കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ചാലിഗദ്ധ, കൂടൽക്കടവ് പ്രദേശങ്ങൾ

Web Desk
Posted on December 01, 2017, 3:47 pm

മാനന്തവാടി: മാനനന്തവാടി നഗരസഭയിലെ കൂടൽക്കടവ്, ചാലിഗദ്ധ പ്രദേശങ്ങളിലെ ജനങ്ങൾ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി. കഴിഞ്ഞദിവസം രാത്രിയിൽ കുറുവദ്വീപിൽ കബനി പുഴ കടന്ന് എത്തിയ കാട്ടാനകൾ ഏക്കറുകണക്കിന് നെൽകൃഷിയാണ് നശിപ്പിച്ചത്.

കൂടൽക്കടവിലെ ചാലിൽജോസ്, പൈക്കാട്ട്ജോസ്, ചെമ്മാട് കോളനിയിലെ അച്ചപ്പൻ, വെള്ളൻ, ചാപ്പൻ, പുണംകാവിൽഷാജി,അനിൽ,പാൽ വെളിച്ചം കുറുവ ദ്വീപിന് സമീപത്ത് കരിമാംതടത്തിൽസനൽ, വടക്കേൽസന്തോഷ്, പറയ്ക്കൽ ഓമന എന്നിവരുടെ ഏക്കർ കണക്കിന് നെൽകൃഷിയും   ചാലിഗദ്ധ അംബേദ്ക്കർ കോളനിയിലെ രവിയുടെ അര ഏക്കർ വിളവെടുപ്പിന് പാകമായ പയർ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു.

വയലിനോട് തൊട്ട് ചേർന്ന് കിടക്കുന്ന പുഴമുറിച്ച്‌  കടന്നാണ് ആനകൾ കൃഷിയിടങ്ങളിൽ എത്തുന്നത്. മുന്ന് വർഷം മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് കൂടൽക്കടവ് മുതൽ ചാലിഗദ്ധ, കുറുവദ്വീപ്, പാൽവെളിച്ചം വരെ പുഴ സൈഡിൽ ഫെൻസിങ് സ്ഥാപിച്ചിരുന്നു. നിർമ്മാണത്തിലെ അപകാതയും സംരക്ഷണമില്ലത്തതു കൊണ്ടും ഫെൻസിങ് നശിച്ചു. ഈ വർഷം മാർച്ച് 3ന് പാൽവെളിച്ചം അമ്പലത്തിലെ ഉൽസവം കഴിഞ്ഞ് മടങ്ങിയാ പാൽ വെളിച്ചം പാറയ്ക്കൽ ശശി കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു.

നെൽകൃഷി നഷ്ടമായിട്ടും പലരും പാരമ്പര്യ കൃഷി എന്ന നിലയാക്കണ് കൃഷിയിറക്കുന്നത്. ഞാറ് നാടുന്നത് മുതൽ വിളവെടുപ്പ് പുർത്തിയാക്കുന്നത് വരെ വയലിൽ കൊടും തണപ്പിനെ അതിജീവിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ആനയെ ഓടിക്കുന്നത്. ഇപ്പോൾ പലപ്പോഴും ആന കർഷകർക്ക് നേരെ തിരിയുകയാണ് ചെയ്യുന്നത്.

ലോണെടുത്തും മറ്റും കൃഷിയിറക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹരവും വനം വകുപ്പിൽനിന്ന് ലഭിക്കുന്നില്ലന്ന പരാതിയുണ്ട്. കുറുവ ദ്വീപിൽനിന്ന് കാട്ടാനകൾ ഇറങ്ങി ജനവാസ കേന്ദ്രത്തിൽ എത്തുന്നതിന് ശാശ്വത പരിഹാരമായി കൂടൽക്കടവ് മുതൽ റെയിൽ  ഫെൻസിങ് സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.

കാട്ടാനയെ കൂടാതെ കുരങ്ങ്, പന്നി, മാൻ എന്നിവയും കൂട്ടത്തോടെ കൃഷിയിടങ്ങളിൽ എത്തുന്നത് പതിവ് കാഴ്ചയാണ്. നെൽക്കൃഷിയിലെരോഗബാധയും വന്യമൃഗശല്യവും കൃഷിയെ അശ്രയിച്ച് കഴിയുന്നവരെ ദുരിതാത്തിലാക്കിയിരിക്കുയാണ്. വനം വകുപ്പിൽ കൃഷി നാശത്തിന് അപേക്ഷ നൽകിയാലും എന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് പറയാൻ പോലും വനം വകുപ്പ് ഉദ്യേഗസ്ഥർക്ക് പറയാൻ കഴിയുന്നില്ല.