ചരിത്രം തിരുത്തുമോ?

Web Desk
Posted on March 19, 2019, 9:51 am

padhikanഗുജറാത്ത്… രാജ്യം കണ്ട പ്രഗത്ഭരായ നേതാക്കളുടെ ഉദയത്തിനു സാക്ഷ്യം വഹിച്ച മണ്ണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയില്‍ തുടങ്ങി ഏറ്റവും ഒടുവിലായി നരേന്ദ്രമോഡിയും അമിത്ഷായും അടക്കമള്ള രാഷ്ട്രീയക്കാരുടെ നീണ്ടനിരയുടെ സ്വന്തം തട്ടകം. ആ നിരയിലേക്ക് ഒരു യുവനേതാവിന്റെ കടന്നുവരവിനാണ് 2015 ല്‍ ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. വ്യത്യസ്ത കാരണങ്ങളാല്‍ ചിതറിത്തെറിച്ചു കിടന്നിരുന്ന സമ്പന്ന വിഭാഗമായ പാട്ടീദാര്‍ സമുദായാംഗങ്ങളെ ഒരു കുടക്കീഴിലാക്കിയ സംവരണ പ്രക്ഷോഭത്തിന്റെ കുന്തമുന; ഹാര്‍ദിക് പട്ടേല്‍.
അഹമ്മദാബാദ് സഹജാനന്ദ് കോളജിലെ ബിരുദപഠനകാലത്തെ ജനറല്‍ സെക്രട്ടറി പദത്തില്‍നിന്ന് ആര്‍ജിച്ച നേതൃപാടവം മുതലാക്കിയായിരുന്നു ഹാര്‍ദിക്കിന്റെ വരവ്. 50 ശതമാനത്തില്‍ താഴെ മാര്‍ക്കുമായി, അതും രണ്ടുവട്ടം ശ്രമിച്ചശേഷം ബി-കോം ബിരുദം സമ്പാദിച്ച ഹാര്‍ദിക്കിനു സാമൂഹ്യസേവനം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ അനവധി. സമരഭൂമികയിലേക്കുള്ള ഹാര്‍ദിക്കിന്റെ വരവ് യാദൃച്ഛികമല്ലെന്ന് ചുരുക്കം.
ഒബിസി വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ക്കായുള്ള പാട്ടീദാര്‍ വിഭാഗത്തിന്റെ പോരാട്ടത്തിന്റെ നേതൃപദം കൈകളിലെത്തുമ്പോള്‍ ഹാര്‍ദിക്കിന് വെറും 21 വയസ് മാത്രം. ഗുജറാത്തിന്റെ വീഥികളില്‍ പ്രക്ഷോഭത്തിന്റെ അലകളുയര്‍ത്തി പട്ടേല്‍സമരം കൊഴുത്തപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ചത് ഒരു യുവനേതാവിന്റെ ഉദയത്തിനു കൂടിയായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ഗുജറാത്തില്‍ ഹാര്‍ദിക് ചെലുത്താന്‍ പോകുന്ന സ്വാധീനമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന്റെ നീക്കം പാട്ടീദാര്‍ പ്രക്ഷോഭത്തെയും തണുപ്പിച്ചു. പ്രക്ഷോഭച്ചൂടിന് ശമനമായെങ്കിലും അതിന്റെ കനല്‍പേറുന്ന ഹാര്‍ദിക്; മോഡിയെയും ബിജെപിയെയും തറപറ്റിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന പ്രതിപക്ഷത്തിനു പ്രതീക്ഷയേകി കോണ്‍ഗ്രസ് പാളയത്തിലെത്തിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയത്തിന്റെ ജാതകം തിരുത്തിയെഴുതാന്‍ ഹാര്‍ദികിന്റെ വരവോടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 26 സീറ്റിലും വെന്നിക്കൊടി പാറിച്ചത് ബിജെപിയായിരുന്നു. അതിനാല്‍ത്തന്നെ ഒരു സീറ്റ് കൈവിടുന്നതിനെക്കുറിച്ച് ബിജെപിക്ക്; പ്രത്യേകിച്ച് മോഡിക്കും ഷായ്ക്കും അചിന്തനീയം.
ജാതി സമവായമുണ്ടായാല്‍ ജയപരാജയം നിര്‍ണയിക്കുന്ന ഗുജറാത്തുപോലൊരു സംസ്ഥാനത്തെ കൈപ്പിടിയിലൊതുക്കാന്‍ ഹാര്‍ദിക് ചെലുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ലെന്ന് വ്യക്തം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസ്, ഹാര്‍ദിക് കൂടി കൈപിടിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് കണ്‍വീനറായ പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതി (പാസ്)യുടെ കീഴിലുളള പട്ടേല്‍ സമുദായത്തിന് സംസ്ഥാനത്താകെയുള്ള 16 ശതമാനത്തിലധികം വോട്ട് വിഹിതത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
പട്ടേല്‍ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ഹാര്‍ദിക് ജനവിധി നേടുമെന്നാണ് അണിയറ വര്‍ത്തമാനം. എന്നാല്‍ പാട്ടീദാര്‍ പ്രക്ഷോഭകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് സ്ഥാനാര്‍ഥിത്വം തുലാസിലാക്കുമെന്ന് ആശങ്കയുണ്ട്.
നിലവില്‍ വിചാരണക്കോടതി ജാമ്യത്തിലാണ് ഹാര്‍ദിക്. മേല്‍ക്കോടതി സ്ഥിരം ജാമ്യം അനുവദിക്കാതെ മത്സരിക്കുന്നതില്‍ നിന്നുള്ള അയോഗ്യതയില്‍ നിന്ന് ഹാര്‍ദിക്കിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നത് സ്ഥാനാര്‍ഥിത്വത്തിനു മങ്ങലേല്‍പിക്കുന്ന ഘടകമാണ്. എന്നാല്‍ അംഗത്വമെടുത്ത് തങ്ങളുടെ ചേരിയിലെത്തിയ ഇരുപത്തഞ്ചുകാരന്‍ യുവരക്തം അണികളില്‍ പുതു ഊര്‍ജം പകരുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഹാര്‍ദിക്കിന്റെ ചിറകിലേറി ഗുജറാത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ഉയിര്‍ത്തെഴുന്നേല്‍ക്കുമോയെന്നറിയാന്‍ ഇനി കാത്തിരിക്കേണ്ടത് ദിവസങ്ങള്‍ മാത്രം.