കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു

കഞ്ചിക്കോട്ട്: ട്രെയിന്‍ തട്ടി ചരിഞ്ഞ നിലയില്‍ കൊമ്പന്റെ ശരീരം കണ്ടെത്തി. വാളയാര്കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തെ ബി ട്രാക്കില്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ കൊമ്പന്റെ ജഡം കണ്ടെത്തിയത്. പാലക്കാട്ടു നിന്നും രാവിലെ 5.20ന് പുറപ്പെട്ട മംഗലാപുരം ചെന്നൈ എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് റെയില്‍വേ അധികൃതരെ വിവരം അറിയിച്ചത്.
തുടര്‍ന്ന്, റെയില്‍വേ ജീവനക്കാര്‍ക്കൊപ്പം വനം വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കഴിഞ്ഞ ഒരാഴ്ചയായി ട്രെയിന്പാളത്തിന് താഴെയുള്ള കൃഷിയിടങ്ങള്‍
കാട്ടാനകള്‍ കൂട്ടമായെത്തി നശിപ്പിച്ചിരുന്നു. ഇതിലെ കൊമ്പനാണ് ചരിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെല്ലന്കാവ്പുത്തന്പ്പാടം പാടശേഖരങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിയാണ് ഇത്തരത്തില്‍ നശിച്ചത്. കൊയ്യാമരക്കാട് ശിവന്റെ കതിര് വന്ന നെല്‍കൃഷിയും ആനകള്‍ നശിപ്പിച്ചു.
മൂന്ന് ആനകളടങ്ങുന്ന സംഘമാണ് ഈ പ്രദേശങ്ങളില്‍ അക്രമം നടത്തിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകള്‍ ട്രെയിന്‍ തട്ടി ചരിഞ്ഞ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്
ട്രെയിനുകള്‍ ഉച്ചത്തില്‍ സൈറണ്‍ മുഴക്കി കടന്നുപോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചരിഞ്ഞ കൊമ്പന്റെ ശരീരം വാളയാര്‍ കാട്ടില്‍ സംസ്ക്കരിച്ചു.