8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 4, 2024
September 3, 2024
September 3, 2024
September 1, 2024
August 29, 2024
August 28, 2024
August 28, 2024
August 28, 2024
August 27, 2024

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തും: കാനം

Janayugom Webdesk
തിരുവനന്തപുരം
September 24, 2022 11:09 pm

യുഡിഎഫും ബിജെപിയും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളെ ചെറുത്തുകൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജില്ലാ സമ്മേളനങ്ങളില്‍ ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും സംസ്ഥാന സമ്മേളനം 30ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
30 ന് വൈകിട്ട് നാലിന് പികെവി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) പതാക, ബാനര്‍, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ടി ടി ജിസ്‌മോന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ബാനര്‍ കെ പ്രകാശ് ബാബുവും നെയ്യാറ്റിന്‍കര സ്വദേശാഭിമാനി-വീരരാഘവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജെ വേണുഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരം സത്യന്‍ മൊകേരിയും ഏറ്റുവാങ്ങും. പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും.
പൊതുസമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും.
ഒന്നിന് രാവിലെ 8.30 ന് കുടപ്പനക്കുന്ന് ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പി വസന്തത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ദീപശിഖ 9.30 ന് വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തിയേറ്റര്‍) കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും. സി ദിവാകരന്‍ പതാക ഉയര്‍ത്തും.
പ്രതിനിധി സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം, കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ എന്നിവര്‍ അഭിവാദ്യം ചെയ്യും. ജില്ലാ സമ്മേളനങ്ങള്‍ തിരഞ്ഞെടുത്ത 563 പ്രതിനിധികള്‍ പങ്കെടുക്കും. മൂന്നിന് വൈകിട്ട് പുതിയ സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
സിപിഐയില്‍ വിഭാഗീയതയോ ഗ്രൂപ്പോ ഇല്ലെന്ന് കാനം വ്യക്തമാക്കി. ജില്ലാ സമ്മേളനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നതിലും ആശങ്കയുടെ വിഷയമില്ല. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അവകാശങ്ങള്‍ സഖാക്കള്‍ ഉപയോഗിക്കുന്നു. ഭരണഘടനയ്ക്ക് വിധേയമായിട്ടുള്ള ഇലക്ഷന്‍ മാത്രമാണ് നടന്നതെന്നും കാനം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
2016ന് ശേഷം വിവിധ പാര്‍ട്ടികളില്‍ നിന്നായി ധാരാളം പേര്‍ സിപിഐയിലേക്ക് വന്നിട്ടുണ്ട്. സഹോദരപാര്‍ട്ടികളില്‍ നിന്നുള്ളവരും ജനാധിപത്യ പാര്‍ട്ടികളില്‍ നിന്നുള്ളവരും മറ്റ് സംഘടനകളില്‍ നിന്നുള്ളവരും അതില്‍ ഉള്‍പ്പെടുന്നു. 1,20,000 ആയിരുന്ന മെമ്പര്‍ഷിപ്പ് ഇപ്പോള്‍ 1,77,000 ആയി വര്‍ധിച്ചുവെന്നും കാനം പറഞ്ഞു. മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

‘ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും’ സെമിനാര്‍; കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാന്‍ എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് ടാഗോര്‍ തീയേറ്ററിലാണ് സെമിനാര്‍.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനാകും. രണ്ടിന് വൈകിട്ട് നാല് മണിക്ക് കെ വി സുരേന്ദ്രനാഥ് നഗറില്‍ (അയ്യന്‍കാളി ഹാള്‍) ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വന്ദനശിവ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിക്കും.

Eng­lish Sum­ma­ry: Will fur­ther strength­en Left Demo­c­ra­t­ic Front: Kanam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.