Web Desk

കോഴിക്കോട് ഡെസ്ക്

November 10, 2020, 8:22 pm

നാട്ടിൻപുറങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമാവുന്നു

Janayugom Online

വനമേഖലയോടു ചേർന്ന കൃഷി ഇടങ്ങളിൽ വന്യമൃഗശല്യം വർദ്ധിച്ചതിന് പിന്നാലെ നാട്ടിൻ പുറങ്ങളിലെ കൃഷിയിടങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമാവുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ ഗ്രാമങ്ങളിൽ കർഷകർ കൂട്ടായ്മയിൽ ഇറക്കിയ നടുവിളകൃഷിയിനങ്ങളാണ് ഏറെയും കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. നേരത്തെ വനമേഖലയോട് ചേർന്ന ചെമ്പനോട, മുതുകാട്, ചെങ്കോട്ടക്കൊല്ലി, പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് നാട്ടിൻ പുറങ്ങളിലേക്ക് നിങ്ങിയതായി കർഷകർ പറഞ്ഞു. കാട്ടുപന്നി, മുള്ളൻപന്നി, ഉടുമ്പ്, പെരിലാഴി, കാട്ടുകുരങ്ങ് എന്നിവ നാട്ടിൻ പുറങ്ങളിലെ കൃഷി ഇടങ്ങളിലെത്തുകയാണെന്ന് കർഷകർ പരാതിപ്പെട്ടു. റബർ, കുരുമുളക്, നാളികേരം, കവുങ്ങ്, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ വിവിധയിനം വാഴകൾ തുടങ്ങി വിവിധ കൃഷിയിനങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നാട്ടുകാർ കൃഷിയിലേക്ക് ഇറങ്ങിയതിനിടെ കാട്ടു ജീവി ആക്രമം നിരാശക്ക് കാരണമായി. സ്വാശ്രയ സംഘങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി നടത്തിയത്. കൂത്താളി, ചങ്ങരോത്ത്, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വരെ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയർന്നു.