ലോറിയിടിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഢം സംസ്‌ക്കരിച്ചു

Web Desk
Posted on July 12, 2019, 10:06 pm

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരിമൈസൂര്‍ ദേശീയപാതയിലെ പൊന്‍കുഴിയില്‍ ലോറിയിടിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഢം സംസ്‌ക്കരിച്ചു. ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ ചികിത്സ നല്‍കിയ വിട്ടയക്കുകയും തുടര്‍ന്ന് ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടുകൂടി കോഴിക്കോട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ മുത്തങ്ങ ആനക്യാമ്പിലെ കുങ്കി ആനകളുടെ സഹായത്തോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. വിശദമായ പോസ്റ്റ് മോര്‍ട്ടത്തില്‍ പിടിയാനയുടെ വലതു തോളെല്ലിന് ഗുരതരക്ഷതം ഏറ്റിട്ടു ള്ളതായും, തോളെല്ല് ഒടിഞ്ഞ് നുറുങ്ങിയതായും കണ്ടെത്തി. നെഞ്ചിന്‍കൂട് തകര്‍ന്ന് ശ്വാസ കോശനാളത്തിലേക്ക് കയറിയ നിലയിലുമായിരുന്നു.അതുകൊണ്ട് തന്നെ ആന്തരിക രക്ത ശ്രാവത്തിന്റെ തുടര്‍ച്ചായായി സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് വെറ്ററിനറി സര്‍ജന്‍ വിലയിരുത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആനയുടെ ജഢം ജെ. സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് സംസ്‌കരിച്ചു.

വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അജിത്.കെ. രാമന്‍, മുത്തങ്ങ അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കുമാരി. രമ്യാ രാഘവന്‍, മുത്തങ്ങ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അംജിത്, വൈല്‍ ഡ്‌ലൈഫ് അസിസ്റ്റന്റ് രാഹുല്‍ രവീന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ രാഘവന്‍, കുഞ്ഞുമോന്‍, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു, മോളിക്യുലാര്‍ അനലിസ്റ്റ് ജിഷ്ണു എന്നിവരടങ്ങിയ വനപാലക സംഘമാണ് നേതൃത്വം നല്‍കിയത്. ഈ മാസം 10നാണ് രാത്രി എട്ടരയോടെ മുത്തങ്ങ പൊന്‍കുഴിയില്‍ വെച്ച് കാട്ടാനയെ ലോറിയിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിനിടയാക്കിയ ലോറി സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ലോറി െ്രെഡവര്‍ ബാലുശ്ശേരി സ്വദേശിയായ ഷമിജ് റിമാന്റിലാണ്.