ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍: ഭാര്യയും കാമുകനും അറസ്റ്റില്‍

Web Desk
Posted on October 29, 2018, 8:22 pm

തൃശൂർ: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് തിരൂര്‍ സ്വദേശിയും രണ്ട് കുട്ടികളുടെ മാതാവുമായ സ്ത്രീയും കാമുകനും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍. തിരൂര്‍ പോട്ടോറില്‍ താസിക്കുന്ന കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാളുടെ ഭാര്യ സുജാത, കാമുകനും കോഴിക്കോട് സ്വദേശിയുമായ സുരേഷ്, ഷൊര്‍ണ്ണൂര്‍ സ്വദേശി  ഓമനക്കുട്ടന്‍, സുഹൃത്തുക്കളായ ആറ്റൂര്‍ സ്വദേശി സജിത്ത്, വരവൂര്‍ സ്വദേശി മുല്ല നസുറുദ്ദീന്‍, ദേശമംഗലം തലശ്ശേരി സ്വദേശി മുഹമ്മദ് അലി എന്നിര്‍ പിടിയിലായത്.

22ന് പുലര്‍ച്ചെ കൃഷ്ണകുമാര്‍ തന്റൈ പറവൂരുള്ള തറവാട്ടു വീട്ടിലേക്ക് പോകുന്നതിനായി തിരൂര്‍ പോട്ടോറിലെ വീട്ടില്‍ നിന്നും തിരൂര്‍ ബസ്സ് സ്റ്റേപ്പിലേക്ക് റോഡ് മുറിച്ച് കടക്കുമ്പോള്‍ നിർത്തിയിട്ടിരുന്ന  കാര്‍ ഓടിച്ചു വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എല്ലൊടിഞ്ഞ് ഗുരുതര പരിക്ക് പറ്റി ആശുപത്രിയിലായിരുന്ന കൃഷണകുമാര്‍ വിയ്യൂര്‍ എസ് ഐക്ക് മനപ്പൂര്‍വം ഇടിച്ചതാണെന്നും ദുരൂഹത തോന്നുന്നതായും മൊഴി നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനത്തെ കുറിച്ച് അന്വേഷിച്ചതില്‍ വാഹന ഉടമ നല്‍കിയ വിവരമനുസരിച്ച് അന്വേഷണം നടത്തി വരവേ തിരൂര്‍ ഭാഗത്ത് വെച്ച് വാഹനവും മൂന്ന് പ്രതികളെയും കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന്റെ വിവരം അറിയുന്നത്.

കൃഷ്ണകുമാറിന്റെ ഭാര്യക്ക് അഞ്ച് വര്‍ഷമായി സുരേഷുമായി അടുപ്പമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് ഭര്‍ത്താവ് തടസ്സമായതിനാല്‍ സുരേഷിന്റെ സുഹൃത്തും ഡ്രൈവറുമായ ഷൊര്‍ണ്ണൂര്‍ സ്വദേശി ഓമനക്കുട്ടനും സുഹൃത്തുക്കളായ ആറ്റൂര്‍ സ്വദേശി സജിത്ത്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ്സിലെ പ്രതിയുമായ വരവൂര്‍ സ്വദേശി മുല്ല നസുറുദ്ദീന്‍, ദേശമംഗലം തലശ്ശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തി പദ്ധതി തയ്യാറാക്കി നാലു ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ച് വടക്കാഞ്ചേരി സ്വദേശി ഷിഹാസ് എന്നയാളില്‍ നിന്ന് ഫിയറ്റ് പുണ്ടോ കാര്‍ വാടകയ്ക്ക് എടുത്ത് കൃത്യം നടത്തുകയായിരുന്നു.
ഷൊര്‍ണ്ണൂരില്‍ നിന്ന് ഓമനക്കുട്ടനെയും തിരൂര്‍ തടപറമ്പില്‍ നിന്നും ക്വട്ടേഷന്‍ നല്‍കിയ സുരേഷ്ബാബുവിനെയും, കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നും സുജാതയെയും അറസ്റ്റ് ചെയ്തു. ക്വട്ടേഷന് സുജാത സ്വര്‍ണ്ണമാലയും പണവും ആള്‍ട്ടോ കാറും പ്രതിഫലമായി നല്‍കിയെന്നും പറഞ്ഞ തുകയായ നാലു ലക്ഷത്തിന്റെ ബാക്കി തുക വാങ്ങുന്നതിനായി തിരൂരില്‍ എത്തിയതാണെന്നും പ്രതികള്‍ പറഞ്ഞു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെയും തൃശ്ശൂര്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജുവിന്റെയും നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത സംഘത്തില്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത് ഡി, ആനന്ദ് കെ പി, എ പി മുകുന്ദന്‍, എ എസ് ഐ സെല്‍വകുമാര്‍, എസ് സി പി ഒ മനോജ്, സി പി ഒ മാരായ അരുണ്‍ കെ എം, സതീഷ് ഐ ജി, പ്രമോദ്, മനീഷ്, രമ്യ എന്നിവരുണ്ടായിരുന്നു.