുതക്കുളം, ചിറക്കര, പരവൂർ, തുടങ്ങി ജില്ലയുടെ തെക്കൻ തീരദേശ മേഖലകളിലും സമീപപ്രദേശങ്ങളിലുമാണ് കാറ്റ് വ്യാപക നാശനഷ്ടം ഉണ്ടാക്കിയത്. ജോലിയ്ക്ക് പോകാനും മറ്റുമായി വീടിന് പുറത്തിറങ്ങിയവർ ഭയന്ന് ഓടി വീടുകൾക്കുള്ളിൽ കയറി. വൈദ്യുതി ബന്ധം വ്യാപകമായി വിച്ഛേദിക്കപ്പെട്ടു. ഇടറോഡുകളിൽ വീണു കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം സുഗമമാക്കാൻ ഫയർ ആന്റ് റെസ്ക്യു ടീം മണിക്കൂറുകൾ ശ്രമിക്കേണ്ടി വന്നു. വൈദ്യുതി ബോർഡ് ജീവനക്കാർ വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഉച്ചയോടെയാണ്. ചാത്തന്നൂർ വൈദ്യുതി സെക്ഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ 250ഓളം മേഖലകളിൽ വൈദ്യൂതി ബന്ധം തകരാറിലായി. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണയിനെ തുടർന്ന് 20ഓളം വൈദ്യുത പോസ്റ്റുകൾ തകരാറിലായി. പാരിപ്പള്ളിയിൽ രണ്ടിടങ്ങളിൽ 11 കെവി ലൈനുകൾ മരങ്ങൾ കടപുഴകി വീണ് തകരാറിലായി. നാല് വൈദ്യൂത പോസ്റ്റുകൾ ഒടിയുകയും പതിനഞ്ചോളംസ്ഥത്ത് കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. ചിറക്കര കൊച്ചാലുംമൂട് അനിൽഭവനത്തിൽ അജിത്തിന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന അജിത്തിന്റെ മാതാവിന് വീടിന്റെ ഓട് വീണ് പരിക്കേറ്റു. ഇവര്‍ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കുണ്ടറ: കിഴക്കേ കല്ലട പട്ടോട്ടിൽമുക്ക് കെഎസ്ഇബി ഓഫീസിന് സമീപം ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞ് കല്ലട- കൊട്ടാരക്കര റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നിലമേൽ പിഎംഎൻഎം യുപി സ്കൂളിന് സമീപം പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. തെക്കേമുറി സബ് സെന്ററിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് മരം വീണ് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി തടസം നേരിട്ടു. കടപുഴ ടോൾ ജങ്ഷന് സമീപം ഇലക്ട്രിക് ലൈനിൽ മരം വീണ് പോസ്റ്റ് മറിഞ്ഞു വൈദ്യുതി തടസപ്പെട്ടു. ഓണമ്പലം രണ്ട് റോഡ് ജങ്ഷനിൽ മാവ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ശിങ്കാരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഇലക്ട്രിക് പോസ്റ്റിലേക്ക് തേക്കുമരം വീണ് പോസ്റ്റ് ഒടിഞ്ഞ് നിലംപതിച്ചു. പേരയം കിഴക്കേകല്ലട പെരിനാട് മണ്‍ട്രോത്തുരുത്ത് പനയം പഞ്ചായത്തുകളിൽ ഏറെ നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കട പുഴകിയും മരച്ചില്ലകൾ ഒടിഞ്ഞും 11 കെ വി ഉൾപ്പെടെ 50 ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം തടസപ്പെട്ടു. പെരുമ്പുഴ സെക്ഷനിൽ നാല് വൈദ്യുത പോസ്റ്റ് ഒടിഞ്ഞും 16 ഇടങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണും വൈദ്യുതി ബന്ധം തകരാറിലായി. മിക്കഇടങ്ങളിലും വളരെ വൈകിയാണ് വൈദ്യുത വിതരണം പുനസ്ഥാപിച്ചത്.

