September 24, 2023 Sunday

Related news

September 24, 2023
September 23, 2023
September 13, 2023
September 11, 2023
September 9, 2023
August 28, 2023
August 27, 2023
August 26, 2023
August 25, 2023
August 20, 2023

വന്യജീവി ആക്രമണം: തീവ്രമേഖലകളില്‍ ദ്രുതകര്‍മ്മ സേന

സ്വന്തം ലേഖിക
തിരുവനന്തപുരം
May 22, 2023 11:11 pm

വന്യജീവി ആക്രമണത്തെ ചെറുക്കുന്നതിനായി കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി സംസ്ഥാന വനംവകുപ്പ്. ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന വയനാട്‌, ഇടുക്കി, അതിരപ്പിള്ളി, കണ്ണൂർ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർആർടി) സേവനം ഉറപ്പാക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും. വന്യജീവി ആക്രമണമുണ്ടായാൽ ജനങ്ങൾക്ക്‌ അടിയന്തര സഹായത്തിന് വിളിക്കാന്‍ കൺട്രോൾ റൂം ആരംഭിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18004254733 എന്ന നമ്പരിൽ ബന്ധപ്പെടാം. 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാണ് ടോള്‍ ഫ്രീ നമ്പറിന്റെ സേവനം.

സംസ്ഥാനത്ത്‌ ആർആർടികളുടെ എണ്ണം വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. ജാഗ്രതയോടുകൂടിയ പരിശോധനകളാണ് ആവശ്യമെന്നും അതിനായി ആധുനിക ഉപകരണങ്ങളോടുകൂടിയ പരിശോധനാ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിലും കൊല്ലത്തും മനുഷ്യജീവനുകൾ നഷ്ടമായതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) തയ്യാറാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ എസ്ഒപി തയ്യാറാക്കും.

വനസംരക്ഷണ സമിതി, ഇക്കോ ഡവലപ്‌മെന്റ്‌ കമ്മിറ്റി, ജനജാഗ്രതാസമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. എരുമേലിയിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട്‌ മുൻകരുതലുകൾ എടുക്കാൻ സാധിച്ചില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എരുമേലിയിലും പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
വന്യമൃഗ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രനിയമത്തിന്റെ ഭേദഗതി ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എരുമേലിയിലെ ജനങ്ങൾക്കുണ്ടായ ദുരനുഭവത്തിൽ സർക്കാരിന് ഉത്കണ്ഠയുണ്ട്. സർക്കാരിന്റെ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പും ക്രിസ്തീയ സഭയും തമ്മില്‍ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അധികാരം ഒരു വര്‍ഷത്തേക്ക് നീട്ടി

അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന് വനം മന്ത്രി അറിയിച്ചു. ഈ മാസം 28 വരെയാണ്‌ ഇതിനുള്ള കാലാവധി നൽകിയിരുന്നത്‌. മനുഷ്യന്‌ കൂടുതൽ ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Wildlife Attacks: Rapid Action Forces in Extreme Zones

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.