26 March 2024, Tuesday

Related news

March 1, 2024
February 8, 2024
February 4, 2024
January 25, 2024
January 24, 2024
January 1, 2024
December 27, 2023
December 14, 2023
November 24, 2023
October 18, 2023

പണച്ചാക്കുകൾ യൂറോപ്യൻ ഫുട്ബോളിനെ വിലയ്ക്കെടുക്കുമോ?

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
September 5, 2021 9:35 pm

യൂറോപ്പിൽ ഫുട്ബോൾ താരങ്ങളുടെ ലേലം അവസാനിച്ചു. ഏറ്റവും കൂടുതൽ പണം ചെലവിട്ടത് ഖത്തർ മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള പിഎസ്ജി തന്നെയാണ്. മെസിയെ കിട്ടിയതോടെ അവർക്ക് തൃപ്തിയായി. കാരണം, താരമൂല്യം അവരുടെ പണംവാരാനുള്ള വഴികൂടിയാണ്. പണം മുൻകൂട്ടി വലിച്ചെറിഞ്ഞ്, കോടികള്‍ വാരിക്കൂട്ടുകയെന്ന ബിസിനസ് തന്ത്രം നന്നായി പയറ്റിത്തെളിഞ്ഞവരാണ് ഖത്തർ സംഘം.
മെസി, സെർജിയോ റാമോസ്, ജോർജീനോ വൈനാൽദം, അച്ച്റഫ്ഹക്കിമി, ന്യൂനോ മെൻഡീസ്, ഒപ്പം യൂറോപ്യൻ കപ്പിൽ അത്ഭുതം കാട്ടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ജിയാൻ ല്യൂജി ഡൊന്നരുമ്മ എന്നിവർ ചേർന്നാൽ ആർക്കാണ് ചങ്കിടിക്കാതിരിക്കുക. പ്രൊഫഷണൽ ഫുട്ബോളിൽ ആദ്യം നാവിന്‍തുമ്പത്തെത്തുന്ന പേരാണ് ബാഴ്സലോണ. ലക്ഷക്കണക്കിന് ആരാധകരും അംഗങ്ങളും വലിയ സംവിധാനങ്ങളും സ്വന്തം മൈതാനങ്ങളും എല്ലാമുള്ള വമ്പന്മാരുടെ കൂട്ടായ്മ ബാഴ്സയുടെ പിൻബലമാണ്. മെസിയെന്ന കളിക്കാരന്റെ ഉദയവും വളർച്ചയും ബാഴ്സയുടെ ബാനറിലാണ്. ഇരുപത്തിയൊന്ന് വർഷത്തെ ഫുട്ബോൾ ജീവിതം ബാഴ്സക്കും മെസിക്കും വലിയ നേട്ടങ്ങൾ സമ്മാനിച്ചതാണ്. മെസിയെന്നാൽ ബാഴ്സയും ബാഴ്സയെന്നാൽ മെസിയുമാണ്. ഇത്രമാത്രം ഇഴുകിച്ചേർന്ന ബന്ധം മറ്റാരുമായും കാണാന്‍ എളുപ്പമല്ല.

കോവിഡ് മഹാമാരി വന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ബുകളിൽ ബാഴ്സയാണ് മുന്നിലെന്ന് വാർത്തയുണ്ടായിരുന്നു. മാത്രമല്ല അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പും മാറ്റവും ക്ലബ്ബിന്റെ കെട്ടുറപ്പിനെ ബാധിച്ചു. സാമ്പത്തി­ക കാര്യത്തിൽ ക്ലബ്ബിനെ സഹായിക്കുവാൻ ആദ്യമായി മുന്നോട്ടുവന്നത് മെസിയായിരുന്നു. ഒടുവിൽ ശമ്പളത്തിന്റെ പകുതി കുറയ്ക്കാൻപോലും തയാറായെങ്കിലും ലാലിഗ നിയന്ത്രണങ്ങളിൽ നിന്ന് മാറാൻ ക്ലബ്ബിനായില്ല. മെസി പരമാവധി കാത്തിരുന്നു. അവസാനം കണ്ണീരണിഞ്ഞാണ് പുറത്തുപോയത്.

