കാട്ടാന കിണറ്റില്‍ വീണു: വനപാലകര്‍ രക്ഷകരായി

കെ.എ സൈനുദ്ദീന്‍

കോതമംഗലം

Posted on July 01, 2020, 4:41 pm

കെ.എ സൈനുദ്ദീന്‍

കാട്ടാനക്കൂട്ടത്തോടൊപ്പം പുഴ നീന്തി കടന്ന് ജനവാസ കേന്ദ്രത്തിലെത്തി അബദ്ധത്തില്‍ കിണറ്റില്‍ വീണ കൊമ്പന് വനപാലകര്‍ രക്ഷകരായി. പൂയംകൂട്ടിവനത്തില്‍ നിന്നും പുഴ നീന്തി കടന്നെത്തിയ കാട്ടാന കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റി ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് കൊമ്പന്‍ കിണറ്റില്‍ വീണത്. പൂയംകൂട്ടി കപ്പേള പടിയില്‍ താമസിക്കുന്ന വനം വകുപ്പ് പൂയംകുട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ പടിഞ്ഞാറെക്കര എല്‍ദോസിന്റെ വീടിനു സമീപമുള്ള കിണറ്റിലാണ് ആന വീണത്.

ആന കിണറ്റില്‍ വീണതോടെ മറ്റ് ആനകള്‍ ഭീകരാന്തരീക്ഷം സ്രഷ്ടിച്ചത് നാട്ടുകാരെ ഭീതിയിലാക്കി. നേരം പുലര്‍ന്നതോടെ കൊമ്പനെ കിണറ്റില്‍ ഒറ്റക്കാക്കി ആനക്കൂട്ടം തിരികെ പുഴ നീന്തി കടന്ന് വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് കുട്ടംമ്പുഴ റേഞ്ചിലെ വനപാലകര്‍ ആനയെ രക്ഷപ്പെടുത്തുന്നതിനായി എത്തി. കുട്ടംമ്പുഴ റെയ്ഞ്ച് ഓഫീസര്‍ ലിബിന്‍ ജോണ്‍, പൂയംകുട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബെന്‍സി ലാല്‍, ആനക്കുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വിജേഷ് ആശാരി എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയത്. കാട്ടാനയ്ക്ക് ഉദ്ദേശം 30 നും 40നും ഇടയില്‍ പ്രായമുണ്ടെന്ന് റെയ്ഞ്ച് ഓഫീസര്‍ ലിബിന്‍ ജോണ്‍ പറഞ്ഞു.

തുടര്‍ന്ന് ജെ സി ബി വരുത്തി കിണറിന്റെ ഒരു ഭാഗം ഇടിച്ചുതാഴ്ത്തി കരയിലേക്ക് കയറാന്‍ വഴിയൊരുക്കി. ജെ സി ബി യുടെ മുരളലില്‍ അല്പം പകച്ചെങ്കിലും ജെ സി ബി തീര്‍ത്ത വഴിത്താരയിലൂടെ മെല്ലെ കയറി കിണറിനു മുകളിലെത്തി. കാഴ്ചക്കാരായി എത്തിയവരുടെ ആരവങ്ങള്‍ക്കിടയില്‍ പൂയംകുട്ടി പുഴ ലക്ഷൃമാക്കി ഒറ്റപ്പാച്ചിലായിരുന്നു. ഓട്ടത്തിനിടയില്‍ കണ്ട ടൂവീലര്‍ തട്ടിമറിച്ചിട്ടു.തുടര്‍ന്ന് പുഴയിലേക്ക് ചാടി പലവട്ടം മുങ്ങി പൊങ്ങി പുഴയില്‍ നീന്തി തുടിച്ച് തുബിക്കൈ ഉയര്‍ത്തി റ്റാറ്റ പറഞ്ഞ് വനത്തിലേക്ക് കയറി പോയി. ദൗത്യം വിജയിച്ചതോടെയാണ് വനം വകുപ്പു ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളെ നിയന്ത്രിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാമാധാനമായത്.

Eng­lish sum­ma­ry: Wild ele­phant acci­den­taly fall­en to well

You may also like this video: