ജനാധിപത്യം ഗതകാല സ്മരണയാകുമോ?

Web Desk
Posted on October 12, 2019, 9:42 pm

Mattoliനങ്ങള്‍ എന്നര്‍ഥമുള്ള ‘ഡെമോസ്’, ഭരണം എന്നര്‍ഥമുള്ള ‘ക്രറ്റോസ്’ എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ഗ്രീക്കുഭാഷയില്‍ ‘ഡെമോക്രാറ്റിയ’ എന്ന സമസ്തപദമുണ്ടായത്. ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണത്രെ ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. അത് അഞ്ചാം നൂറ്റാണ്ടിലായിരുന്നു. ഈ വാക്ക് ഇംഗ്ലീഷില്‍ ഡെമോക്രസിയായി. നമുക്ക് ജനാധിപത്യവും. വാക്കിന് അര്‍ഥഭേദവും പ്രതിലോമ വ്യാഖ്യാനവും ഉണ്ടാകുന്നുവെന്നതാണ് ഇപ്പോള്‍ നിറയുന്ന ആശങ്കയും ഉത്ക്കണ്ഠയും. രാജാ പ്രത്യക്ഷ ദൈവതം എന്ന മിഥ്യ സൃഷ്ടിച്ചവരില്‍ നിന്നും സ്വേച്ഛാധിപത്യത്തിന്റെ ഉരുക്കുഹസ്തങ്ങളില്‍ നിന്നും സൈനികശക്തിയുടെ അധികാരത്വരകളില്‍ നിന്നും സാമ്രാജ്യത്വത്തില്‍ നിന്നുമൊക്കെ പൊരുതിയും ജീവന്‍കൊടുത്തും സത്യഗ്രഹമിരുന്നുമാണ് ഓരോ രാഷ്ട്രവും ജനാധിപത്യ വ്യവസ്ഥകളിലേയ്ക്ക് എത്തിപ്പെട്ടത്. ഈ വ്യവസ്ഥിതിക്ക് പിഴവുകളും കുറവുകളും ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും പകരംവയ്ക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഇല്ലാതെ പൗരന്റെ നീതിയുക്തമായ സ്വാതന്ത്ര്യം ഉറപ്പാക്കി ജനാധിപത്യ വ്യവസ്ഥിതി നിലകൊള്ളുന്നു. ജനസംഖ്യാ ആനുപാതികമായി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായും തുടരുന്നു. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ മാത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് അല്‍പം പ്രഹരമേറ്റത്. വികസ്വര രാഷ്ട്രമായിട്ടും ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുമാറ്റപ്പെടാത്ത സാഹചര്യങ്ങളുണ്ടായിട്ടും ഇന്ത്യന്‍ ജനത സടകുടഞ്ഞെണീറ്റപ്പോള്‍ അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും പരാജയമടയുന്നതാണ് ലോകം കണ്ടത്.
ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനമെന്ന് പറയുമ്പോള്‍ ജനാധിപത്യത്തില്‍ അത് ജാതീയമായ ഏകോപനമായാലും വര്‍ഗീയ ധ്രുവീകരണമായാലും അംഗീകരിച്ചേ മതിയാവൂ. വോട്ടിംഗിലൂടെ ജാതിമത കൂട്ടായ്മകള്‍ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുന്നത് അനഭിലഷണീയമാണെങ്കിലും അത് ഉള്‍ക്കൊള്ളാതെ മറ്റ് മാര്‍ഗങ്ങളില്ല. ഭരണഘടനാ ശില്‍പികള്‍ ഭാരതത്തെ മതേതര രാഷ്ട്രമായാണ് വിഭാവന ചെയ്തിരിക്കുന്നതെങ്കിലും ചാതുര്‍വര്‍ണ്യത്തിന്റെയും മതവര്‍ഗീയതയുടെയും അടിയൊഴുക്കുകള്‍ ശക്തമായി തുടരുകയായിരുന്നു.

അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധിയെയും ബോഫോഴ്‌സിന്റെ പേരില്‍ രാജീവ്ഗാന്ധിയും അധികാര ഭ്രഷ്ടരായപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ശക്തിയും സാധ്യതകളുമാണ് വിളിച്ചുപറഞ്ഞത്. വീണ്ടും തെരഞ്ഞെടുപ്പുകള്‍ വന്നു. ചാതുര്‍വര്‍ണ്യവും മതധ്രുവീകരണങ്ങളും അന്തര്‍ധാരയായി സാന്നിധ്യം നിലനിര്‍ത്തുകയും ബാഹ്യതലത്തില്‍ ജനാധിപത്യം പ്രയാണം തുടരുകയും ചെയ്തുകൊണ്ടിരുന്നു. ജാതിയും മതവുമൊക്കെ വിലപേശല്‍ ശക്തിയായി. ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍, കയ്യാളപ്പെടുന്ന അധികാര സ്ഥാപനങ്ങളുടെ അനുപാതവും അപക്രമവും ശ്രദ്ധിക്കപ്പെടാനും ചര്‍ച്ചചെയ്യപ്പെടാനും തുടങ്ങി. പലപല പ്രസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ഭൂരിപക്ഷവും ഏകോപിതമായ ന്യൂനപക്ഷവുമാണ് ചിത്രത്തില്‍ തെളിയുന്നത്. ജാതിമതവര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള ന്യൂനപക്ഷങ്ങളുടെ അധികാരാരോഹണങ്ങളും ചിതറിയ ഭൂരിപക്ഷത്തിന്റെ വിലപേശല്‍ ശക്തിക്ഷയവും വിഷയമാക്കിയവരാണ് ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സംരംഭകര്‍. അവര്‍ക്ക് പ്രതിഭ, സര്‍ഗാത്മകത, ധിഷണ, കല ഒന്നും വിഷയമല്ല. ജനാധിപത്യമെന്നാല്‍ വെറും ഭൂരിപക്ഷം, ഭൂരിപക്ഷത്തിന്റെ കയ്യാളല്‍. നീതിയാലും വ്യവസ്ഥിതികളാലും നിയന്ത്രിക്കപ്പെടാത്ത ഭൂരിപക്ഷം വെറും ആള്‍ക്കൂട്ടം മാത്രമേ ആകൂ. ലക്ഷ്യമില്ലാത്ത ആള്‍ക്കൂട്ടത്തിന് യുക്തിയോ, ചിന്തയോ ഉണ്ടാവില്ല. അത് വികാരങ്ങളുടെ ആക്രമണോത്സുകതയിലായിരിക്കും അഭിരമിക്കുക. ഭാരതത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.

മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കായ ഭാരതത്തില്‍ എല്ലാ മത, ജാതി, വംശ, ലിംഗ വിഭാഗങ്ങളും തുല്യരാണ്. ഇങ്ങനെയൊരു രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്നത് തടയാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട പ്രമുഖരായ വ്യക്തികള്‍ക്കുനേരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. വെറുതെ പ്രസിദ്ധിക്കുവേണ്ടി നടക്കുന്ന ഒരു കേസില്ലാ വക്കീലിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് മുസഫര്‍പുരിലെ ഒരു മജിസ്‌ട്രേറ്റ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മജിസ്‌ട്രേട്ടിന്റെ ഔചിത്യം ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം സുപ്രീംകോടതിയും സംഭവങ്ങളില്‍ ഉല്‍ക്കണ്ഠ അറിയിച്ചുകഴിഞ്ഞു. ‘ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്’ എന്നാണ് സുപ്രീംകോടതി ചോദിക്കുന്നത്. വ്യത്യസ്ത വീക്ഷണവും യുക്തിബോധവും അഭിപ്രായവും പ്രകടിപ്പിച്ചതിന് നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ !ഞെട്ടലില്‍ നിന്നും അപമാനത്തില്‍ നിന്നും രാജ്യം ഇനിയും മുക്തിനേടിയിട്ടില്ല. അപ്പോഴാണ് മൗലികാവകാശങ്ങള്‍ക്കുമേല്‍ വീണ്ടും ഭീഷണി സ്വരവും പ്രവൃത്തിയും ഉണ്ടാകുന്നത്. 49 പ്രമുഖക്കര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കിയെങ്കിലും സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഭാരതം വ്യത്യസ്ത പൂക്കള്‍ നിറഞ്ഞ മലര്‍വാടിയാണെന്നുള്ള ഉപമ ജനിച്ചിട്ടുള്ളത് നാനാത്വത്തിലൂടെ നിലനില്‍ക്കുന്ന ഏകത്വത്തില്‍ നിന്നാണ്. ഈ ബഹുസ്വരതയും വൈജാത്യവും അനുവദിക്കുന്നില്ലെങ്കില്‍ രാഷ്ട്രം എന്ന സങ്കല്‍പം തന്നെ ശിഥിലമാകും. ഏകശിലാത്മകമായൊരു ഇന്ത്യ അസംഭവ്യമാണ്. ഭരണകക്ഷി അധികാരവഴിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്നാണ് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന്. എന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്? എതിര്‍സ്വരങ്ങളോ, പ്രതിപക്ഷമോ ഇല്ലാത്ത ഭരണമെന്നാണര്‍ഥം. കോണ്‍ഗ്രസ് ഏതുതരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനമോ ആവട്ടെ, മറ്റൊരു കക്ഷി അവരെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നതുതന്നെ രാഷ്ട്രീയമായ സംസ്‌കാരമില്ലായ്മയാണ്. രാഷ്ട്രീയവും ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെന്നുള്ളത് ഇവര്‍ മറന്നുപോകുന്നു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യവും ഒട്ടും ആശാവഹമല്ല.
ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് ബദലായി ഭൂരിപക്ഷ വര്‍ഗീയത സ്ഥൂലരൂപംകൊള്ളുമ്പോള്‍, അത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അജണ്ടയാകുമ്പോള്‍ മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെ ശബ്ദങ്ങള്‍ കേള്‍ക്കാതാവും. എല്ലാ ചെറിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിശബ്ദമാക്കപ്പെടുകയോ ഗ്രസിക്കപ്പെടുകയോ ചെയ്യുമ്പോള്‍ രാജ്യം ഏകകക്ഷി ഭരണത്തിലേക്കും ക്രമേണ ഫാസിസത്തിലേക്കുമാണ് നീങ്ങുക. ധനകാര്യമേഖലയില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ചെറുകിട സ്ഥാപനങ്ങളെ വിഴുങ്ങുന്നൊരു പ്രക്രിയ പോലെയാകും രാഷ്ട്രീയവും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ഒരു പ്രതിപക്ഷ നേതാവുപോലുമില്ലാത്ത അവസ്ഥയിലാണ് രാജ്യം. ഏറ്റവും അപകടകരമായ അവസ്ഥ എന്തെന്നുവച്ചാല്‍, ഭരണകക്ഷി ചെറുരാഷ്ട്രീയ പ്രസ്ഥാനങ്ങളെ പലവിധ മാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കുകയും കോര്‍പ്പറേറ്റുകള്‍ ചെറുകിട വ്യവസായങ്ങളെ വിഴുങ്ങുകയും ചെയ്തുകൊണ്ടിരിക്കെ ഇരുവിഭാഗവും (ഭരണകക്ഷിയും കോര്‍പ്പറേറ്റുകളും) വഴിവിട്ട ബന്ധങ്ങളും സ്ഥാപിക്കുന്നു എന്നുള്ളതാണ്.

ഭാരത ജനതയുടെ സ്വാതന്ത്ര്യവും പരമാധികാരവും കയ്യാളുന്നതും നിയന്ത്രിക്കുന്നതും ഭരണകക്ഷികളിലൂടെ കോര്‍പ്പറേറ്റുകള്‍ ആയി തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തന്നെ കോര്‍പ്പറേറ്റുകള്‍ കൈവശപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞു. ധനമേഖലയും തൊഴിലും കൈപ്പിടിയിലൊതുക്കുന്നവര്‍ക്ക് എതിര്‍ശബ്ദങ്ങളോ സ്വതന്ത്ര ചിന്തകളോ രസിക്കില്ല. വിമത ശബ്ദങ്ങളെയും വ്യത്യസ്ത നിലപാടുകളെയും അവര്‍ ആഴങ്ങളില്‍ താഴ്ത്തും. കഴിഞ്ഞില്ലെങ്കില്‍ ആട്ടിയകറ്റും.
അധികാരം ആസ്വദിക്കുന്ന ഭരണകൂടം പലവിധ മര്‍ദ്ദനോപാധികളിലൂടെ ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമെന്ന് കാറല്‍ മാര്‍ക്‌സ് നിരീക്ഷിച്ചിട്ടുണ്ട്. ലോക ചരിത്രത്തിലാകെ കാലം കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ പ്രവണതയാണത്. നാസികളുടെ ജര്‍മ്മനി, സൈദ്ധാന്തിക പിന്‍തുടര്‍ച്ചകളുടെ പരാജയമറിഞ്ഞ റഷ്യ, ചൈന, ഉത്തര കൊറിയ, ക്യൂബ, ഇസ്‌ലാമിക് രാഷ്ട്രങ്ങള്‍, സൈനിക ഭരണകൂടങ്ങള്‍, എന്തിന് ഉത്തര കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങള്‍, യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയൊക്കെ ഫാസിസം മനുഷ്യത്വത്തെ ക്രമീകരിക്കുന്നതിന്റെ സ്ഥൂലല സൂക്ഷ്മ സാക്ഷ്യങ്ങളാണ്.

ഭാരതത്തില്‍ ഭരണകൂടം മുത്തലാഖ് നിരോധനം, ഏകീകൃത സിവില്‍ നിയമം, സന്താന നിയന്ത്രണം തുടങ്ങിയ പുരോഗമന ആശയങ്ങള്‍ അവതരിപ്പിക്കുമ്പോഴും അതിന് പിന്നില്‍ മറച്ചുവച്ചിരിക്കുന്നത് അതിലും വലിയ ഗൂഢ അജണ്ടകളാണെന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരുനേരത്തെ ആഹാരമോ തലചായ്ക്കാന്‍ തണലോ ഇല്ലാത്ത ലക്ഷങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ദരിദ്രനാരായണന്‍ എന്തു കഴിക്കണമെന്നും കഴിക്കാന്‍ പാടില്ലെന്നും നിശ്ചയിക്കുന്നത് ഭരണകൂടവും സില്‍ബന്തികളുമാണെന്നുവന്നാല്‍ ജീവിതംതന്നെ സുസാധ്യമല്ലാതാകും.

മാറ്റൊലി: യുക്തിരഹിതമായ മതബോധവും ജാതിയും വീട്ടില്‍ വച്ചിട്ട് മനുഷ്യത്വത്തിനായി അണിചേര്‍ന്നില്ലെങ്കില്‍ ന്യൂനപക്ഷം അന്യവല്‍ക്കരണത്തിനും ഭൂരിപക്ഷം ബുദ്ധിപരമായ ജഡത്വത്തിനും ഇരയാകുകയേ ഉള്ളൂ.