Thursday
21 Feb 2019

അയ്യപ്പനേയും ഭവനരഹിതനാക്കുമോ!

By: Web Desk | Sunday 24 June 2018 11:23 PM IST

കലിയുഗവരദനായ അയ്യപ്പന്‍ ശബരിമലയിലേക്ക് കാടുകയറിയത് നാട്ടില്‍ ഇരിക്കപ്പൊറുതിയില്ലാതായതിനാലാണെന്ന് ഐതിഹ്യം. അതുകൊണ്ട് ദൈവം ചിന്മുദ്രയോടെ കാടകത്തുകയറി കുത്തിയിരിപ്പായി. പക്ഷേ ദൈവജ്ഞന്മാര്‍ ദൈവത്തെയും കുടിയിറക്കുന്ന നാളുകള്‍ അടുത്തുവരുന്നു. കഴിഞ്ഞ ദിവസം ശബരിമലസന്നിധാനത്ത് ദൈവജ്ഞന്‍ ഇരിങ്ങാലക്കുട പരമേശ്വരശര്‍മയുടെ കാര്‍മികത്വത്തില്‍ നടന്ന ദേവപ്രശ്‌നം തന്നെയാണ് ഭൂലോകനാഥനും ഭൂമിപ്രപഞ്ചനും വില്ലാളിവീരനും വീരമണികണ്ഠനുമായ ശ്രീധര്‍മശാസ്ത്രാവിനെയും അദ്ദേഹത്തിന്റെ കോടാനുകോടി ആരാധകരെയും അമ്പരപ്പിക്കുന്നത്. അയ്യപ്പനെ കുടിയിറക്കുന്നതിന്റെ ആദ്യനീക്കം തുടങ്ങിക്കഴിഞ്ഞു. ശരംകുത്തി യഥാസ്ഥാനത്തല്ല സ്ഥിതിചെയ്യുന്നതെന്നാണ് ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍. ഇതുകേട്ടാല്‍ തോന്നും ഇരിങ്ങാലക്കുട ശര്‍മ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഏതോ പണ്ണേരനാണെന്ന്.

ശരംകുത്തി കഴിഞ്ഞാല്‍ പിന്നെ ശബരീപീഠവും നിശ്ചിതസ്ഥാനത്തല്ലെന്ന് വിധിയെഴുതാം. മൂന്നാംഘട്ടമായി സന്നിധാനം തന്നെ ശരിയായ സ്ഥാനത്തല്ലെന്നും അയ്യപ്പനെ ഇളക്കി പ്രതിഷ്ഠിക്കണമെന്നും ദേവപ്രശ്‌നമായാല്‍ പാവം അയ്യപ്പന് പിന്നെയും ഉള്‍കാടുകയറുകയല്ലാതെ മറ്റെന്തു മാര്‍ഗം. അങ്ങനെ ഭവനരഹിതനായിത്തീരുന്ന അയ്യപ്പന് ലക്ഷംവീടു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പാര്‍പ്പിടം നിര്‍മിച്ചുനല്‍കണമെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദിനോട് ഒരപേക്ഷയുണ്ട്. പ്രസാദും അയ്യപ്പന്റെ ജില്ലക്കാരനായതിനാല്‍ ഇതില്‍ അല്‍പസ്വല്‍പം സ്വജനപക്ഷപാതവുമാകാം. ദോഷം പറയരുതല്ലോ. ഇതൊക്കെയാണെങ്കിലും ദൈവജ്ഞന്‍ ചില സത്യങ്ങള്‍ പറഞ്ഞു. അവയാകട്ടെ ഏത് എഡിജിപിക്കും പറയാവുന്ന സത്യങ്ങള്‍. വെള്ളമടിയാണ് ശബരിമലയിലെ ഏറ്റവും വലിയ ശല്യമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയത്രേ.

