20 April 2024, Saturday

Related news

April 9, 2024
April 6, 2024
April 4, 2024
April 1, 2024
March 31, 2024
March 14, 2024
November 14, 2023
July 31, 2023
April 27, 2023
February 16, 2023

കടലിനെ പ്ലാസ്റ്റിക് മുക്തമാക്കും; ശുചിത്വസാഗരം പദ്ധതി 21 ഹാർബറുകളിലേക്ക് കൂടി

Janayugom Webdesk
തിരുവനന്തപുരം
May 4, 2022 6:43 pm

കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്തെ 21 ഹാർബറുകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. കൊല്ലം നീണ്ടകര ഹാർബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. ഇതിനുള്ള കർമ്മപദ്ധതി സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ സഹകരണത്തോടെ ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കും.

മത്സ്യബന്ധനം, തദ്ദേശസ്വയംഭരണം, യുവജനകാര്യം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ, സംഘങ്ങൾ, സന്നദ്ധ സേവകർ എന്നിവരുടെ സഹകരണത്തോടെയും ഈ മാസം ഹാർബറുകളിൽ പദ്ധതി നടപ്പാക്കും. സിനിമ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ശുചിത്വസാഗരം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകൾ വേണ്ടി വരും. ഒരു യൂണിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ് തദ്ദേശസ്വയംഭരണ വകുപ്പുകൾ, ശുചിത്വ മിഷൻ, നെറ്റ് ഫിഷ് എംപിഇഡിഎ, സാഫ്, തീരദേശ പൊലീസ്, ബോട്ട് ഓണേഴ്സ് അസോസിയേഷൻ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവർ ചേർന്നാണ് പദ്ധതി നീണ്ടകരയിൽ നടപ്പാക്കിയത്.

മത്സ്യബന്ധന വേളയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ സംഭരിച്ച് കരയിലെത്തിക്കുന്നു. തുടർന്ന് നീണ്ടകരയിലെ ഹാർബറിലുള്ള ഷ്രെഡ്ഡിംഗ് യൂണിറ്റിൽ എത്തിച്ച് സംസ്കരിച്ച ശേഷം ഇതു റോഡ് നിർമ്മാണത്തിന് ഉപയോഗിക്കും.

ദിവസം രണ്ട് ഷിഫ്റ്റ് എന്ന രീതിയിലാണ് ഷ്രെഡ്ഡിംഗ് യൂണിറ്റിൽ പ്ലാസ്റ്റിക്ക് സംസ്കരണം നടക്കുന്നത്. ഒരു ഷിഫ്റ്റിൽ 200 കിലോഗ്രാം മാലിന്യം സംസ്കരിക്കുന്നു. മാലിന്യസംസ്കരണ യൂണിറ്റിൽ 21 പേർക്ക് ജോലി നൽകാനും പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. മറ്റ് ഹാർബറുകളിൽ കൂടി ശുചിത്വ സാഗരം നടപ്പിലാകുന്നതോടെ കടലിൽ നിന്നും വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്കരിച്ച് പുനരുപയോഗിക്കാനും കഴിയും.

ഇതിലൂടെ ഹാർബറുകളും തീരദേശവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയായ പദ്ധതി എന്ന രീതിയിൽ ലോകസാമ്പത്തിക ഫോറത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്ത പദ്ധതിയാണിത്.

Eng­lish summary;Will make the sea plastic-free

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.