യുപിയില്‍ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ്

Web Desk
Posted on March 25, 2018, 10:28 pm

എസ്പി-ബിഎസ്പി സഖ്യം തോല്‍വിക്ക് കാരണമായെന്ന് സമ്മതിച്ച് അമിത് ഷാ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും നീളുമെന്ന് വ്യക്തമാക്കി നേതാക്കള്‍.
ഗോരഖ്പൂരിലെയും ഫുല്‍പൂരിലെയും ലോകസഭ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ 2019ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി ഉറപ്പാക്കുന്നതാണെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്നലെ പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥിയുടെ തോല്‍വിയുടെ പേരില്‍ എസ്പിയുമായുള്ള സഖ്യം തകരില്ലെന്നും 2019ലെ പൊതുതെരഞ്ഞെടുപ്പ് വരെയെങ്കിലും അത് തുടരുമെന്നും ബിഎസ്പി നേതാവ് മായാവതി ശനിയാഴ്ച പറഞ്ഞിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
സമാജ് വാദി പാര്‍ട്ടിയുടെ വിജയമെന്നതിലുപരി ബിജെപിയുടെ തോല്‍വിയാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്നും ഈ തോല്‍വി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ പ്രതിഫലിക്കുമെന്നും ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് ലഭിച്ചെങ്കിലും ബിഎസ്പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി പതിവുപോലെ പണമെറിഞ്ഞു വോട്ട് നേടുകയായിരുന്നെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ പാര്‍ട്ടിയുമായുള്ള ഐക്യം ബലപ്പെടുത്തി ബിജെപി പരാജയപ്പെടുത്തുന്നതില്‍ ഒരുമിച്ച് പോരാടുമെന്നും അഖിലേഷ് വ്യക്തമാക്കി. ബിജെപിയുടെ ദളിത് വിരുദ്ധ മുഖമാണ് മറനീക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ഓരോ ഗ്രാമങ്ങളിലേക്കും എത്തി വോട്ടര്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവിന്റെ ഭാര്യയും കനൗജില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ഡിംപിള്‍ യാദവ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുപിയില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയുടെ കാരണം എസ്പി — ബിഎസ്പിയും തമ്മിലുള്ള സഖ്യമാണെന്ന് അംഗീകരിച്ച് ബിജെപി മേധാവി അമിത് ഷാ രംഗത്തെത്തി. ബിജെപിക്ക് നേരിട്ട തോല്‍വിയുടെ കാരണത്തെ കുറിച്ച് പഠിക്കാന്‍ പാനല്‍ രൂപീകരിച്ചതായും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയം ബിജെപിക്കൊപ്പമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അമിതമായ ആത്മവിശ്വാസമാണ് ബിജെപിയുടെ തോല്‍വിക്ക് കാരണമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് അഭിപ്രായപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന് അറിയില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ 11 പാര്‍ട്ടികളാണ് ബിജെപിക്കൊപ്പം നിലകൊണ്ടതെന്നും അതില്‍ നിന്നും ഒന്നുരണ്ടുപേര്‍ പോയാലും ഒന്നും സംഭവിക്കില്ലെന്നും ഘടകകക്ഷികള്‍ മുന്നണി വിടുന്നതിനെക്കുറിച്ച് അമിത് ഷാ മറുപടി നല്‍കി.