സംസ്ഥാനത്ത് പാമ്പ്കടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റിലൂടെ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിയൊരുക്കുയാണ് സംസ്ഥാന സര്‍ക്കാര്‍. വിവിധ വനസംരക്ഷണ പ്രവര്‍ത്തനങ്ങളും, വന്യജീവി ആക്രമണങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി വനസസംരക്ഷണ പദ്ധതിയൊരുക്കുമ്പോള്‍ ഇതില്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി മാതൃകയാവുമെന്നുറപ്പ്. ഇത്തരത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കാൻ വനം വകുപ്പും ഒപ്പം ആരോഗ്യവകുപ്പും ആത്മാർത്ഥമായ ശ്രമം നടത്തുന്നുണ്ട്. നിലവിൽ ഫലപ്രദമായ ആന്റിവെനം ആശുപത്രികളില്‍ ലഭ്യമാണ്. എന്നാൽ അറിവില്ലായ്മയും ബോധവൽക്കരണത്തിന്റെ അഭാവവും കാരണം ഇരകൾ ആദ്യം പ്രാദേശിക വൈദ്യന്മാരെ സമീപിക്കുന്നു, ശരിയായ ചികിത്സ ലഭിക്കുന്നതിൽ കാലതാമസം സംഭവിക്കുന്നതാണ് ഭൂരിഭാഗം മരണത്തിനും കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
2011 മതല്‍ ഇത് വരെ 1524 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 1149 പേരുടെയും മരണം പാമ്പ്കടിയേറ്റാണ്. 273 പേര്‍ ആനയയുടെ ആക്രമണത്തിലും, 63 പേര്‍ കാട്ടുപന്നിയുടെ ആക്രമണത്തിലും , പത്ത് പേര്‍ കാട്ട്പോത്തിന്റെ ആക്രമണത്തിലും 11 പേര്‍ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷം മാത്രം 31 പേരാണ് സംസ്ഥാനത്ത് പാമ്പ്കടിയേറ്റ് മരണമടഞ്ഞത്. ഇന്നലെവരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
2018–19 വര്‍ഷമായിരുന്നു പാമ്പ് കടിയേറ്റ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടഞ്ഞത്. 123 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. പ്രളയത്തോടനുബന്ധിച്ചായിരുന്നു മരണമേറെ സംഭവിച്ചതെന്നാണ് സൂചന. വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ആ വര്‍ഷമായരുന്നു. പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് തന്നെയാണ് ഇതിന്റെ നിരക്കും ഉയരാന്‍ കാരണമായത്.
2013, 14,15, 17 വര്‍ഷങ്ങളിലും പാമ്പ്കടിയേറ്റുള്ള മരണനിരക്ക് 100 കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുത്താല്‍ പാമ്പ്കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഏറെ കുറഞ്ഞത് 2024–25 വര്‍ഷമായിരുന്നു എന്ന് വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാമ്പ് കടിയേറ്റാല്‍ ഉടന്‍തന്നെ ആന്റിവെനം ഉള്ള ആശുപത്രികളിലേക്ക് ആളുകള്‍ എത്തുന്നതും യഥാസമയം ചികിത്സ ഉറപ്പാക്കാനാവുന്നതും മരണനിരക്ക് കുറയാന്‍ സഹായമാവുന്നുണ്ട്. മാത്രമല്ല, വനം വകുപ്പിന്റെ വോളന്റിയേഴ്സിന്റെ സഹായത്തോടെ കടിച്ച പാമ്പ് ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതും ചികിത്സയ്ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. പാമ്പ് കടിയേറ്റ് മരണപ്പെട്ടാലോ, അംഗഭംഗം സംഭവിച്ചാലോ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ഏര്‍പ്പെടുത്തിയതും മൂലം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മുമ്പ് വനത്തിനുള്ളില്‍ വച്ച് പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയിരുന്നതെങ്കില്‍, ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന സമയം മുതലാണ് വനത്തിനു പുറത്ത് പാമ്പ് കടിയേറ്റാലും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.
കേരളത്തിൽ 120-ലധികവും ഇന്ത്യയിൽ 340-ലധികവും വ്യത്യസ്ത പാമ്പു വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പരിശീലനം സിദ്ധിച്ച അംഗീകൃത സ്‌നേക്ക് റെസ്ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ 2020 ഓഗസ്റ്റിൽ കേരളത്തില്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് SARPA(സര്‍പ) ടീം എല്ലാ ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചത്.മൂന്നുവർഷത്തിനുള്ളിൽ മനുഷ്യ‑പാമ്പ് സമ്പർക്കങ്ങൾ നിയന്ത്രിക്കുന്നതിൽ സര്‍പ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാണ്. വനം വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നും സര്‍പ്പ ആപ്പിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതലായി അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.