ഇന്ത്യാ-പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും: ഡൊണാള്‍ഡ് ട്രംപ്

Web Desk
Posted on September 17, 2019, 3:23 pm

വാഷിങ്ടണ്‍: ഇന്ത്യാ-പാക് പ്രധാനമന്ത്രിമാരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈമാസം 22ന് ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡിമോഡി എന്ന പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയും ട്രംപ് മോഡിക്കൊപ്പം അഭിസംബോധന ചെയ്യും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി എപ്പോഴാണ് കൂടിക്കാഴ്ചയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്നഐക്യരാഷ്ട്രസഭ പൊതുസഭാ സമ്മേളനത്തിനിടെ ആയിരിക്കും ട്രംപ്-ഇമ്രാന്‍ കൂടിക്കാഴ്ച എന്നാണ് സൂചന.

അന്‍പതിനായിരത്തിലേറെ ഇന്ത്യാക്കാര്‍ പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുത്ത ശേഷം ട്രംപ് ഒഹിയോയിലേക്ക് പോകും. പിന്നീടാകും പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും കശ്മീരിനെക്കുറിച്ച് പരാമര്‍ശിക്കാതെ ട്രംപ് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും പാകിസ്ഥാന്‍ വിച്ഛേദിച്ചിരുന്നു. വിഷയത്തെ രാജ്യാന്തരവല്‍ക്കരിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. എന്നാല്‍ ഇത് തികച്ചും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഹൗഡി മോഡി പോലൊരു പരിപാടിയില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ട്രംപിന്റെ ഈ നീക്കം. ്അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയായി ഇന്തോ-അമേരിക്കന്‍ സമൂഹം മാറിയിട്ടുണ്ട്.

ഹൗഡി മോഡിയിലെ ട്രംപിന്റെ പങ്കാളിത്തം അസാധാരണവും ചരിത്രപരവുമാണെന്നാണ് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധന്‍ ശൃംഖ്‌ല വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ ഉണ്ടായിട്ടുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.