ആർ ബാലചന്ദ്രൻ

ആലപ്പുഴ

October 06, 2020, 9:29 pm

വിവാദത്തില്‍ വീട് പോകുമോ;ആശങ്കയോടെ അക്ഷരമുത്തശ്ശി

Janayugom Online

സ്വന്തം വീടെന്ന ആഗ്രഹം ഉള്ളിലൊതുക്കി തെരുവുകളിലും വാടകവീടുകളിലും അന്തിയുറങ്ങുന്നത് നിരവധിപേരാണ്. അത്തരക്കാർക്കൊരു പ്രതീക്ഷ നൽകികൊണ്ടായിരുന്നു സംസ്ഥാനത്ത് ലൈ­ഫ് പദ്ധതി ആരംഭിച്ചത്. പദ്ധതിയെ യുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അനാവശ്യ വിവാദത്തിൽപ്പെടുത്തി തകർക്കാനൊരുങ്ങുമ്പോൾ ആശങ്കയോടെ കഴിയുകയാണ് ഹരിപ്പാട്ടെ അക്ഷരമുത്തശ്ശിയും നാരീശക്തി അവാർഡ് ജേതാവുമായ 97 കാരി കാർത്ത്യായനിഅമ്മ. രാഷ്ട്രത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഇവർ മകൾക്കൊപ്പം വർഷങ്ങളായി ചെറിയൊരു വാടക വീട്ടിലാണ് താമസിക്കുന്നത്. ജില്ലയിൽ ബഹുദൂരം മുന്നേറികൊണ്ടിരിക്കുന്ന ലൈഫ് പദ്ധതികൊണ്ട് നിരവധി പേർക്കാണ് പ്രയോജനം ലഭിച്ചത്. ഇത് അറിഞ്ഞാണ് കാർത്ത്യായനിഅമ്മ വീടിനായി അപേക്ഷ നൽകിയത്. വീട് നൽകാമെന്ന് ലൈഫ് പദ്ധതി അധികൃതർ അറിയിച്ചെങ്കിലും അനാവശ്യമായ വിവാദങ്ങൾ പ്രതിപക്ഷം സൃഷ്ടിച്ചതോടെ നടപടികൾ നീണ്ടുപോകുമെന്ന ആശങ്കയാണ് ഈ വയോധികക്ക്.

തന്റെ മരണശേഷം മൃതദേഹം മറവ് ചെയ്യാൻ ഒരു സെന്റ് ഭൂമിപോലും ഇല്ലെന്ന് ഇടറിയ ശബ്ദത്തോടെ പറയുന്ന വാക്കുകൾ ആരേയും വേദനിപ്പിക്കുന്നതാണ്. മകൾക്കൊപ്പം ലക്ഷം വീട് കോളനിയിലെ മൂന്ന് സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. ഹരിപ്പാട് മണ്ഡലത്തിലെ പള്ളിപ്പാടാണ് രാജ്യം ആദരിച്ച ഈ മുത്തശ്ശി താമസിക്കുന്നത്. തന്റെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ കൊണ്ടുവന്ന് വീട് നിർമ്മിച്ച് നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലം കൂടിയായിട്ടും പ്രശ്നത്തിൽ ഇടപെടാൻ അദ്ദേഹം ശ്രമിക്കുന്നില്ല. 2018 ഓഗസ്റ്റിൽ സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷ പാസായ കാർത്ത്യായനിഅമ്മ ഈ വർഷം ഡിസംബറിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാൻ തയ്യാറെടുപ്പിലാണ്.

മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്ഷേത്രങ്ങളിൽ കാർത്ത്യായനിയമ്മ 90 വയസു വരെ ജോലി ചെയ്തു. ആറ് സഹോദരിമാരായിരുന്നു കാർത്ത്യായനിയമ്മക്ക്. വീട്ടിലെ കഷ്ടപ്പാട് മൂലം കുട്ടിയായിരിക്കുമ്പോഴേ ജോലിക്ക് പോകേണ്ടി വന്നു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിംഗിന്റെ ഗുഡ് വിൽ അംബാസിഡറാണ്. പ്രായാധിക്യത്തിന്റെ അവശതകളിൽ കഴിയുമ്പോഴും അക്ഷരമുറ്റത്ത് നിറപുഞ്ചിരിയോടെ ഓടിനടക്കുന്ന ഈ അക്ഷര മുത്തശ്ശിക്ക് പഠനം സ്മാർട്ടായി നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലാപ് ടോപ്പ് വീട്ടിലെത്തി സമ്മാനിച്ചിരുന്നു.

you may also like this video