കരുനാഗപ്പള്ളി: ശക്തമായ കാറ്റിൽ കരുനാഗപ്പള്ളി താലൂക്കിൽ വൻ നാശനഷ്ടം. പതിനാറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. തൊടിയൂരിലും തേവലക്കരയിലും ഓരോ വീടുകളും നീണ്ടകരയിൽ മൂന്നും പന്മനയിൽ രണ്ടും അയണിവേലിക്കുളങ്ങരയിൽ നാലും ചവറയിൽ അഞ്ചും വീടുകളാണ് തകർന്നത്. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ശ്രീനിലയം വീട്ടിൽ രാജുവിന്റെ വീടിനു മുകളിലേക്ക് മരം വീണു. മേൽക്കൂരയ്ക്കും ഭിത്തിയ്ക്കും കേടുപാടുകൾ ഉണ്ടായി. തുറയിൽകുന്ന് അനിൽ നിവാസിൽ രഘുവിന്റെ വീടിന് മുകളിലേക്ക് മരം വീണു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന രാജേശ്വരിയുടെ തലയ്ക്ക് ഓടുവീണു പരിക്കേറ്റു. നീണ്ടകര വടക്കേയറ്റത്ത് സുരേഷിന്റെ വീടിന് മുകളിലേക്ക് തെങ്ങു കടപുഴകി വീണു. മൂത്തേത്ത് കടവിൽ ശരത്തിന്റെ വീടിന് മുകളിലേക്കും മരം വീണു. അയണിവേലിക്കുളങ്ങര താമരശേരിൽ രജിത്തിന്റെ വീടിന് മുകളിൽ മരം വീണു. അഴീക്കൽ നാലാം വാർഡിൽ വലിയ വീട്ടിൽ പ്രിയദർശിനിയുടെ ഉടമസ്ഥതയിലുള്ള പീലിങ് ഷെഡും മതിലും ഭാഗികമായി തകർന്നു.

മുപ്പതോളം തൊഴിലാളികൾ പണിയെടുക്കുന്ന ഷെഡാണിത്. പുത്തൻതുറ മീനത്തതിൽ ജനകന്റെ വീടിന് മുകളിലേക്ക് മരം പിഴുതുവീണു. വീടിന് കേടുപാട് ഉണ്ടായി. ചവറ പഞ്ചായത്ത് കരിത്തുറ 23-ാം വാർഡിൽ കാട്ടെഴുത്ത് വീട്ടിൽ ഫ്രാൻസിസ്, നടുവില വീട്ടിൽ സന്തോഷ്, കാട്ടേഴത്തുവീട്ടിൽ പൊലികാർപ്പ്, കോളപ്പുറത്ത് വീട്ടിൽ ജോസ് എന്നിവരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. വടക്കടത്തു പടീറ്റതിൽ മേരിയുടെ വീടിനു മുകളിൽ തെങ്ങു മറിഞ്ഞുവീണു. പന്മന ചോല ചായക്കാരന്റയ്യത് വീട്ടിൽ ഷംലയുടെ വീടിനു മുകളിലേക്ക് മരം മറിഞ്ഞു വീണു. മേൽക്കൂര ഭാഗീകമായി തകർന്നു. പന്മന മേക്കാട് കൃഷ്ണ ഭവനത്തിൽ ഓമനക്കുട്ടന്റെ വീടിനു മുകളിലേക്ക് തേക്ക് മരം മറിഞ്ഞു വീണു. ഓടുകൾക്കും ഷീറ്റിനും നാശനഷ്ടം ഉണ്ടായി. പടനായർകുളങ്ങര വടക്ക് വർണമയൂഖത്തിൽ അനിയുടെ വീടിനു മുകളിലേക്ക് തേക്ക് മരം മറിഞ്ഞുവീണു. ആലുംകടവ് കായക്കാട്ട് ജംഗ്ഷനിൽ മരം റോഡിലേക്ക് പിഴുതു വീണു. പന്മന അയണിവേലികുളങ്ങര സ്വദേശിനി രജേശ്വരിക്ക് വീടിന്റെ മേൽക്കൂര തകർന്ന് ഓട് വീണ് പരിക്കേറ്റു. ശരത് മൂത്തേത്ത് കടവ് വീടിന് മുകളിൽ മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.