ഇംഗ്ലീഷ് ക്ലബ്ബുകൾ പണം വാരിയെറിഞ്ഞ് നല്ല താരങ്ങളെ സ്വന്തമാക്കിയപ്പോൾ ബാഴ്സയ്ക്ക് കടംതീർക്കാൻ തങ്ങളുടെ താരങ്ങളെ വിറ്റഴിക്കല്‍ മാത്രമായിരുന്നു രക്ഷ. മെസിയുടെ പിന്നാലെ ഗ്രീസ്മാനെയും കൈവിടേണ്ടിവന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനാണ് ഗ്രീസ്മാന്റ പുതിയ തട്ടകം. ഇംഗ്ലീഷ് ലീഗിൽ ചെൽസിയാണ് കരുത്തരാകുന്നത്. റൊമേലു ലുക്കാക്കുവിനെയാണ് 994 കോടിക്ക് സ്വന്തമാക്കിയത്. അത്‌ലറ്റിക്കോയുടെ സോൾ നിഗേസിനെയും ടീമിലെത്തിച്ചു മാഞ്ചസ്റ്റർ സിറ്റിയുടെ തോളിൽ നിന്നാണ് ക്രിസ്ത്യാനോയെ അവർ തട്ടിയെടുത്തത്. ബിസിനസ് നടത്താൻ കൃത്യമായി വൈദഗ്ധ്യമുള്ള വമ്പന്മാരുടെ വിളയാട്ടത്തിൽ കൂടുതൽ നേട്ടം പിഎസ്ജിക്കു തന്നെയാണ് പ്രത്യക്ഷത്തിൽ തിരിച്ചടി ബാഴ്സക്കും. പണം മുടക്കിയത് അധികവും ഇംഗ്ലീഷ് ക്ലബ്ബുകളാണെങ്കില്‍, കുറച്ചു മുടക്കിയത് സ്പാനിഷ് ക്ലബുകളാണ്.

ലാലിഗയിലും സ്പാനിഷ് ലീഗിലും ഫ്രഞ്ച്, ജർമ്മൻ ലീഗുകളിലും ക്ലബ്ബ് ചാമ്പ്യൻഷിപ്പിലുമെല്ലാം തകർപ്പൻ കളികൾ കാണാമെന്ന് പ്രതീക്ഷയിലാണ് ആരാധകലോകം. പ്രൊഫഷണൽ ഫുട്ബോൾ രംഗത്തെ ആശാസ്യമല്ലാത്ത ചില പ്രവണതകൾ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടുവെങ്കിലും വർത്തമാനകാലത്ത് ഇതിനെയൊക്കെ നിയന്ത്രിക്കാൻ അസോസിയേഷനുകൾ ശക്തമായുണ്ടെന്നത് ആശ്വാസകരമാണ്.

റൊണാൾഡോ ലോകത്തെ മികച്ച ഗോൾ വേട്ടക്കാരൻ

ലോക ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന ബഹുമതി ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നു. തന്റെ ഫുട്ബോൾ ജീവിതത്തിൽ വിവിധ മത്സരങ്ങളിലായി 785 ഗോളുകളാണ് അദ്ദേഹം എതിരാളികളുടെ പോസ്റ്റിൽ നിക്ഷേപിച്ചത്. ഇനിയുംസ്വന്തം കരിയറിൽ വർഷങ്ങൾ ബാക്കി കിടക്കുന്നുണ്ട്. റയൽ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗോൾവേട്ട നടത്തിയത് 450 ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ 134ഗോളും സാർവദേശീയ മത്സരങ്ങളിലെ 111ഉം ക്ലബ്ബ് വേൾഡ് കപ്പിലെ ഏഴും യുവേഫയിലെ 14 ഉം ചേർത്താണ് മൊത്തം ഗോളുകൾ. പെലെയുടെറെക്കോഡിലെ മൊത്തം ഗോളുകളേക്കാൾ ഇരുപത് എണ്ണം കൂടുതൽ ഇപ്പോൾതന്നെ അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരനിരയിൽ ഒന്നാം സ്ഥാനത്താണ്. എതിരാളികളുടെ പോസ്റ്റിൽ എത്ര ഷാർപ്പ് ഷൂട്ടുകളും ബൈസിക്കിൾ കിക്കുകളും ഹെഡ് ഷോട്ടുകളും മിന്നുംവേഗത്തില്‍ കടന്നു. ഇനിയും വർഷങ്ങൾ കളിക്കാനിരിക്കുന്നു. ഓരോവർഷവും സ്വന്തം ഗോൾ അക്കൗണ്ടിൽ നേടിയെടുക്കുന്ന എണ്ണത്തിൽ ഓരോ പുതിയ റെക്കോഡുകൾ തകർത്തുകൊണ്ടാണ് അദ്ദേഹം മുന്നേറിയത്.

