കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ച് കാട്ടുപന്നിക്ക് കെണിയൊരുക്കി, കെണിയില്‍ പെട്ട ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത് തീവ്രവേദന തിന്ന്

Web Desk
Posted on June 02, 2020, 9:07 pm

മലപ്പുറം: കാട്ടുപന്നിക്കൊരുക്കിയ കൈതച്ചക്ക കെണിയില്‍ കുടുങ്ങി ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് കരളലിയിക്കുന്ന ദാരുണസംഭവം ഉണ്ടായത്.

സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന കാട്ടാനയുടെ മുഖം സ്ഫോടനത്തില്‍ തകര്‍ന്നു. വായും മൂക്കും പൂര്‍ണമായി ഇല്ലാതായിരുന്നു. ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം കിടന്ന ശേഷമാണ് ആന മരണത്തിന് കീഴടങ്ങിയത്.

നിലമ്പൂര്‍ സെക്ഷന്‍ വനപാലകന്‍ മോഹന്‍ കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. വിശപ്പ് സഹിക്കാനാകാതെ ആ കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് തീറ്റ തേടിയെത്തിയെങ്കിലും ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വെള്ളിയാര്‍ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്ന സ്ഥിതിയിലാണ് വനപാലകര്‍ ഈ ആനയെ കണ്ടെത്തിയത്. മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റ് പ്രാണികളും വന്നിരുന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നത് ഒഴിവാക്കാനാകണം ഇങ്ങനെ അവള്‍ ചെയ്തത്. കുങ്കിയാനകളെ എത്തിച്ച് കരക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് മനസിലാക്കാനായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പതിനഞ്ച് വയസോളം പ്രായമുള്ള ആനയാണിത്.

കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ കൊല്ലത്തും സമാനസംഭവമുണ്ടായി. വനാതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ മൃതദേഹം വനത്തിലെത്തിച്ച് സംസ്കരിച്ചു.

eng­lish sum­ma­ry: wild ele­phant died from fatal injury by pineap­ple filled with explo­sives

you may also like this video