പെണ്ണുകേസില്‍പ്പെട്ട ഒരു ശബരിമല തന്ത്രിയുണ്ട്. അദ്ദേഹം ശബരിമല സന്നിധാനത്ത് അറിയപ്പെട്ടിരുന്നത് ‘ഹണിബീതന്ത്രി’യെന്നാണ്. ഹണിബീ ബ്രാണ്ടിയാണ് മേല്‍പടിയാന്റെ ഇഷ്ടപാനീയം. ഇടയ്ക്കിടെ അയ്യപ്പനു സുഖമാണോ എന്ന് ശ്രീകോവിലിനുള്ളില്‍ കയറി ക്ഷേമവിവരം തിരക്കും. തിരിച്ചുവന്ന് തന്ത്രിയുടെ മുറിയിലിരുന്ന് രണ്ടെണ്ണം വീക്കും. പിന്നെയും ക്ഷേമാന്വേഷണം, പിന്നെയും പൂശല്‍. കടവന്ത്രയിലെ ഫഌറ്റില്‍ പെണ്ണുകേസില്‍ കുടുങ്ങി അരമണിയും കിങ്ങിണിയുമെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടശേഷം തന്ത്രിയുടെ പിറന്ന പടിയുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ തന്ത്രിയെ സന്നിധാനത്തില്‍ നിന്ന് ഔട്ടാക്കി. വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞദിവസം പണ്ടത്തെ നഗ്നതന്ത്രി ശബരിമലയിലെ പൂജാവിധികളില്‍ ഏര്‍പ്പെട്ടുവെന്ന വാര്‍ത്ത കേട്ടു. ഇതിനുശേഷമാണോ അടച്ചു കിന്റായി മലകയറുന്നവര്‍ കലശപൂജകള്‍ ഫലശൂന്യമാക്കുന്നതെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയത്. തിരുസന്നിധിയിലെ വെള്ളമടിക്കാര്യം പുറത്തുപറയാന്‍ ദൈവജ്ഞനെന്തിന്, ഭൂലോകനാഥന്റെ ഈ ഗതികേടിനെക്കുറിച്ചു പറയാന്‍ ലോകനാഥ ബഹ്‌റതന്നെ ധാരാളം. ദേവപ്രശ്‌നം എന്ന അന്ധവിശ്വാസം കേള്‍ക്കുമ്പോള്‍ ചിലര്‍ക്കാകെ ഹാലിളക്കമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും ഈ അന്ധവിശ്വാസങ്ങള്‍ കുറയേണ്ടതല്ലേ. പക്ഷേ അതു വര്‍ധിക്കുന്നേയുള്ളു. പണ്ടൊരിക്കല്‍ ഒരു കന്നഡസിനിമാനടി താന്‍ അയ്യപ്പവിഗ്രഹത്തെ ആശ്ലേഷിച്ചു പ്രാര്‍ഥിച്ചുവെന്ന് അവകാശപ്പെട്ട് ഭൂകമ്പം സൃഷ്ടിച്ചപ്പോഴും ദേവസ്വം ബോര്‍ഡ് ദേവപ്രശ്‌നത്തിന് ഒരു കുപ്പിണി തന്ത്രിമാരെയിറക്കി. നിത്യബ്രഹ്മചാരിയായ ശ്രീധര്‍മശാസ്താവ് സ്ത്രീസ്പര്‍ശത്താല്‍ അശുദ്ധനായി എന്നു ദേവപ്രശ്‌നത്തിന്റെ കുറിമാനം. ആര്‍ത്തവവിരാമ പ്രായമാകാത്ത നടിയുടെ തിരക്കഥയില്‍ തൂങ്ങി ദേവസ്വം ബോര്‍ഡും. ആര്‍ക്കും അയ്യപ്പനെ തൊട്ടുവണങ്ങാനാവില്ലെന്ന സത്യംപോലും ഇവിടെ കുരുതികഴിക്കപ്പെട്ടു. പിന്നെ പരിഹാരക്രിയകള്‍ എന്ന മറ്റൊരു അസംബന്ധത്തിന് ഭക്തരുടെ കാണിക്കയായ ദശലക്ഷങ്ങളുടെ ധൂര്‍ത്ത്. പാവം മിണ്ടാപ്രാണികളായ ദേവീദേവന്മാരുടെ പേരില്‍ വേണമോ ഈ ദേവപ്രശ്‌ന കോപ്രായങ്ങള്‍?

ധ്യപ്രദേശിലെ ഛത്തന്‍പൂരില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത കേട്ടപ്പോള്‍ നമ്മള്‍ നന്നാകില്ലെന്ന് ഉറപ്പായി. അവിടെ മഴയ്ക്കുവേണ്ടി ബിജെപിക്കാരിയായ വനിതാ-ശിശുക്ഷേമ മന്ത്രി ലളിതായാദവിന്റെ നേതൃത്വത്തില്‍ നടന്നത് ഒരു തവളക്കല്യാണം. തവളകള്‍ക്കു കല്യാണപ്പുടവ, കാവിപ്പൂക്കള്‍കൊണ്ടു വരണമാല്യങ്ങള്‍ ചാര്‍ത്തിയ മാക്കാച്ചിതവളകള്‍ നാലുനില പന്തലില്‍ നാഗസ്വരമേളത്തോടെ കല്യാണം കഴിച്ചു. ശേഷം ഗംഭീരസദ്യ. കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ പലതായി. ഒരുതുള്ളി മഴ ഇതുവരെ പെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തവളക്കല്യാണത്തിന്റെ മറവില്‍ ബിജെപി മന്ത്രിണി പിരിച്ച ലക്ഷങ്ങള്‍ അവരുടെ ഖജനാവിലായി എന്നതുതന്നെ മിച്ചം. മഴപെയ്യാത്തതിനാല്‍ കല്യാണത്തിനു വേഷമിടാന്‍ നിന്നുകൊടുത്ത തവളദമ്പതികള്‍ ഇതിനകം വിവാഹമോചിതരായിക്കാണണം.

