നീതി ആയോഗിന്റെ യോഗത്തിന് താന്‍ എത്തില്ലെന്ന് മമത

Web Desk
Posted on June 07, 2019, 7:15 pm

ന്യൂഡല്‍ഹി: നയനിര്‍ണയ കാര്യാലയമായ നീതി ആയോഗിന്റെ ജൂലായ് 15ന് നടക്കുന്ന യോഗത്തിന് താന്‍ എത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി മമത ബാന‌ര്‍ജി. പ്രത്യേകിച്ച്‌ അധികാരമൊന്നുമില്ലാത്ത കാര്യാലയത്തിന്റെ യോഗത്തില്‍ സുപ്രധാന തീരുമാനമൊന്നും ഉണ്ടാകില്ല എന്നാണ് താന്‍ കരുതുന്നതെന്നാണ് മമത മോഡിയെ അറിയിച്ചത്. മൂന്ന് പേജുള്ള കത്തിലൂടെയാണ് മമത ഇക്കാര്യം പറഞ്ഞത്. യോഗം നടക്കുന്നതിന് ആഴ്‌ചകള്‍ക്ക് മുന്‍പ് യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് മമതയ്ക്ക് ലഭിച്ചിരുന്നു.

കത്തില്‍, നീതി ആയോഗിന് മുന്പുണ്ടായിരുന്ന സ്ഥാപനമായ പ്ലാനിംഗ് കമ്മീഷനെ അസാധുവാക്കിയ നടപടിയില്‍ തനിക്കുള്ള അതൃപ്‌തിയും മമത വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്ലാനിംഗ് കമ്മീഷന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും നീതി ആയോഗിന് വിരുദ്ധമായി സാധാരണ ജനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളാണ് പ്ലാനിംഗ് കമ്മീഷന്‍ എപ്പോഴും ചര്‍ച്ച ചെയ്തിരുന്നതിനും മമത കത്തില്‍ പറയുന്നു.

സാമ്ബത്തികമായി പ്രാപ്‌തിയുള്ള സ്ഥാപനമായിരുന്നു പ്ലാനിംഗ് കമ്മീഷന്‍ എന്നും മമത ചൂണ്ടിക്കാണിക്കുന്നു. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമാണ് പ്ലാനിംഗ് കമ്മീഷനെ മാറ്റി പകരം നീതി ആയോഗ് കൊണ്ടുവന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്ബത്തികാധികാരം വേണമെന്ന് കാണിച്ച്‌ നീതി ആയോഗ് ഉദ്യോഗസ്ഥര്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചതും മമത കത്തില്‍ എടുത്ത് പറഞ്ഞു.