രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും. ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ. ഒഡീഷയാണ് ലോക്ക് ഡൗൺ തുടരണമെന്നാവശ്യവുമായി ആദ്യം എത്തിയത്. ഇതിനു പിന്നാലെ പഞ്ചാബും തെലങ്കാനയും ഇതേ ആവശ്യവുമായി രംഗത്തെത്തി. ഒഡീഷയിൽ ഏപ്രിൽ 30 വരെയും മേയ് 1 വരെ പഞ്ചാബിലും ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. അതേസമയം, രണ്ടാഴ്ച കൂടി തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി അറിയിച്ചു. മധ്യപ്രദേശിൽ രോഗവ്യാപനം രൂക്ഷമായ 15 ജില്ലകൾ പൂർണ്ണമായി അടച്ചുപൂട്ടി. ലോക്ക്ഡൗൺ തുടരണമെന്ന് മധ്യപ്രദേശ് ആവശ്യപ്പെട്ടു. കേരളം, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, ഗോവ, കർണാടക, ജമ്മു കാശ്മീർ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രധാന മന്ത്രി മുഖ്യ മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം ഇതിൽ അന്തിമ തീരുമാനം എടുക്കും.
ഇരുപത്തിനാല് മണിക്കൂറിനിടെ നാല്പത് മരണമാണ് രാജ്യത്ത് നടന്നത്. ഇന്ത്യയിൽ കൊവിഡ് ബാധ മൂലം ഇതുവരെ മരിച്ചത് 239 പേർ. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതിൽ 643 പേർ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. ഭീതി പടർത്തി കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയിൽ വൈറസ് ബാധയെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ആഗോള മരണ സംഖ്യ 1,03,000 ത്തിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലഭ്യമാകുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,02,566 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ലോകവ്യാപകമായി 16,95,711 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 92,000ത്തോളം പേർക്കാണ് ഏറ്റവും പുതുതായി വൈറസ് ബാധിച്ചത്. സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണവും, മരണ നിരക്കും വൻതോതിൽ വർധിക്കുന്നത്. ഫ്രാൻസിലും, ബ്രിട്ടനിലും യഥാക്രമം 987ഉം 980 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്.
അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 5,00, 879 ആയി. 18,637പേരാണ് ഇവിടെ മരണമടഞ്ഞത്. സ്പെയിനിൽ 1,58,273 പേർക്കും ഇറ്റലിയിൽ 1,47,577പേർക്കും ഫ്രാൻസിൽ 1,24,869 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജർമനിയിൽ 1,22,171 പേർക്കും ബ്രിട്ടനിൽ 73,758 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. സ്പെയിനിൽ ആകെ 16,081 പേർക്ക് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. ഇറ്റലിയിൽ ആകെ 18,849 പേരും ഫ്രാൻസിൽ 13,197 പേരുമാണ് മരിച്ചത്.
ഇന്ന് കേരളത്തിൽ ഒരു മരണം കൂടെ റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിൽ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണംമൂന്നായി. . ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈറസ് ബാധയ്ക്ക് പുറമെ ഇയാൾക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. അതേസമയം ഇയാൾക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.