കുമ്പസാരരഹസ്യങ്ങള്‍ പള്ളീലച്ചന്മാര്‍ പൊലീസിനെ അറിയിക്കണമെന്ന് ആസ്‌ട്രേലിയയില്‍ നിയമകാര്യ കമ്മിഷന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നു. വാര്‍ത്ത പുറത്തായ നിമിഷം തന്നെ വൈദികരും അവരുടെ അസ്മാദികളും ചേര്‍ന്ന് പ്രക്ഷോഭവും തുടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിലെ പ്രതികളെ കണ്ടെത്താനാണ് കുമ്പസാരരഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍. കൊടുംക്രൂരതകള്‍ നടത്തുന്ന കുറ്റവാളികളെ ഇരുട്ടില്‍ നിര്‍ത്താന്‍ സഹായിക്കുന്നതാണ് കുമ്പസാര രഹസ്യങ്ങള്‍ എന്ന നിയമവശത്തിലേയ്ക്കാണ് ഈ വിഷയം വെളിച്ചം വീശുന്നത്. ശിശുരതിക്കാരായ ആര്‍ച്ച് ബിഷപ്പുമാരും വൈദികരുമടക്കം ലോകമെമ്പാടും നൂറുകണക്കിനു പുരോഹിതര്‍ അഴികളെണ്ണുന്ന ഈ ഉലകത്തില്‍ കുമ്പസാര രഹസ്യങ്ങളെന്ന പേരില്‍ കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കുന്ന പുരോഹിതരെ നുണപരിശോധനയ്ക്കു വിധേയരാക്കാനും നിയമം കൊണ്ടുവരണമെന്ന് വിശ്വാസികള്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ ഇതിനെതിരെ സമരരംഗത്തിറങ്ങുന്നവര്‍ കുറ്റവാളിപ്പറ്റങ്ങള്‍ തന്നെയാകണം. കുറ്റങ്ങള്‍ മൂടിവയ്ക്കാന്‍ യേശുക്രിസ്തു അരുളിചെയ്തിട്ടേയില്ല. സുവിശേഷങ്ങളിലൂടെ കണ്ണോടിച്ചാല്‍ കുമ്പസരിപ്പിക്കാന്‍ ഇടനിലക്കാരനായി ഒരു വൈദികന്റെ ആവശ്യം തന്നെയില്ലെന്നു ബോധ്യമാകുന്നു. ഈ സന്ദര്‍ഭത്തിലാണ് കുമ്പസാരം എന്ന അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തിനും പ്രസക്തിയേറുന്നത്. ഈയടുത്ത കാലത്ത് ഒരു പാല്‍ക്കാരി പെണ്ണിനെ ബലാല്‍സംഗം ചെയ്തുകൊന്ന ഒരു പള്ളീലച്ചനെ കേരളത്തില്‍ ശിക്ഷിച്ചസംഭവമുണ്ടായി. ആ പാതിരി ഒരുവൈദികനോടോ നീതിപീഠത്തോടോ പോലും കുമ്പസാരിച്ചില്ല.

