Tuesday
20 Aug 2019

മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍ ആരംഭിക്കും: മന്ത്രി കെ കെ ശൈലജ

By: Web Desk | Thursday 7 June 2018 10:14 PM IST


kk shailaja

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍(വിവിധോദ്ദേശ്യ കലാകേന്ദ്രങ്ങള്‍) ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളില്‍ മാജിക് പരിശീലനത്തിലൂടെ ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന അനുയാത്രാ കാമ്പയിന്റെ അംബാസിഡര്‍മാരാണ് പഠനവിധേയരായ കുട്ടികള്‍. മാജിക് പരിശീലനം നേടിയ കുട്ടികളില്‍ ഉണ്ടായിട്ടുള്ള വ്യതിയാനങ്ങളാണ് പഠന വിധേയമാക്കിയിട്ടുള്ളത്. പൊതുവിലുണ്ടായിട്ടുള്ള വികാസം ആരോഗ്യ നിലവാരം, ദിനചര്യകള്‍ ചെയ്യുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി, ബുദ്ധിപരമായ വികാസം, സ്വഭാവ വ്യതിയാനം മുതലായ സൂചികകളെ സംബന്ധിച്ച വലിയ മാറ്റമാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന തെരഞ്ഞെടുത്ത 23 കുട്ടികള്‍ക്ക് ‘എംപവര്‍’ എന്ന് നാമകരണം ചെയ്ത് പരിശീലനം നല്കിയത്. അവര്‍ അതിലൂടെ വരുമാനവും കണ്ടെത്തുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഈ മാജിക് പഠനം കാരണമായെന്നുള്ള പഠന റിപ്പോര്‍ട്ട് സന്തോഷമുള്ള കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി വിജയിക്കുമോയെന്ന് സംശയിച്ചക്കുള്ള മറുപടിയാണ് സിഡിസിയുടെ ഈ പഠനമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ സിഡിസി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രൊഫ. ഗോപിനാഥ് മുതുകാട്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News