Cristiano Ronaldo recovers from virus and back for Juventus - The Hindu

മെസിയും ലോകറെക്കോഡ് തോഴൻ

യൂറോപ്പിൽ മെസിയുടെ റെക്കോഡും എല്ലാവരുടെയും മുകളിലാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾഡൻ ബൂട്ട് മെസിക്കാണ്, ആറ് തവണ, റൊണാൾഡോ നാല്, ലൂയി സുവാരസ് രണ്ട്, യുസേബിയോ രണ്ട്, മുള്ളർ രണ്ട്, ഫോർലാൻ രണ്ട്, ഹെൻറി രണ്ട്. ലോകത്തിലെ മികച്ച പ്ലേ മേക്കർ റെക്കോഡിലും മെസിയാണ് മുന്നിൽ. മെസിയെ നാലു തവണയാണ് മികച്ച പ്ലേ മേക്കറായി തിരഞ്ഞെടുത്തത്. സാവി നാല്, ഇനിയേസ്റ്റ രണ്ട് ടോണിക്രോസ് ഒന്ന്, കാക ഒന്ന്, സിദാൻ ഒന്ന് എന്നതായിരുന്നു നിലവിലുള്ളത്.

Lionel Messi Transfer Rumour: Club President Joan Laporta Convinced Barcelona Skipper Will Stay at Camp Nou After Copa Del Rey Win | Barcelona Win

അര്‍ജന്റീന‑ബ്രസീല്‍ നേര്‍ക്കുനേര്‍

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനകോടികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അപൂർവ മത്സരമാണ് ഇന്ന് നടക്കുന്നത്. എക്കാലത്തെയും ബദ്ധവൈരികളായ അർജന്റീനയും ബ്രസീലുമാണ് ലോകകപ്പിലെ ലാറ്റിനമേരിക്കൻ മേധാവിത്വത്തിന് വേണ്ടി മുഖാമുഖം കണ്ടുമുട്ടുന്നത്. കോപ്പ അമേരിക്കയിൽ നേരിൽ പോരാടിയപ്പോൾ വിജയം അർജന്റീനക്കായിരുന്നു. ഗ്രൂപ്പ് പരമ്പരയിൽ കളിച്ച കളിയെല്ലാം സ്വന്തമാക്കിയാണ് ബ്രസീൽ അർജന്റീനയെ നേരിടാൻ വരുന്നത്. 21 പോയിന്റുമായി അവർ അപരാജിത പോരാട്ടമാണ് ഇതുവരെ നടത്തിയത്. രണ്ടാം സ്ഥാനത്ത് പതിനഞ്ച് പോയിന്റുമായിവരുന്ന അർജന്റീനയാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇതുവരെ നടന്ന കളികളുടെ അടിസ്ഥാനത്തിൽ ഒരു നിഗമനം അസാധ്യമാണ്. കോപ്പയിലെ വിജയം അർജന്റീനയുടെ മനോവീര്യം വർധിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. വെനിസുലയുമായുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് അവർ കാഴ്ചവച്ചത്. മെസി ഒരു പരിചയസമ്പന്നനായ കളിക്കാരന്റെ നിശ്ചയദാർഢ്യവുമായി പുതിയ കളിക്കാർക്ക് പ്രോത്സാഹനം നൽകുവാനും ഒപ്പമുണ്ടായിരുന്നു. പ്രവചനം അസാധ്യമാക്കുന്ന ഈ കളിയിലെ ജയപരാജയം ആരുടെയും ഖത്തർ ലോകകപ്പ് യാത്രയെ ബാധിക്കില്ല എന്ന് ഉറപ്പിക്കാം. നന്നായി പൊരുതി വിജയം വരിക്കണമെന്നാണ് മെസിയുടെയും നെയ്മറുടെയും മനസ് മന്ത്രിക്കുന്നത്.

Eng­lish sum­ma­ry; will-moneybags-buy-european-football

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.