നാടുകാണാനിറങ്ങിയ അതിഥിയെ നാട്ടുകാര്‍ കാട്ടിലേയ്ക്ക് തുരത്തി

Web Desk
Posted on November 05, 2017, 7:54 pm

മുത്തങ്ങ : വയനാട് വന്യ ജീവിസങ്കേതത്തിലെ തോട്ടാമൂലയിലെ  ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ  വനത്തിലേക്ക് തുരത്തി. രാവിലെ ഏഴ്  മണിയോടെ നാട്ടുകാരാണ് കാട്ടുപോത്ത് ജനവാസ കേന്ദ്രമായ അരിമാനി, പുത്തൻകുന്ന്, കല്ലുമുക്ക്, മേലേപുത്തൻകുന്ന്, പണിക്കർപാടി,കരിവള്ളിവയൽ മുണ്ടകൊല്ലി എന്നിവിടങ്ങളിൽ എത്തിയ വിവരം വനം വകുപ്പ് ജീവനക്കാരെ അറിയിച്ചത്.

ജനവാസ മേഖലയായതുകൊണ്ട് അപകടം ഒഴിവാക്കാനും ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് വനം വകുപ്പ് മൈക്ക്  അനൌൺസ്മെന്റ് നടത്തി. നാട്ടുകാരുടെയും മേപ്പാടി, ആർ.ആർ.ടി ടിം, കുപ്പാടി, നയ്‌ക്കെട്ടി, എന്നീ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ഏകോപിപ്പിച്ച്  7 മണിക്കൂർ  നീണ്ട ശ്രമത്തിനൊടുവിൽ ജനവാസകേന്ദ്രത്തിലൂടെ 10 കിലോമീറ്റർ ദൂരത്തുള്ള വയനാട് വന്യജീവി സങ്കേതത്തിലേക്ക് കാട്ടുപോത്തിനെ തുരത്തിയത്. മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അജയ് ഘോഷ്, റെയിഞ്ചർ, കെ.ജെ.ജോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ശശികുമാർ, വേണുഗോപാൽ, എബിൻ,ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.