മ്മന്‍ചാണ്ടിയേയും ജോസ് കെ മാണിയും കെ സി വേണുഗോപാലും മുത്തശ്ശനായ ആര്യാടന്‍ മുഹമ്മദുമടക്കം യുഡിഎഫ് പടയെത്തന്നെ ഒരു പടുതിയിലാക്കിയ സോളാര്‍ റാണി സരിതാ എസ് നായര്‍ക്ക് ഇതാ നല്ലൊരു ഇരവീണുകിട്ടിയിരിക്കുന്നു. അമ്മ, മക്കള്‍ മുന്നേറ്റകഴകം നേതാവ് ടിടിവി ദിനകരന്‍. ജയലളിതയില്‍ നിന്ന് ശശികലയും മാന്നാര്‍ഗുഡി മാഫിയയും തമ്മില്‍ അടിച്ചുമാറ്റിയ സഹസ്രകോടികളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ കൈവശമുള്ള ദിനകരന്‍. പിടിച്ചാല്‍ പുളിങ്കൊമ്പില്‍ത്തന്നെയാകണമല്ലോ. ദിനകരന്റെ ‘കച്ചി’യില്‍ ചേരാന്‍ സരിത ദിനകരന്‍ കഴകത്തിന്റെ നേതാക്കളുമായി തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതായി പടം സഹിതം വാര്‍ത്ത വന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ തക്കലയില്‍ ഒരു പേപ്പര്‍കപ്പ് നിര്‍മാണശാലയടക്കം ചില വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്ന സരിത അവിടെ സോളാര്‍ പവര്‍ എടുത്തുവീശുന്നില്ല. കേരളത്തില്‍ സോളാര്‍ വൈദ്യുതിയെങ്കില്‍ തമിഴകത്ത് അമ്മയുടെ പടമുളള പേപ്പര്‍കപ്പ്. നന്ദിനിനായരും ലക്ഷ്മിനായരുമൊക്കെയായി വേഷം കെട്ടിയ സരിതയ്ക്കുണ്ടോ തന്റെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ആരുടെയെങ്കിലും പാഠം. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സരിത രജനീപക്ഷത്തേയ്ക്കാണോ കമല്‍പക്ഷത്തേയ്ക്കാണോ ചായുക എന്നേ ഇനിയറിയേണ്ടതുള്ളു. രാഷ്ട്രീയത്തിലും വേണമല്ലോ സെക്‌സും ഗ്ലാമറും.

എം പി ബാലകൃഷ്ണന്‍ എന്നു പേരെടുത്ത ഒരു കുറ്റാന്വേഷണ വിദഗ്ധന്‍ പൊലീസിലുണ്ടായിരുന്നു. അന്തരിച്ച എം പിയും എംഎല്‍എയുമായിരുന്ന കെ അനിരുദ്ധന്റെ സഹോദരീപുത്രന്‍ എ സമ്പത്ത് എം പിയുടെ അളിയന്‍ സ്ഥാനീയന്‍. അന്തരിച്ച മേയറായിരുന്ന എം പി പത്മനാഭന്റെ സഹോദരന്‍. അടുപ്പക്കാര്‍ എം പി എന്നുവിളിച്ചിരുന്ന ബാലകൃഷ്ണനും കഥാവശേഷനായി. എം പി അടുപ്പക്കാരോടൊക്കെ പറയുമായിരുന്നു. ഓരോ പൊലീസുകാരനുള്ളിലും അവന്റെ ബോധതലത്തില്‍ ഒരു ക്രിമിനല്‍ കുടികൊള്ളുന്നുവെന്ന്. ഇത് ക്രിമിനലുകളെ വീഴ്ത്താന്‍ സഹായിക്കാറുമുണ്ട്. പക്ഷേ ആ ‘ക്രിമിനല്‍ത്തരം’ സ്വയം എടുത്തു പ്രയോഗിച്ചാല്‍ കള്ളനെക്കാള്‍ വേഗം കുടുങ്ങുന്നത് പൊലീസായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അങ്ങനെ കള്ളനെ പിടിച്ചു പൊലീസാക്കിയതുപോലെയായി നമ്മുടെ എഡിജിപി സുദേഷ് കുമാറിന്റെ കാര്യം. കക്കാനറിയാം, നില്‍ക്കാനറിയില്ലെന്ന അവസ്ഥ. മകള്‍ സ്‌നിഗ്ധ ഒരു പാവം പൊലീസ് ഡ്രൈവറെ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തിലിടിച്ചു പഞ്ചറാക്കിയ കേസില്‍ മകളെ രക്ഷപ്പെടുത്താന്‍ വേണ്ടി മകളുടെ ഇരയായ ഗവാസ്‌കറല്ല ജെയ്‌സണ്‍ എന്ന ഡ്രൈവറാണ് അന്നു വാഹനമോടിച്ചതെന്നു രേഖയുണ്ടാക്കി. ദേ ജെയ്‌സണ്‍ പറയുന്നു ആ രേഖ തിരുത്തിയതാണെന്ന്. എഡിജിപിയാണ് വ്യാജരേഖ ചമച്ചതെന്ന്. അത്യുന്നതങ്ങളിലും കള്ളന്‍ പൊലീസായാല്‍ ജനത്തിന് ആരു തുണയാകും.