കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: ശക്തികാന്ത ദാസ്

Web Desk
Posted on July 10, 2019, 11:09 pm

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് സഹായകരമാകുന്ന വിധത്തില്‍ കാര്‍ഷിക വായ്പയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി വികസന — കാര്‍ഷിക ക്ഷേമ മന്ത്രി വി എസ് സുനില്‍ കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസുമായി റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഇതു സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ നിവേദനവും മന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.

ജൂലൈ 31നാണ് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നത്. ബാങ്കുകളുടെ സംസ്ഥാനതല കമ്മിറ്റി ചേര്‍ന്ന് മൊറട്ടോറിയം പരിധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ശുപാര്‍ശ റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് മോറട്ടോറിയം പരിധി നീട്ടി നല്‍കണം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക‑കാര്‍ഷികേതര ലോണുകളും മൊറട്ടോറിയം പരിധിയില്‍ കൊണ്ടുവരണം. മൊറട്ടോറിയം കാലയളവില്‍ കര്‍ഷക ലോണുകളെ കിട്ടാക്കടമായി (എന്‍പിഎ അഥവാ നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്കുള്ള ഈടില്ലാത്ത ലോണ്‍ പരിധി ഇപ്പോഴുള്ള 1.60 ലക്ഷം രൂപയില്‍ നിന്ന് 3.25 ലക്ഷമായി ഉയര്‍ത്തണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം. സംസ്ഥാനത്ത് കാര്‍ഷിക ലോണുമായി ബന്ധപ്പെട്ട എന്‍പിഎ 2.73 ശതമാനമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കിട്ടാക്കടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷം ബാങ്കുകള്‍ നല്‍കിയിരിക്കുന്ന കാര്‍ഷിക ലോണുകളില്‍ 61 ശതമാനവും കാര്‍ഷിക സ്വര്‍ണ വായ്പകളാണ്. ഇതിന്റെ പ്രയോജനം കര്‍ഷകരല്ലാത്തവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ ചെറുകിട കാര്‍ഷിക വായ്പകളും കെസിസി (കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്) മുഖേന മാത്രം നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കണം.
വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തത്തിലും പെട്ടുപോയ പല കര്‍ഷകര്‍ക്കും ലോണ്‍ പുന:ക്രമീകരണത്തിനുള്ള അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

പ്രളയ കാലയളവിലെ ലോണുകള്‍ പുന:ക്രമീകരിക്കാന്‍ 2019 സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി നല്‍കണം. ലോണുകള്‍ പുന:ക്രമീകരിക്കുമ്പോള്‍ മുതല്‍ തുക മാത്രം കടക്കാരുടെ ബാധ്യതയായി പരിഗണിക്കുകയും ഉള്‍പ്പെടുത്തുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കുകയും വേണം തുടങ്ങിയ ആവശ്യങ്ങളാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായും മന്ത്രി അറിയിച്ചു.

കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മഹേഷ് കുമാര്‍ ജെയ്ന്‍, ഫിനാന്‍സ് സെക്രട്ടറി മനോജ് ജോഷി, അഡിഷണല്‍ ചീഫ് സെക്രട്ടറിയും കാര്‍ഷികോല്‍പാദന കമ്മിഷണറുമായ ഡി കെ സിങ്, കൃഷി സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, വിലനിര്‍ണയ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. രാജശേഖരന്‍ നായര്‍, പ്രൈവറ്റ് സെക്രട്ടറി പി വി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.